ദ്രൂസിനു പിന്തുണയുമായി ഇസ്രയേൽ; വെടിനിർത്തൽ പ്രഖ്യാപിച്ച് സിറിയ
Wednesday, July 16, 2025 1:00 AM IST
ഡമാസ്കസ്: സുന്നി ഗോത്രവും ദ്രൂസ് ന്യൂനപക്ഷവും ഏറ്റുമുട്ടിയ സുവെയ്ദ നഗരത്തിൽ സൈന്യം പ്രവേശിച്ചതിനു പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിച്ച് സിറിയൻ സർക്കാർ.
ഇസ്രയേൽ സൈന്യം പ്രദേശത്ത് ആക്രമണം നടത്തിയതിനു പിന്നാലെയാണ് സിറിയ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ദ്രൂസ് വിഭാഗത്തിൽപ്പെട്ട വ്യാപാരിയെ ഡമാസ്കസിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയതാണു സംഘർഷത്തിനു കാരണമായത്.
ഇതിനു പിന്നാലെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സിറിയൻ സർക്കാർ തിങ്കളാഴ്ച സേനയെ അയച്ചു. സുരക്ഷാസേന ദ്രൂസ് വിഭാഗവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതോടെയാണ് ഇസ്രയേൽ സംഘർഷത്തിൽ ഇടപെട്ടത്.
സിറിയൻ സൈനികടാങ്കിനു നേർക്ക് ഇസ്രയേൽ ആക്രമണം നടത്തി. ദ്രൂസ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ വിശ്വസ്ത ന്യൂനപക്ഷമായാണ് ദ്രൂസിനെ കാണുന്നത്. സുവെയ്ദയുടെ കൂടുതൽ ഉള്ളിലേക്ക് സിറിയൻ സൈന്യം നീങ്ങിയതിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം.
സിറിയൻ ഭരണകൂടത്തിനുള്ള വ്യക്തമായ മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ദ്രൂസുകളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
നിരവധി ദ്രൂസ് വംശജർ ഗോലാൻ കുന്നുകൾ ഉൾപ്പെടെ ലെബനനിലും ഇസ്രയേലിലുമായുണ്ട്.