ഋഷഭ് പന്തിന് സെഞ്ചുറി, ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
അഹമ്മദാബാദ്: ഒരിക്കൽ തള്ളിപ്പറഞ്ഞവരെക്കൊണ്ട് തിരുത്തിപ്പറയിപ്പിക്കുകയാണ് ഋഷഭ് പന്ത് എന്ന ഇരുപത്തിമൂന്നുകാരൻ. പന്തിനെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യൻ ക്രിക്കറ്റിൽ ഒരിടയ്ക്ക് ശക്തമായിരുന്നു. എന്നാൽ, ഓസ്ട്രേലിയൻ പര്യടനത്തിലും ഇപ്പോൾ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലും പന്താട്ടം കണ്ട് കഥയറിയാതെ ഏവരും അദ്ഭുതപ്പെട്ടു.
അതെ, മൊട്ടേര സ്റ്റേഡിയത്തിൽ ഋഷഭ് പന്തിന്റെ പകർന്നാട്ടത്തിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ്. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ചുറിയിലൂടെ പന്ത് ആടിത്തിമിർത്തപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205ന് എതിരേ ഇന്ത്യ രണ്ടാംദിനം അവസാനിപ്പിച്ചത് ഏഴിന് 294 എന്ന നിലയിൽ. മൂന്ന് വിക്കറ്റ് ശേഷിക്കേ 89 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യക്കുണ്ട്. 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 11 റണ്‍സുമായി അക്സർ പട്ടേലുമാണ് ക്രീസിൽ.
സിക്സർ സെഞ്ചുറി
വിരേന്ദർ സെവാഗിനുശേഷം സിക്സറിലൂടെ സെഞ്ചുറി തികയ്ക്കാൻ ചങ്കൂറ്റമുള്ള ഒരു താരമുണ്ടെങ്കിൽ അത് ഋഷഭ് പന്താണെന്ന് വീണ്ടും തെളിഞ്ഞു. ഇന്ത്യയിൽ പന്ത് നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ 118 പന്തിൽനിന്ന് രണ്ട് സിക്സും 13 ഫോറും ഉൾപ്പെടെ നേടിയ 101 റണ്‍സ്. ജോ റൂട്ടിനെ സ്ക്വയർ ലെഗിലൂടെ സിക്സർ പറത്തിയായിരുന്നു പന്ത് സെഞ്ചുറി തികച്ചത്. സെഞ്ചുറിക്കുശേഷം ഒരു റണ്‍കൂടി നേടാനേ പന്തിനു സാധിച്ചുള്ളൂ. നേരിട്ട ആദ്യ 82 പന്തിൽനിന്നാണ് പന്ത് അർധസെഞ്ചുറി തികച്ചത്. പിന്നീട് ഗിയർ മാറിയ പന്ത്, സെഞ്ചുറിയിലേക്കു കുതിച്ചെത്താൻ പിന്നീട് വേണ്ടിവന്നത് വെറും 33 പന്തും.
ചെറുതല്ല ഈ ചങ്കൂറ്റം
ലോക ക്രിക്കറ്റിൽ നിലവിൽ പന്തിനോളം ചങ്കൂറ്റമുള്ള മറ്റൊരു താരമില്ലെന്നാണു ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. അതിനെ സാധൂകരിക്കുന്നതായിരുന്നു 83-ാം ഓവർ എറിയാനായി ന്യൂബോളുമായെത്തിയ ജയിംസ് ആൻഡേഴ്സണിനെ റിവേഴ്സ് സ്കൂപ്പിലൂടെ സ്ലിപ്പിനു മുകളിലൂടെ ഋഷഭ് പന്ത് ബൗണ്ടറി പായിച്ചത്. 18-11-28-2 എന്നതായിരുന്നു ന്യൂബോൾ കൈയിലെടുക്കുന്പോൾ ആൻഡേഴ്സന്റെ ബൗളിംഗ് ഫിഗർ എന്നതാണ് ഏറെ ശ്രദ്ധേയം. ഷോട്ട് ഓഫ് ദ ഡേ എന്നാണു പന്തിന്റെ ആ റിവേഴ്സ് സ്കൂപ്പിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്.
