നോത്ര്ദാം പള്ളിയുടെ ഡിജിറ്റൽ പകർപ്പുണ്ടാക്കും
Tuesday, July 22, 2025 2:22 AM IST
ലോസ് ആഞ്ചലസ്: പാരീസിലെ നോത്ര് ദാം കത്തീഡ്രലിന്റെ ഡിജിറ്റൽ പകർപ്പ് തയാറാക്കാൻ നീക്കം. അമേരിക്കയിലെ മൈക്രോസോഫ്റ്റ് കന്പനി ഫ്രഞ്ച് സർക്കാരിന്റെ സഹകരണത്തോടെയാണ് ഇതിനു ശ്രമം നടത്തുന്നത്.
862 വർഷം പഴക്കമുള്ള പള്ളിയുടെ ഓരോ ഇഞ്ചും ഡിജിറ്റൽ മാർഗങ്ങളിൽ റിക്കാർഡ് ചെയ്യുന്നതു ഭാവിതലമുറയ്ക്കടക്കം വലിയ പ്രയോജനം ചെയ്യുമെന്നു മൈക്സോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ചൂണ്ടിക്കാട്ടി.
വാസ്തുവിദ്യ അടക്കം പള്ളിയെ സംബന്ധിച്ച ഏറ്റവും വലിയ ആധികാരിക രേഖയായിരിക്കും ഡിജിറ്റൽ പകർപ്പ്. പള്ളി നേരിട്ടു സന്ദർശിക്കാൻ കഴിയാത്തവർക്കു ഡിജിറ്റൽ പകർപ്പിന്റെ വിർച്വൽ അനുഭവം സാധ്യമാക്കാം.
അഞ്ചു വർഷം മുന്‍പത്തെ അഗ്നിബാധയിൽ വലിയ നാശനഷ്ടമുണ്ടായ നോത്ര് ദാം പള്ളി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ വർഷം ഡിസംബറിലാണു വീണ്ടും തുറന്നത്. പാരീസിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലവും ഇപ്പോൾ ഈ പള്ളിയാണ്.
മൈക്രോസോഫ്റ്റ് കന്പനി കഴിഞ്ഞവർഷം വത്തിക്കാനിലെ സെറ്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഡിജിറ്റൽ പകർപ്പ് തയാറാക്കിയിരുന്നു. ഇത്തരം നിർമിതികളുടെ അറ്റകുറ്റപ്പണിക്കും ഡിജിറ്റൽ പകർപ്പ് സഹായകമാണെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.