യുക്രെയ്നിൽ ഡ്രോണും മിസൈലും വർഷിച്ച് റഷ്യ
Friday, August 22, 2025 3:42 AM IST
കീവ്: സമാധാനശ്രമങ്ങൾക്കിടെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. ബുധനാഴ്ച രാത്രി റഷ്യൻ സേന 614 ഡ്രോണുകളും 40 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെ യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
പടിഞ്ഞാറൻ നഗരമായ ലുവീവിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാൻസ്കാർപാത്യ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്കു പരിക്കേറ്റു. ഒട്ടേറെ സിവിലിയൻ കെട്ടിടങ്ങളടക്കം നശിച്ചു. പടിഞ്ഞാറൻ യുക്രെയ്നിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രോണിക്സ് ഉത്പാദനകേന്ദ്രവും ആക്രമിക്കപ്പെട്ടു.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
അതേസമയം, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഉച്ചകോടി നടത്തുന്നതിനോടു താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ അല്ലെങ്കിൽ തുർക്കിയിലെ ഇസ്താംബൂൾ നഗരം എന്നിവിടങ്ങളിൽ ഉച്ചകോടി നടത്താമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.