സൈനികാഭ്യാസവുമായി ഇറാൻ
Friday, August 22, 2025 3:42 AM IST
ടെഹ്റാൻ: ജൂണിലെ ഇസ്രേലി ആക്രമണത്തിൽ കരുത്തു ചോർന്നിട്ടില്ലെന്നു തെളിയിക്കാനായി ഒറ്റയ്ക്ക് സൈനികാഭ്യാസവുമായി ഇറാൻ.
തെക്കൻ മേഖലയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ആരംഭിച്ച അഭ്യാസത്തിൽ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു മാസം മുന്പ് വടക്കൻ മേഖലയിലെ കാസ്പിയൻ കടലിൽ റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.
ജൂണിൽ 12 ദിവസം നീണ്ട ഇസ്രേലി വ്യോമാക്രമണത്തിൽ വലിയ തോതിലുള്ള നാശമാണ് ഇറാനിലുണ്ടായത്. സൈനിക തലവന്മാർ കൊല്ലപ്പെടുകയും ആണവകേന്ദ്രങ്ങൾക്കു പുറമേ റഡാർ, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ നശിക്കുകയുമുണ്ടായി.