ഗാസ ജനതയെ ദക്ഷിണ സുഡാനിലേക്കു മാറ്റിപ്പാർപ്പിക്കാൻ ആലോചന
Saturday, August 16, 2025 11:10 PM IST
നയ്റോബി: ഗാസയിലെ പലസ്തീനികളെ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലേക്കു മാറ്റിപ്പാർപ്പിക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഇസ്രയേലും ദക്ഷിണ സുഡാനും ഇക്കാര്യത്തിൽ ആലോചനകൾ നടത്തുന്നതായി പേരു വെളിപ്പെടുത്താത്ത ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ദക്ഷിണ സുഡാൻ വിദേശകാര്യമന്ത്രി മൺഡേ സെമായ കുംബ കഴിഞ്ഞമാസം ഇസ്രയേൽ സന്ദർശിക്കവേയാണു ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഇതുവരെ കരാർ ഉണ്ടാക്കിയിട്ടില്ല.
വർഷങ്ങളായി രാഷ്ട്രീയ, വംശീയ സംഘർഷങ്ങൾ അരങ്ങേറുന്ന രാജ്യമാണ് ദക്ഷിണ സുഡാൻ. പലസ്തീനികളെ അവരുടെ ഭൂമിയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാൻ പറഞ്ഞു.