ചേതേശ്വർ പൂജാര (17), വിരാട് കോഹ്ലി (0), അജിങ്ക്യ രഹാനെ (27) എന്നീ വന്പന്മാർ പുറത്തായി 37.5 ഓവറിൽ നാലിന് 80 എന്ന നിലയിൽ ഇന്ത്യ നട്ടംതിരിയുന്പോഴായിരുന്നു പന്ത് എത്തിയത്. 84.1 ഓവറിൽ പന്ത് പുറത്താകുന്പോൾ ഇന്ത്യ 54 റണ്‍സ് ലീഡ് സ്വന്തമാക്കി.
ഏഴാം വിക്കറ്റിൽ വാഷിംഗ്ടണ്‍ സുന്ദറും പന്തും ചേർന്ന് 158 പന്തിൽ 113 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചതാണു മത്സരം ഇന്ത്യൻ വരുതിയിലാക്കിയത്.
സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 205. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശുഭ്മാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സണ് 0, രോഹിത് എൽബിഡബ്ല്യു ബി സ്റ്റോക്സ് 49, പൂജാര എൽബിഡബ്ല്യു ബി ലീച്ച് 17, കോഹ്ലി സി ഫോക്സ് ബി സ്റ്റോക്സ് 0, രഹാനെ സി സ്റ്റോക്സ് ബി ആൻഡേഴ്സണ് 27, പന്ത് സി റൂട്ട് ബി ആൻഡേഴ്സണ് 101, അശ്വിൻ സി പോപ്പ് ബി ലീച്ച് 13, വാഷിംഗ്ടണ്‍ നോട്ടൗട്ട് 60, അക്സർ നോട്ടൗട്ട് 11, എക്സ്ട്രാസ് 16, ആകെ 94 ഓവറിൽ 294/7.
വിക്കറ്റ് വീഴ്ച: 1-0, 2-40, 3-41, 4-80, 5-121, 6-146, 7-259.
ബൗളിംഗ്: ആൻഡേഴ്സണ് 20-11-40-3, സ്റ്റോക്സ് 22-6-73-2, ലീച്ച് 23-5-66-2, ബെസ് 15-1-56-0, റൂട്ട് 14-1-46-0.
ടൂഹെൽ മാജിക്
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോമസ് ടൂഹെൽ മാജിക്ക് തുടരുന്നു. എവേ പോരാട്ടത്തിൽ ലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ 1-0നു കീഴടക്കി ടൂഹെലിന്റെ ചെൽസി. ഇതോടെ ടൂഹൽ മാനേജരായി ചുമതലയേറ്റശേഷം തുടർച്ചയായ 10-ാം മത്സരത്തിലും തോൽവിയറിയാതെ ചെൽസി കളംവിച്ചു. ടൂഹെലിനു കീഴിൽ ഏഴ് ജയവും മൂന്ന് സമനിലയുമാണു ചെൽസിയുടെ പ്രകടനം.
ആൻഫീൽഡിൽ 42-ാം മിനിറ്റിൽ മാസണ് മൗണ്ട് നേടിയ ഗോളിലായിരുന്നു ചെൽസി വെന്നിക്കൊടി പാറിച്ചത്. ടൂഹെലിനു കീഴിൽ 10 മത്സരങ്ങളിൽ 11 ഗോൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണു ചെൽസി വഴങ്ങിയത്. എട്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ആയിരുന്നു. 27 മത്സരങ്ങളിൽ 47 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തും എത്തി. ജനുവരി 25ന് ഫ്രാങ്ക് ലാംപാർഡിനെ മാനേജർ സ്ഥാനത്തുനിന്നു പുറത്താക്കുന്പോൾ ചെൽസി ഒന്‍പതാം സ്ഥാനത്തായിരുന്നു എന്നതാണു ശ്രദ്ധേയം. ഫെബ്രുവരിയിലെ മികച്ച പരിശീലകനുള്ള ഇപിഎൽ പുരസ്കാരത്തിന് ടൂഹെലിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
മറ്റു മത്സരങ്ങളിൽ എവർട്ടണ് 1-0ന് വെസ്റ്റ് ബ്രോമിനെയും ടോട്ടനം 1-0ന് ഫുൾഹാമിനെയും കീഴടക്കി. മാഞ്ചസ്റ്റർ സിറ്റി (65), മാഞ്ചസ്റ്റർ യുണൈറ്റഡ് (51), ലെസ്റ്റർ സിറ്റി (50) എന്നിവയാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ ആദ്യ സെമി ഫൈനലിന്റെ ഒന്നാം പാദത്തിൽ മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും 2-2നു തുല്യത പാലിച്ചു. ഗോവ രണ്ട് തവണ ലീഡ് നേടിയെങ്കിലും മുംബൈ ഗോൾ മടക്കി സമനില പിടിക്കുകയായിരുന്നു.
20-ാം മിനിറ്റിൽ ഇഗോർ അങ്കുളൊയുടെ പെനൽറ്റി ഗോളിലൂടെ ഗോവ മുന്നിൽ കടന്നു. 38-ാം മിനിറ്റിൽ ഹ്യൂഗൊ ബൗമസിലൂടെ മുംബൈ ഒപ്പമെത്തി. 59-ാം മിനിറ്റിൽ സേവ്യർ ഗാമയിലൂടെ ഗോവക്കാർ 2-1ന്റെ ലീഡിൽ. ഗോവൻ ആഹ്ലാദത്തിനു മൂന്ന് മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഫാളിലൂടെ (61’) മുംബൈ സമനിലയിലെത്തി.
ഗോവൻ തട്ടകമായ ഫത്തോർഡയിൽ രണ്ട് എവേ ഗോൾ നേടിയതിന്റെ മുൻതൂക്കത്തോടെയാണ് മുംബൈ എട്ടാം തീയതി രണ്ടാം പാദത്തിന് ഇറങ്ങുക.
സാഞ്ചസ് ഡബിളിൽ ഇന്റർ
പാർമ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടം ലക്ഷ്യമാക്കിയുള്ള ഇന്റർ മിലാന്റെ മുന്നേറ്റം തുടരുന്നു. ഏറെനാളായി വിസ്ഫോടനങ്ങളൊന്നും നടത്താതിരുന്ന ചിലി സ്ട്രൈക്കർ അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോൾ ബലത്തിൽ 2-1ന് പാർമയെയാണ് ഇന്റർ കീഴടക്കിയത്.
എവേ പോരാട്ടത്തിലെ ജയത്തിലൂടെ ഇന്റർ 25 മത്സരങ്ങളിൽനിന്ന് 59 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തുടരുന്നു. എസി മിലാൻ (53), യുവന്റസ് (49), അത്ലാന്ത (49) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഫിഞ്ച് കരുത്തിൽ ഓസീസ് ജയം
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയ 50 റണ്‍സ് ജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സര പരന്പര 2-2ൽ എത്തി. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 156/6. ന്യൂസിലൻഡ് 18.5 ഓവറിൽ 106. ആരോണ്‍ ഫിഞ്ചാണു (55 പന്തിൽ 79*) മാൻ ഓഫ് ദ മാച്ച്.
കേരള പ്രീമിയർ ലീഗ് ഇന്നു മുതൽ
കൊച്ചി: ഏഴാമത് രാംകോ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ഇന്നു തുടങ്ങും. ഉച്ചകഴിഞ്ഞ് 3.30ന് മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കോവളം എഫ്സി മലപ്പുറം ആസ്ഥാനമായ കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. രണ്ടാം മത്സരം വൈകിട്ട് ഏഴിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ്.
