പലസ്തീൻ അഥോറിറ്റിക്കും വിമോചന മുന്നണിക്കും യുഎസ് ഉപരോധം
Saturday, August 2, 2025 3:01 AM IST
വാഷിംഗ്ടൺ ഡിസി: വെസ്റ്റ്ബാങ്കിൽ പരിമിതമായ അധികാരങ്ങളുള്ള പലസ്തീൻ അഥോറിറ്റിക്കും (പിഎ) പലസ്തീൻ പ്രതിനിധീകരിക്കുന്ന പലസ്തീൻ വിമോചനമുന്നണിക്കും(പിഎൽഒ) ഉപരോധം ചുമത്താൻ തീരുമാനിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇതിന്റെ ഭാഗമായി പലസ്തീൻ അഥോറിറ്റി അധികൃതർക്കും വിമോചനമുന്നണി അംഗങ്ങൾക്കും അമേരിക്ക വീസ നിഷേധിക്കും.
പലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിനുള്ള നീക്കങ്ങൾ ശക്തമായിരിക്കേയാണ് അമേരിക്കയുടെ ഈ നടപടി. അതേസമയം, പലസ്തീൻ അഥോറിറ്റിയും വിമോചന മുന്നണിയും ഇസ്രയേലുമായുള്ള സംഘർഷങ്ങളെ രാജ്യാന്തരവത്കരിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തി.
ഗാസാ വിഷയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഉന്നയിച്ച സംഭവങ്ങൾ ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. അഥോറിറ്റിയും വിമോചന മുന്നണിയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതു തുടരുകയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു.
രാഷ്ട്ര രൂപവത്കരണം ലക്ഷ്യമിട്ടുള്ള നയതന്ത്രനീക്കങ്ങൾ വിജയം കാണുന്നതിൽ അമേരിക്ക പ്രതികാരം ചെയ്യുകയാണെന്നാണു പലസ്തീൻ അഥോറിറ്റിയും പലസ്തീൻ നേതാക്കളും ഇതിനോടു പ്രതികരിച്ചത്.
ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ പാശ്ചാത്യ ശക്തികൾ കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കേണ്ടിവരുമെന്ന് ഇസ്രയേലിനു മുന്നറിയിപ്പു നല്കിയിരുന്നു. ഇസ്രേലി ആക്രമണത്തിൽ ഗാസാ ജനത നേരിടുന്ന ദുരിതങ്ങളാണു പാശ്ചാത്യശക്തികളുടെ തീരുമാനത്തിനു പിന്നിൽ.
അതേസമയം, ഇസ്രയേലിന്റെ ഉറ്റമിത്രമായ അമേരിക്ക ഈ നീക്കളെ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമത്തിലാണ്. പലസ്തീൻ രാഷ്ട്ര രൂപവത്കരണം ലക്ഷ്യമിട്ട് അടുത്തിടെ ഫ്രാൻസും സൗദിയും ചേർന്നു നടത്തിയ യുഎൻ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾക്ക് അമേരിക്ക സ്വകാര്യമായി മുന്നറിയിപ്പു നല്കിയെന്നു റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, പലസ്തീൻ സംഘടനകൾക്കെതിരേ ഉപരോധം ചുമത്താനുള്ള അമേരിക്കൻ നീക്കത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുകയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കു നന്ദി പറയുകയുമുണ്ടായി.