ഗാസ ഭക്ഷണവിതരണ കേന്ദ്രത്തിൽ 20 പേർ മരിച്ചു
Thursday, July 17, 2025 12:52 AM IST
കയ്റോ: ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ തയാറാക്കിയ ഭക്ഷണ വിതരണകേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അക്രമ സംഭവങ്ങളിലും 20 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്.
ഹമാസുമായി ബന്ധമുള്ള ആയുധധാരികൾ മനഃപൂർവം കുഴപ്പമുണ്ടാക്കിയതാണ് ഇന്നലെ ദുരന്തത്തിനു വഴിവച്ചതെന്ന് ജിഎച്ച്എഫ് ആരോപിച്ചു.
19 പേർ ചവിട്ടേറ്റും ഒരാൾ കുത്തേറ്റുമാണു മരിച്ചതെന്നു ജിഎച്ച്എഫിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, 21 പേരാണു മരിച്ചതെന്നും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പലസ്തീൻ ആരോഗ്യവൃത്തങ്ങൾ പറഞ്ഞു.
യുഎസ് -ഇസ്രേലി സംഘടനയായ ജിഎച്ച്എഫ് ഗാസയിൽ തുറന്ന ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ദിവസവും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 674 പേർ ജിഎച്ച്എഫ് കേന്ദ്രങ്ങളിൽ മരിച്ചുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം പേരെയും ഇസ്രേലി സേന വെടിവച്ചുകൊന്നതാണ്.
അധാർമിക രീതികൾ പുലർത്തുന്ന ജിഎച്ച്എഫുമായി സഹകരിക്കില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.