ഡിഫെൻഡേഴ്സ്, ആൽഫ സെമിയിൽ
ആലപ്പുഴ: ബാസ്ക്മാനിയ ട്രോഫി ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആൽഫ പത്തനംതിട്ടയും ഡിഫെൻഡേഴ്സ് തിരുവനന്തപുരവും സെമിയിൽ. ക്വാർട്ടറിൽ സഹൃദയ തൃശൂരിനെയാണ് ആൽഫ കീഴടക്കിയത്, 46-21. ദ ബാസ്കൊ തേവരയെ 40-16ന് ഡിഫെൻഡേഴ്സ് ക്വാർട്ടറിൽ മറികടന്നു.
പുരുഷ വിഭാഗത്തിൽ കെഎസ്ഇബി തിരുവനന്തപുരം, ആൽഫ പത്തനംതിട്ട, എസ്ബി കോളജ് ചങ്ങനാശേരി, ഇഗ്നൈറ്റ് ആലപ്പുഴ, എബിസി കേരള യംഗ് ഡൈനാമോസ് എന്നിവ ക്വാർട്ടറിൽ പ്രവേശിച്ചു.
അജയ് ജയറാം പുറത്ത്
ബാസൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ അജയ് ജയറാം ക്വാർട്ടറിൽ പുറത്ത്. തായ്ലൻഡിന്റെ കുൻലൗട്ടിനോട് 21-9, 21-6ന് ഏകപക്ഷീയമായാണ് അജയ് പരാജയപ്പെട്ടത്. മൂന്നാം സീഡായ റാസ്മസ് ജെംകിനെ അട്ടിമറിച്ചായിരുന്നു ജയറാം ക്വാർട്ടറിൽ പ്രവേശിച്ചത്.
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിലെ രണ്ടാം ഘട്ടമായ ചാന്പ്യൻഷിപ്പ് സ്റ്റേജിൽ ആദ്യ പോരാട്ടത്തിൽ ഗോകുലം കേരള എഫ്സിക്കു ജയം. 1-0ന് പഞ്ചാബിനെയാണ് ഗോകുലം കീഴടക്കിയത്. ഗ്രൂപ്പ് സ്റ്റേജിൽ ആദ്യ ആറ് സ്ഥാനത്ത് എത്തിയ ടീമുകൾ തമ്മിലാണ് ചാന്പ്യൻഷിപ്പ് സ്റ്റേജ് പോരാട്ടം. ചാന്പ്യൻഷിപ്പ് സ്റ്റേജിലെ മറ്റ് മത്സരങ്ങളിൽ ചർച്ചിൽ 2-1ന് കാഷ്മീരിനെയും ട്രൊ 4-0ന് മുഹമ്മദനിനെയും പരാജയപ്പെടുത്തി.
ഇംഗ്ലണ്ട് 205നു പുറത്ത്; ഇന്ത്യ 24/1
അഹമ്മദാബാദ്: നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ഇന്ത്യൻ സ്പിന്നർമാർ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 205ൽ അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഇന്ത്യ ആദ്യദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രോഹിത് ശർമ (8), ചേതേശ്വർ പൂജാര (15) എന്നിവരാണ് ക്രീസിൽ.
കറങ്ങിത്തിരിഞ്ഞ്
മൂന്നാം ടെസ്റ്റിൽ സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണച്ചതിനു പഴികേട്ട മൊട്ടേര പിച്ചിനു വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പേസർമാർക്കു തുടക്കത്തിൽ മികച്ച സ്വിംഗ് ലഭിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തലിൽ മുന്നിട്ടുനിന്നത് സ്പിന്നർമാരായിരുന്നു. അക്സർ പട്ടേൽ തുടർച്ചയായ മൂന്നാം ടെസ്റ്റിലും വിക്കറ്റ് വേട്ട തുടർന്നു. 68 റണ്‍സ് വഴങ്ങിയ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാരായ ആർ. അശ്വിൻ മൂന്നും വാഷിംഗ്ടണ്‍ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
ബുംറയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബെൻ സ്റ്റോക്സ് (121 പന്തിൽ 55), ഡാൻ ലോറൻസ് (74 പന്തിൽ 46) എന്നിവരായിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിലെ
ടോപ് സ്കോറർമാർ.
