ചർച്ചയിൽ യുക്രെയ്നും വേണം: യൂറോപ്പ്
Monday, August 11, 2025 1:45 AM IST
കീവ്: യുക്രെയ്ൻ സമാധാനചർച്ചയിൽ റഷ്യയും അമേരിക്കയും മാത്രം ഉൾപ്പെട്ടതിൽ എതിർപ്പുമായി യൂറോപ്യൻ ശക്തികൾ. ചർച്ചകളിൽ യുക്രെയ്നെയും ഉൾപ്പെടുത്തണമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, പോളണ്ട്, ഫിൻലൻഡ് എന്നീ രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപും വെള്ളിയാഴ്ച അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. സമാധാന ചർച്ചയിൽ പങ്കാളിത്തം വേണമെന്ന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തിരിക്കുന്നത്.
അതേസമയം, പുടിനും സെലൻസ്കിയും ഉൾപ്പെടുന്ന ത്രികക്ഷി ചർച്ചയ്ക്കു ട്രംപ് തയാറാണെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. എന്നാൽ റഷ്യയുടെ അഭ്യർഥന മാനിച്ച് ഇപ്പോൾ ട്രംപ്-പുടിൻ ഉച്ചകോടിയേ നടക്കൂ എന്നും അറിയിപ്പിൽ പറയുന്നു.
യുക്രെയ്നെ ഒഴിവാക്കി ഉണ്ടാക്കുന്ന ധാരണകൾക്കു ജീവനുണ്ടാകില്ലെന്നാണ് സെലൻസ്കി ചൂണ്ടിക്കാട്ടിയത്. വെടിനിർത്തലിന്റെ ഭാഗമായി, റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്ന ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്നും സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശത്തോട് യൂറോപ്യൻ രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു. അതേസമയം, വിഷയത്തിൽ യൂറോപ്യൻ ശക്തികളെക്കൊണ്ട് അനുകൂല നിലപാട് എടുപ്പിക്കാനായി അമേരിക്ക സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ട്.
അന്താരാഷ്ട്ര അതിർത്തികൾ ബലപ്രയോഗത്തിലൂടെ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ശനിയാഴ്ച രാത്രി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. സ്വന്തം ഭാവി തെരഞ്ഞെടുക്കാനുള്ള അവകാശം യുക്രെയ്നുണ്ട്. യൂറോപ്പിന്റെ സുരക്ഷകൂടി കണക്കിലെടുത്തുള്ള നയതന്ത്രപരിഹാരമാണ് വേണ്ടെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ട്രംപ്-പുടിൻ ഉച്ചകോടിയിൽ യൂറോപ്യൻ ശക്തികൾക്കു പങ്കാളിത്തമില്ലാത്തതും യൂറോപ്യൻ നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. യുക്രെയ്ൻ പ്രശ്നപരിഹാരത്തിൽ യൂറോപ്പിനും പങ്കാളിത്തം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു.