കെസിഎൽ രണ്ടാം എഡീഷന് ഇന്ന് തുടക്കം
Thursday, August 21, 2025 2:52 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ചിങ്ങമാസം മലയാളികൾക്ക് ആഘോഷത്തിന്റെ ദിനങ്ങൾ. ഇത്തവണ ആ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകി തലസ്ഥാനത്ത് ഇന്ന് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റായ കേരളാ ക്രിക്കറ്റ് ലീഗിന് തുടക്കമാകും.
അനന്തപത്മനാഭന്റെ മണ്ണിൽ കുട്ടിക്രിക്കറ്റ് കൊട്ടിക്കയറുന്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് കേരളാ ക്രിക്കറ്റ് നല്കുന്ന പൊന്നോണ സമ്മാനമാകും കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ്.
കാര്യവട്ടത്തിന്റെ ഓണസമ്മാനം
ആറ് ടീമുകൾ, 33 മത്സരങ്ങൾ. തകർപ്പൻ പോരാട്ടങ്ങൾക്കൊപ്പം കേരളാ ക്രിക്കറ്റിലേക്കുള്ള പുത്തൻ പ്രതിഭകളുടെ അരങ്ങേറ്റം കൂടിയാകും ഈ മാമാങ്കം. റണ്ണൊഴുകുന്ന പിച്ചിൽ ബാറ്റർമാർ തകർത്താടുന്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച ഓണസമ്മാനം കാര്യവട്ടം പകരും.
സെപ്റ്റംബർ ഏഴു വരെയാണ് കാര്യവട്ടം ഇന്റർനാഷ്ണൽ സ്റ്റേഡിയം കേരളാ ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.
ട്രിവാൻട്രം റോയൽസ്, കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറു ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി മത്സരിക്കുന്നത്.
സഞ്ജുവാണ് താരം!
നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായി വരുന്ന സീസണ് രണ്ടിലെ പ്രധാന ആകർഷണം ദേശീയ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണാണ്. കൊച്ചിക്കുവേണ്ടിയാണ് സഞ്ജു ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സഞ്ജുവിന്റെ സഹോദരൻ സാലി സാംസണാണ് കൊച്ചിയുടെ ക്യാപ്റ്റൻ.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാന്പ്യൻമാരായ സച്ചിൻ ബേബി നയിച്ച കൊല്ലം സെയ്ലേഴ്സ് റണ്ണേഴ്സ് അപ്പായ കോഴിക്കോട് ഗ്ലോബ്സ്റ്റാർസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസ്- കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും.
വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ കലാപരിപാടികൾക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
സ്റ്റാർ സ്പോർട്സ്, ഫാൻകോഡ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയില് മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.
പ്രതീക്ഷകൾ പങ്കുവച്ച് ക്യാപ്റ്റന്മാർ
കപ്പടിക്കണം. ആറാടണം. ആറു ക്യാപ്റ്റൻമാർക്കും ഒരേസ്വരം. കേരളാ ക്രിക്കറ്റ് ലീഗ് സീസണ് രണ്ട് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്ക്കെ പോട്ടത്തിനിറങ്ങുന്ന ആറു ടീമുകളുടെയും ക്യാപ്റ്റർമാരും ചാന്പ്യൻപട്ടത്തിൽ കുറഞ്ഞൊരു ചിന്തയേ ഇല്ല. ബാറ്റിംഗ് പിച്ചിൽ ടീമുകൾക്ക് നിർണായകം തങ്ങളുടെ ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ്.
ബാറ്റ്സ്മാൻമാരിലാണ് ആറു ടീമുകളും പ്രതീക്ഷ വച്ചുപുലർത്തുന്നത്. എല്ലാ ടീമുകളും അവസാന വട്ട ഒരുക്കവും പൂർത്തിയാക്കി പോരാട്ടത്തിന് ശക്തരായിക്കഴിഞ്ഞു. മഴ ഒഴിവായി മാനം തെളിഞ്ഞാൽ ആവശകരമായ മത്സരങ്ങൾക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യംവഹിക്കുമെന്ന് ക്യാപ്റ്റൻമാർ ഒരേപോലെ അഭിപ്രായപ്പെട്ടു.
ആദ്യസീസണിലെ ജേതാക്കളായ കൊല്ലത്തിന് കൂടുതൽ കരുത്തു പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കുമെന്ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്ചവയ്ക്കാൻ കരുത്തുള്ള ടീമാണന്ന് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അഭിപ്രായപ്പെട്ടു.
കളിയുടെ ഗതിയെ തിരിച്ചുവിടാൻ പ്രാപ്തിയുള്ള ടീമാണ് തൃശൂർ ടൈറ്റൻസ് എന്നു പ്രതികരിച്ച ക്യാപ്റ്റൻ സിജോമോൻ ജോസഫ് തങ്ങൾക്ക് ഇക്കുറി മികച്ച ബൗളിംഗ് നിരയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
എല്ലാ അർഥത്തിലും ഒരു സന്തുലിത ടീമായിട്ടാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നതെന്ന് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു. ബാറ്റിംഗിനൊപ്പം മികച്ച ബൗളിംഗ് നിരയും ടീമിന്റെ ശക്തിയാണ്.
കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുന്നതിനാൽ കെസിഎൽ മത്സരങ്ങൾ രാജ്യം മുഴുവൻ ചർച്ചയാകുമെന്ന പ്രതീക്ഷയും കാപ്റ്റൻമാർ പങ്കുവച്ചു.
ആരാധകരെ കാത്ത്
കെസിഎൽ രണ്ടാം സീസണിലേക്കു കടക്കുന്പോൾ കഴിഞ്ഞ തവണ കാര്യവട്ടം സ്റ്റേഡിയത്തിലേക്കെത്തിയ ആരാധകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. സ്റ്റേഡിയത്തിൽ പുതിയ ഫ്ലഡ് ലൈറ്റുകൾ വന്നതോടെ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിലും വലിയ മാറ്റം വരും.
കാര്യവട്ടം സ്റ്റേഡിയത്തിൽ വിരുന്നൊരുക്കി ഇന്നു മുതൽ സെപ്റ്റംബർ ഏഴു വരെയാണ് രണ്ടാം സീസണ് മത്സരങ്ങൾ നടക്കുക. ‘വീരു’ എന്നു പേരിട്ട ബാറ്റേന്തിയ കൊന്പനും ‘ചാരു’ എന്ന മലമുഴക്കി വേഴാന്പലുമാണ് ടൂർണമെന്റിന്റെ ഭാഗ്യചിഹ്നങ്ങൾ.