പുടിനുമായുള്ള കൂടിക്കാഴ്ച: മോദിയെ സെലൻസ്കി വിളിച്ചു
Sunday, August 31, 2025 1:37 AM IST
ബെയ്ജിംഗ്: ചൈനയിലെ ടിയാൻജിനിൽ എസ്സിഒ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇന്നു ചർച്ച നടത്തുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഫോണിൽ വിളിച്ചു സംസാരിച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സെലൻസ്കിയുടെ കോൾ മോദിക്കെത്തിയത്. യുക്രെയ്ൻ- റഷ്യ സംഘർഷത്തിലെ നിലവിലെ അവസ്ഥ മോദി ചോദിച്ചറിഞ്ഞു. ഫോണിൽ വിളിച്ചതിനു സെലൻസ്കിയോടു നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ പിന്തുണ ആവർത്തിച്ചു.
പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ച വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും യഥാർഥ സമാധാനം എങ്ങനെ കൈവരിക്കാമെന്ന നിർദേശങ്ങൾ പങ്കുവച്ചതായും സെലൻസ്കി പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാഷിംഗ്ടണിൽ നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ മോദിയെ ധരിപ്പിച്ചതായും സെലൻസ്കി അറിയിച്ചു.