ഇന്തോനേഷ്യയിൽ പ്രക്ഷോഭം പടരുന്നു
Sunday, August 31, 2025 1:37 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. സൗത്ത് സുലവേസി പ്രവിശ്യയിലെ മക്കാസർ നഗരസമിതി ഓഫീസിനു പ്രക്ഷോഭകർ തീയിട്ടതിനെത്തുടർന്ന് മൂന്നു പേർ വെന്തു മരിക്കുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഒട്ടേറെ സർക്കാർ ആസ്ഥാനങ്ങളും വാഹനങ്ങളും പ്രക്ഷോഭകർ തീയിട്ടു നശിപ്പിച്ചു.
ശന്പളവർധനയും നികുതിയിളവും ആവശ്യപ്പെട്ട് തലസ്ഥാനമായ ജക്കാർത്തയിൽ ദിവസങ്ങളായി സമരം നടന്നുവരികയായിരുന്നു. ജനപ്രതിനിധികളുടെ വേതനം വൻ തോതിൽ വർധിപ്പിച്ചതാണ് സമരം തുടങ്ങാൻ കാരണം. വെള്ളിയാഴ്ച പോലീസ് വാഹനമിടിച്ച് മോട്ടോർസൈക്കിൾ ടാക്സി ഡ്രൈവർ മരിച്ചതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടരുകയായിരുന്നു.
പ്രക്ഷോഭകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭകർ പോലീസിനു നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞു. വെസ്റ്റ് നുസാ ടെങ്കാര പ്രവിശ്യാ കൗൺസിൽ ഓഫീസ് കൊള്ളയടിച്ചശേഷം തീവച്ചു നശിപ്പിച്ചു. ബാങ്കുകളുടെ ഓഫീസുകൾക്കും തീയിട്ടതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രസിഡന്റായി അധികാരമേറ്റ പ്രബോവോ സുബിയാന്തോയുടെ സർക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പ്രക്ഷോഭം.