വാക്സിൻ ഫണ്ടുകൾ വെട്ടി കെന്നഡി ജൂണിയർ
Wednesday, August 6, 2025 11:50 PM IST
വാഷിംഗ്ടൺ ഡിസി: മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) സാങ്കേതിവിദ്യ അടിസ്ഥാനമാക്കി വാക്സിനുകൾ വികസിപ്പിക്കുന്ന പദ്ധതികൾക്കുള്ള 50 കോടി ഡോളറിന്റെ ധസഹായം റദ്ദാക്കാൻ ആലോചിക്കുന്നതായി അമേരിക്കയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. കടുത്ത വാക്സിൻ വിരുദ്ധനായ ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂണിയറിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
ഫൈസർ, മോഡേണ തുടങ്ങിയ മരുന്നുകന്പനികളുടെ 22 പ്രോജക്ടുകളാണ് ഇതോടെ നിർത്തിവയ്ക്കേണ്ടിവരുക. എംആർഎൻഎ സാങ്കേതികവിദ്യയിൽ ഈ രണ്ടു കന്പനികൾ നിർമിച്ച വാക്സിനുകൾ കോവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.
പക്ഷിപ്പനി അടക്കമുള്ള രോഗങ്ങൾക്ക് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കന്പനികൾ. എന്നാൽ, എംആർഎൻഎ വാക്സിനുകൾ ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിവയ്ക്കുക എന്നാണു കെന്നഡി ജൂണിയർ പറയുന്നത്. രോഗികളെ പ്രതികൂലമായി ബാധിക്കുന്നതിനു പുറമേ ജനിതക വ്യതിയാനത്തിലൂടെ പുതിയ വൈറസുകൾ ഉണ്ടാകാനും ഇത്തരം വാക്സിനുകൾ ഇടയാക്കുമത്രേ.
അതേസമയം, കെന്നഡി ജൂണിയറിന്റെ അവകാശവാദങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധർ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഭാവിയിലെ പകർച്ചവ്യാധികളെ നേരിടാനുള്ള സുപ്രധാന സാങ്കേതികവിദ്യയോട് അമേരിക്ക പുറംതിരിഞ്ഞു നിൽക്കരുതെന്നും ആവശ്യം ശക്തമാണ്.