കീവിലെ റഷ്യന്‍ വ്യോമാക്രമണത്തിൽ മരണം 31
Saturday, August 2, 2025 3:01 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന വ്യാഴാഴ്ച പുലർച്ചെ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മരണം 31 ആയി ഉയർന്നു. രണ്ടു വയസുകാരനടക്കം അഞ്ചു കുട്ടികളും ഇതിൽ ഉൾപ്പെടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. 16 കുട്ടികളടക്കം 159 പേർക്കാണു പരിക്കേറ്റത്.
യുദ്ധം തുടങ്ങിയശേഷം കീവ് നേരിടുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. നഗരത്തിൽ ഇന്നലെ ദുഃഖാചരണം നടത്തി. റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്താൻ പാശ്ചാത്യർ തയാറാകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഓഗസ്റ്റ് എട്ടിനകം ഉണ്ടായില്ലെങ്കിൽ റഷ്യയും അവരുടെ എണ്ണ വാങ്ങുന്നവരും കടുത്ത സാന്പത്തിക നടപടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരിക്കേയാണ് ഈ ആക്രമണം.
ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ട ആക്രമണത്തിൽ മുന്നൂറിലധികം ഡ്രോണുകളും എട്ട് മിസൈലുകളുമാണ് റഷ്യ തൊടുത്തത്.