ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഇന്ത്യക്കാരടക്കം അഞ്ചു പേർ മരിച്ചു
Sunday, August 24, 2025 3:15 AM IST
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങിയ ഇന്ത്യക്കാർ അടക്കമുള്ള വിനോദസഞ്ചാരികളുടെ ബസ് അമേരിക്കയിലെ ന്യൂയോർക്കിൽ അപകടത്തിൽപ്പെട്ട് അഞ്ചു പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണു സൂചന.
54 പേരാണ് ബസിലുണ്ടായിരുന്നത്. മറ്റുള്ളവർ ചൈന, ഫിലിപ്പീൻസ് രാജ്യക്കാരാണ്. അമേരിക്ക -കാനഡ അതിർത്തിയിലെ നയാഗ്ര വെള്ളച്ചാട്ടങ്ങൾ സന്ദർശിച്ചു മടങ്ങവേ ന്യൂയോർക്ക് സംസ്ഥാനത്തെ ബഫലോ നഗരത്തിന് 48 കിലോമീറ്റർ കിഴക്ക് പെംബ്രോക്ക് പട്ടണത്തിലാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. യാത്രക്കാരിൽ പലരും ബസിനു പുറത്തേക്കു തെറിച്ചുപോയി. ശേഷിക്കുവന്നർ ബസിനുള്ളിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ എത്തിയാണ് ഇവരെ പുറത്തെടുത്തത്.
ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അനുമാനം. മെക്കാനിക്കൽ തകരാറുകളടക്കം മറ്റു സാധ്യതകൾ തള്ളിക്കളയുന്നതായി ന്യൂയോർക്ക് സംസ്ഥാന പോലീസ് മേധാവി ആന്ദ്രെ റേ മേജർ അറിയിച്ചു.
ഒന്നു മുതൽ 74 വരെ വയസ് പ്രായമുള്ളവരാണ് ബസിലുണ്ടായിരുന്നത്. അഞ്ചു പേരുടെയും മരണം അപകടസ്ഥലത്തുതന്നെ സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ ജീവനു ഭീഷണിയില്ല.
രക്ഷാപ്രവർത്തനത്തിൽ എട്ട് ഹെലികോപ്റ്ററുകളും ആംബുലൻസുകളും പങ്കെടുത്തു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശം നല്കിയതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.