പാക്കിസ്ഥാനിൽ ക്രൈസ്തവരായ തടവുകാർ നേരിടുന്നത് കൊടിയ പീഡനം
Tuesday, August 26, 2025 2:32 AM IST
പെഷവാര്‍: പാക്കിസ്ഥാനിലെ ജയിലുകളിൽ ക്രിസ്ത്യൻ, ഹൈന്ദവ വിഭാഗങ്ങളിൽപ്പെട്ട തടവുകാർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കടുത്ത പീഡനത്തിനും മനുഷ്യത്വരഹിതമായ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോർട്ട്.
പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതിക്കു കീഴിലുള്ള ദേശീയ നീതി, സമാധാന കമ്മീഷൻ മൂന്നുവർഷത്തെ പഠനത്തിനൊടുവിൽ തയാറാക്കിയ ‘ഹോപ് ബിഹൈൻഡ് ബാർസ്’ (അഴികൾക്കു പിന്നിലെ പ്രത്യാശ) എന്ന റിപ്പോർട്ടിലാണ് ഈ ദുരവസ്ഥ തുറന്നുകാട്ടുന്നത്.
തടവിലാക്കപ്പെട്ട ന്യൂനപക്ഷങ്ങളെ “തൊട്ടുകൂടാത്തവരായി’’കണക്കാക്കുകയും നിന്ദ്യമായ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
പാക്കിസ്ഥാനിൽ ഏകദേശം 66,000 തടവുകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 128 ജയിലുകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ജയിൽ വിഭാഗത്തിന്റെ കണക്കിൽ വിവിധ ജയിലുകളിലായി 1180 അമുസ്ലിം തടവുകാരുണ്ടെന്ന് പറയുമ്പോൾ ലാഹോറിലെ കോട്ട് ലഖ്പത് എന്ന ജയിലിൽ മാത്രം 500ലധികം ക്രിസ്ത്യൻ തടവുകാരുണ്ടായിരുന്നുവെന്ന് ഒരു മുൻ തടവുകാരൻ വെളിപ്പെടുത്തി. ഈ വൈരുദ്ധ്യം ന്യൂനപക്ഷ തടവുകാരുടെ യഥാർഥ എണ്ണം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോയെന്ന സംശയം ബലപ്പെടുത്തുകയാണ്.
ജയിലുകളിലെ തിക്കും തിരക്കും, ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം, ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പൊതുവായ പ്രശ്നങ്ങൾ ന്യൂനപക്ഷ തടവുകാരെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് തയാറാക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചപ്പോൾ അധികാരികളിൽനിന്ന് കടുത്ത നിസഹകരണവും നടപടിക്രമപരമായ തടസങ്ങളും നേരിടേണ്ടിവന്നതായും കമ്മീഷൻ വെളിപ്പെടുത്തി.
ന്യൂനപക്ഷ തടവുകാർക്കെതിരായ ഈ വ്യവസ്ഥാപരമായ വിവേചനം അവസാനിപ്പിക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്യത്തു വ്യാജ മതനിന്ദാ കേസുകളില്‍പ്പെട്ട് നിരവധി ക്രൈസ്തവരാണ് തടവറയില്‍ നീതി കാത്തു കഴിയുന്നത്. സഹതടവുകാരില്നിന്നുള്ള ഭീഷണിയും ഇവര്‍ നേരിടുന്നുണ്ട്.