തദ്ദേശീയ ആക്രമണങ്ങള്‍; ഇന്ത്യന്‍ സമൂഹത്തിനു പിന്തുണ നല്‍കണമെന്ന് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ്
Thursday, August 21, 2025 2:06 AM IST
ഷൈമോന്‍ തോട്ടുങ്കല്‍
ലണ്ടന്‍: മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ക്കു നേരേ തദ്ദേശീയരില്‍നിന്ന് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് ഡെര്‍മോട്ട് ഫാറെലിന്റെ ഇടയലേഖനം.
അയര്‍ലന്‍ഡിലെ വിശ്വാസീസമൂഹത്തിന് ഇന്ത്യക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നും അവര്‍ക്ക് എല്ലാവിധ സഹായ-സഹകരണങ്ങളും നല്‍കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചകളില്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കു നേരേ അടുത്തിടെ നടന്ന ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഭയവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു. വംശീയാധിക്ഷേപം ആ സമൂഹത്തിലെ അംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല, മറിച്ച് ചര്‍മത്തിന്റെ നിറം കാരണം മാത്രം ഒറ്റപ്പെട്ട നിരവധി പേരുടെ ജീവിതാനുഭവത്തിന്റെ ഭാഗമാണ്.
അപമാനം അംഗീകരിക്കാനാകില്ല
നമ്മുടെ അയല്‍ക്കാരുടെയും സഹപൗരന്മാരുടെയും മാനുഷിക അന്തസിനു നേരേയുള്ള ഈ അപമാനം അംഗീകരിക്കാനാവില്ല. ഇത് ഇരകളുടെ ജീവിതത്തെ ദുഃഖഭരിതമാക്കുകയും ഒരു ജനത എന്ന നിലയില്‍ നമ്മളെയെല്ലാം വിലകുറച്ച് കാണിക്കുകയും ചെയ്യുന്നു.
അക്രമാസക്തമായ ആക്രമണങ്ങള്‍ അപൂര്‍വമാണെങ്കിലും അതു വിനാശകരമായ ഫലമുണ്ടാക്കും. ഇന്ത്യന്‍ സമൂഹത്തില്‍നിന്നും മറ്റു ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നുമുള്ള നിരവധി പേര് രാജ്യത്തിന് നല്കുന്ന വലിയ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരം പെരുമാറ്റം കൂടുതല്‍ അപലപനീയമാണ്.
ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ഇന്ത്യന്‍ പ്രഫഷണലുകളുടെ സുപ്രധാന സാന്നിധ്യവും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹമില്ലാതെ പല ആരോഗ്യ സംരക്ഷണ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളില്‍ അവരുടെ കഴിവുകള്‍ പ്രയോഗിക്കുകയും അവരുടെ നികുതികള്‍ വഴി പൊതു സേവനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യക്കാരുടെ പങ്ക് ശ്ലാഘനീയം
അതിരൂപതയിലെ ഇടവകകളിലും സ്കൂളുകളിലും ഇന്ത്യക്കാര്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഡബ്ലിനിലെ സഭയുടെ അജപാലന ജീവിതത്തില്‍ ഇന്ത്യന്‍ പുരോഹിതര്‍ക്കും സന്യസ്തർക്കും സാധാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഏറെ പ്രാധാന്യമാണുള്ളത്. സമൂഹ മാധ്യമങ്ങളില്‍കൂടി ക്രൈസ്തവ സംരക്ഷണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന വംശീയവിദ്വേഷം നീതീകരിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ ഇതു തള്ളിക്കളയണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.
നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. കിംവദന്തികളിലൂടെയും ദ്രോഹത്തിലൂടെയും നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നിലകൊള്ളേണ്ട സമയമാണിത്. വംശീയ വിദ്വേഷം വളര്‍ത്തുന്നവരെ വിളിച്ചുപറയേണ്ട സമയമാണിത്.
ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹവും മറ്റുള്ളവരും ഇപ്പോള്‍ അനുഭവിക്കുന്ന ഭയത്തിന് കാരണമാകുന്ന പ്രവൃത്തികളെ നേരിടാനും പരാജയപ്പെടുത്താനും ഐറിഷ് പോലീസായ ഗാര്‍ഡയെ സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും ഐറിഷ് വിശ്വാസീ സമൂഹങ്ങളില്‍ ഇന്ത്യക്കാരെ പരമാവധി ഉള്‍പ്പെടുത്തണമെന്നും ആര്‍ച്ച്ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.