യുക്രെയ്ൻ സുരക്ഷയ്ക്ക് യുഎസ് സൈനികർ ഉണ്ടാകില്ല
Thursday, August 21, 2025 2:36 AM IST
വാഷിംഗ്ടൺ ഡിസി: യുദ്ധാനന്തര സുരക്ഷയ്ക്കായി അമേരിക്കൻ സേന യുക്രെയ്നിൽ കാലു കുത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളായിരിക്കും യുക്രെയ്നിൽ സേനകളെ വിന്യസിക്കുക. യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണ്. വ്യോമതലത്തിൽ അമേരിക്ക സഹായം നല്കിയേക്കും.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ചർച്ചകളുടെ തുടർച്ചയായിട്ടാണ് ട്രംപ് ഇക്കാര്യം ഒരഭിമുഖത്തിൽ പറഞ്ഞത്. തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ട്രംപ് വൈറ്റ്ഹൗസിൽ ചർച്ച നടത്തിയിരുന്നു. യുദ്ധാനന്തര യുക്രെയ്ന് സുരക്ഷാ ഉറപ്പുകൾ ലഭിക്കുമെന്നാണ് ട്രംപ് ചർച്ചയിൽ വാഗ്ദാനം ചെയ്തത്.
എന്നാൽ, ഇതിൽ അമേരിക്കൻ പങ്ക് നമമാത്രമായിരിക്കും എന്നാണ് ട്രംപ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് ഉദ്ദേശിക്കുന്ന വ്യോമസഹായം ചിലപ്പോൾ മിസൈൽ പ്രതിരോധ സംവിധാനമോ, യുദ്ധവിമാനങ്ങളെ വിന്യസിച്ച് പറക്കൽരഹിത മേഖല സൃഷ്ടിക്കുന്നതോ ആകാം.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സമാധാന ഉടന്പടി ഉണ്ടാക്കാൻ താത്പര്യം ഇല്ലായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വരുന്ന ആഴ്ചകളിൽ പുടിന്റെ നിലപാട് വ്യക്തമാകും.
മുന്പ് താനും സെലൻസ്കിയും വ്ലാദിമിർ പുടിനും ഉൾപ്പെടുന്ന ത്രികക്ഷി ഉച്ചകോടിക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഇപ്പോൾ സെലൻസ്കിയും പുടിനും ആദ്യം ചർച്ച നടത്തട്ടെ എന്ന് നിലപാട് മാറ്റിയിട്ടുണ്ട്. “അവർ രണ്ടുപേരും ആദ്യം കൂടിക്കാഴ്ച നടത്തട്ടെ. ആവശ്യമെങ്കിൽ ഞാനും പോകാം” എന്നാണ് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഇതിനിടെ, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ത്രികക്ഷി ഉച്ചകോടി നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഭയക്കാതെ പുടിനു സന്ദർശിക്കാവുന്ന രാജ്യമാണ് ഹംഗറി. അവിടുത്തെ പ്രധാനമന്ത്രി വിക്തർ ഓർബനുമായി പുടിൻ വലിയ സൗഹൃദത്തിലാണ്. തുർക്കിയിലെ ഇസ്താംബൂൾ നഗരവും ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.
ഇതിനിടെ, സെലൻസ്കിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും എന്നതിൽ റഷ്യൻ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാധ്യമ വാർത്തകൾക്കായി വെറുതേ ഒരു ഉച്ചകോടി തട്ടിക്കൂട്ടാനാവില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്നലെ പറഞ്ഞത്.