തുർക്കിയിൽ ഇറാൻ-യൂറോപ്യൻ യൂണിയൻ ആണവ ചർച്ച
Saturday, July 26, 2025 1:13 AM IST
ഇസ്താംബൂൾ: ഇറാനും യൂറോപ്യൻ ശക്തികളും ഇന്നലെ ആണവചർച്ച നടത്തി. തുർക്കിയിലെ ഇസ്താംബൂളിൽ ഇറേനിയൻ എംബസിയായിരുന്നു വേദി. ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, യൂറോപ്യൻ യൂണിയൻ പ്രതിനിധികളാണ് ഇറാനുമായി ചർച്ച നടത്തിയത്.
ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയശേഷമുള്ള ആദ്യചർച്ചയായിരുന്നു ഇത്. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിനു സാധുത നല്കിയ യുഎൻ പ്രമേയം പുതുക്കാൻ ഇറാൻ തയാറാകണമെന്നു യൂറോപ്യൻ ശക്തികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇതു സമ്മതിക്കാൻ ഇറാൻ തയാറായില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.
യുഎൻ പ്രമേയം ഒക്ടോബർ 18നുള്ളിൽ പുതുക്കിയില്ലെങ്കിൽ 2015ലെ ആണവകരാർ അസാധുവാകുകയും ഇറാനെതിരായ ഉപരോധങ്ങൾ പാശ്ചാത്യ ശക്തികൾക്കു പുതുക്കേണ്ടിവരികയും ചെയ്യും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നിവരാണ് ഇറാനുമായി കരാറുണ്ടാക്കിയത്. ഇതിൽ അമേരിക്ക 2018ൽ ഏകപക്ഷീയമായി പിന്മാറിയിരുന്നു.
അമേരിക്കയുമായി ആണവ ചർച്ച പുനരാരംഭിക്കുക, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കുക, ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയത്തെക്കുറിച്ച് വിവരം നല്കുക എന്നീ കാര്യങ്ങൾക്കും ഇറാൻ തയാറാകണമെന്നാണ് യൂറോപ്യൻ ശക്തികളുടെ ആവശ്യം.