ഗാസ ജനതയ്ക്കുവേണ്ടി ധനസമാഹരണം നടത്താൻ അമേരിക്കന്‍ മെത്രാന് സമിതി
Sunday, August 24, 2025 3:15 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേൽ-ഹമാസ് യുദ്ധംമൂലം അതീവ ദുരിതത്തിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാൻ പ്രത്യേക ധനസമാഹരണം നടത്താൻ രൂപതകളോട് ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന് സമിതി.
ഗാസയിൽ സന്നദ്ധസേവന സഹായവുമായി പ്രവർത്തിക്കുന്ന കത്തോലിക്കാസംഘടനകൾക്ക് കൈമാറുന്നതിനായി സ്വമേധയാ പ്രത്യേക ഫണ്ട് ശേഖരണം നടത്തുന്നത് പരിഗണിക്കണമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് (യുഎസ്സിബി) പ്രസിഡന്റ് ആർച്ച്ബിഷപ് തിമോത്തി ബ്രോഗ്ലിയോ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാസയിലെ നിലവിലുള്ള പ്രതിസന്ധിയിൽ തനിക്കു വലിയ ആശങ്കയുണ്ടെന്ന് ആർച്ച്ബിഷപ് ബ്രോഗ്ലിയോ മെത്രാന്മാര്ക്ക് എഴുതിയ കത്തിൽ കുറിച്ചു. ഗാസയിലും പരിസരപ്രദേശങ്ങളിലും ആക്രമണത്തിനിരയായ ക്രൈസ്തവരുടെയും മറ്റു നിരപരാധികളുടെയും ഭയാനകമായ കഷ്ടപ്പാടുകളിൽ സഭ ദുഃഖിക്കുകയാണെന്നും പ്രതിസന്ധിയെ അതിജീവിക്കാനും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ദുഷ്കരമായ സാഹചര്യങ്ങളിൽ അന്തസോടെ ജീവിക്കാനും വിശുദ്ധനാട്ടിലെ ജനത പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും നിലവിലെ സാഹചര്യം അമേരിക്കന്‍ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണ്. ലെയോ പതിനാലാമൻ മാർപാപ്പ വെടിനിർത്തലിനും പ്രദേശത്തേക്കു സഹായം നൽകുന്നതിനും ആഹ്വാനം ചെയ്യുന്നത് തുടരുന്നു. ഗാസ ജനത പട്ടിണി കിടക്കുകയാണ്.
കാത്തലിക് റിലീഫ് സർവീസസ്, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ എന്നീ നിരവധി സംഘടനകള്‍ ഗാസയിലും വിശുദ്ധ നാട്ടിലുമായി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.