ആൻഡേഴ്സണ് 5-5-0-1
ആദ്യദിനത്തിലെ ഏറ്റവും രസകരമായ ബൗളിംഗ് ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സന്റേതായിരുന്നു. അഞ്ച് ഓവർ എറിഞ്ഞ ആൻഡേഴ്സണ് ഒരു റണ്‍ പോലും വഴങ്ങാതെ ഒരു വിക്കറ്റ് വീഴ്ത്തി. ശുഭ്മാൻ ഗില്ലിനെ എൽബിഡബ്ല്യുവിൽ കുടുക്കിയായിരുന്നു ജിമ്മി വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച താരമെന്ന റിക്കാർഡ് അലിസ്റ്റർ കുക്കുമായി ആൻഡേഴ്സൺ പങ്കുവച്ചു. 30 ടെസ്റ്റുകളാണ് ഇരുവരും ഇന്ത്യക്കെതിരെ കളിച്ചത്.
ഇന്ത്യയെ ഏറ്റവും അധികം ടെസ്റ്റിൽ നയിച്ചതിന്റെ റിക്കാർഡ് വിരാട് കോഹ്ലി (60 ടെസ്റ്റ്), എം.എസ്. ധോണിക്ക് ഒപ്പമെത്തിയ മത്സരവുമാണിത്.
സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: ക്രൗളി സി സിറാജ് ബി അക്സർ 9, സിബ്ലി ബി അക്സർ 2, ബെയർസ്റ്റൊ എൽബിഡബ്ല്യു ബി സിറാജ് 28, റൂട്ട് എൽബിഡബ്ല്യു ബി സിറാജ് 5, സ്റ്റോക്സ് എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 55, പോപ്പ് സി ശുഭ്മാൻ ബി അശ്വിൻ 29, ലോറൻസ് സ്റ്റംപ്ഡ് പന്ത് ബി അക്സർ 46, ഫോക്സ് സി രഹാനെ ബി അശ്വിൻ 1, ബെസ് എൽബിഡബ്ല്യു ബി അക്സർ 3, ലീച്ച് എൽബിഡബ്ല്യു ബി അശ്വിൻ 7, ആൻഡേഴ്സണ് നോട്ടൗട്ട് 10, എക്സ്ട്രാസ് 10, ആകെ 75.5 ഓവറിൽ 205.
വിക്കറ്റ് വീഴ്ച: 1-10, 2-15, 3-30, 4-78, 5-121, 6-166, 7-170, 8-188, 9-189, 10-205.
ബൗളിംഗ്: ഇഷാന്ത് 9-2-23-0, സിറാജ് 14-2-45-2, അക്സർ 26-7-68-4, അശ്വിൻ 19.5-4-47-3, വാഷിംഗ്ടണ്‍ 7-1-14-1.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ശുഭ്മാൻ എൽബിഡബ്ല്യു ബി ആൻഡേഴ്സണ് 0, രോഹിത് നോട്ടൗട്ട് 8, പൂജാര നോട്ടൗട്ട് 15, എക്സ്ട്രാസ് 1, ആകെ 12 ഓവറിൽ 24/1.വിക്കറ്റ് വീഴ്ച: 1-0.
ബൗളിംഗ്: ആൻഡേഴ്സണ് 5-5-0-1, സ്റ്റോക്സ് 2-1-4-0, ലീച്ച് 4-0-16-0, ബെസ് 1-0-4-0.
പൊളി പൊള്ളാർഡ്; ഒരു ഓവറിൽ 6 സിക്സ്
ആന്റ്വിഗ: ശ്രീലങ്കൻ സ്പിന്നർ അകില ധനഞ്ജയ സ്വപ്നത്തിൽപോലും ഇതുപോലൊരു ദുര്യോഗം പ്രതീക്ഷിച്ചിരിക്കില്ല, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിലെ തന്റെ ആദ്യ ഹാട്രിക്ക് വിക്കറ്റ് ദിനത്തിൽ ഒരു ഓവറിൽ ആറ് സിക്സ് വഴങ്ങി നാണക്കേടിന്റെ ചരിത്രം കുറിച്ചു ധനഞ്ജയ. ധനഞ്ജയയുടെ ഓവറിലെ ആറ് പന്തും സിക്സർ പറത്തിയത് വെസ്റ്റ് ഇൻഡീസ് കരുത്തൻ കിറോണ്‍ പൊള്ളാർഡ്. അതോടെ രാജ്യാന്തര ട്വന്റി-20യിൽ ഒരു ഓവറിൽ ആറ് സിക്സ് പറത്തുന്ന രണ്ടാമത് ബാറ്റ്സ്മാൻ എന്ന റിക്കാർഡ് പൊള്ളാർഡ് സ്വന്തമാക്കി.
2007 ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിംഗ് ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഓവറിലെ ആറ് പന്തും സിക്സർ പറത്തുന്ന മൂന്നാമത് മാത്രം താരമാണ് പൊള്ളാർഡ്. ദക്ഷിണാഫ്രിക്കയുടെ ഹേർഷൽ ഗിബ്സ് 2007 ഏകദിന ലോകകപ്പിൽ ആറ് പന്തും സിക്സർ പറത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ അല്ലാതെ ഗാരി സോബേഴ്സ് (1968), രവി ശാസ്ത്രി (1985), റോസ് വൈറ്റ്ലി (2017), ഹസ്റത്തുള്ള സാസി (2018), ലിയൊ കാർട്ടർ (2020) എന്നിവരും ഓവറിൽ ആറ് സിക്സർ നേടിയവരുടെ പട്ടികയിൽ ഉൾപ്പെടും.
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ പൊള്ളാർഡിന്റെ സിക്സർ മഴയിലൂടെ വിൻഡീസ് നാല് വിക്കറ്റിനു ജയിച്ചു. 41 പന്ത് ബാക്കിനിൽക്കേയായിരുന്നു വിൻഡീസ് ജയം. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 131/. വെസ്റ്റ് ഇൻഡീസ് 13.1 ഓവറിൽ 134/6.
ഹാട്രിക്കിനുശേഷം ആറു സിക്സ്
132 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ വിൻഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് 3.2 ഓവറിൽ സ്കോർ 52ൽ നിൽക്കേ. 28 റണ്‍സ് എടുത്ത എവിൻ ലെവിസിനെ ധനഞ്ജയ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സൂപ്പർ താരം ക്രിസ് ഗെയ്ലിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. 2019 മാർച്ച് എട്ടിനുശേഷം ഗെയ്ൽ രാജ്യാന്തര ട്വന്റി-20ക്ക് ഇറങ്ങിയ മത്സരമായിരുന്നു. അടുത്ത പന്തിൽ നിക്കോളാസ് പുരാനെയും പുറത്താക്കി ധനഞ്ജയ ഹാട്രിക് ആഘോഷിച്ചു. അതോടെ വിൻഡീസ് 3.4 ഓവറിൽ മൂന്നിന് 52.
അടുത്ത ഓവർ (ഇന്നിംഗ്സിലെ ആറാം ഓവർ) എറിയാൻ എത്തിയ ധനഞ്ജയയുടെ ആദ്യ പന്ത് സ്ലോഗ് ഷോട്ടിലൂടെ പൊള്ളാർഡ് ലോംഗ് ഓണിലേക്കു സിക്സർ പറത്തി. അടുത്ത പന്ത് നിലംതൊടാതെ നേരെ സൈറ്റ്സ്ക്രീനിൽ ചെന്ന് ഇടിച്ചു. മൂന്നാം പന്ത് അല്പം പുറത്തായി എറിഞ്ഞുനോക്കിയെങ്കിലും രക്ഷയില്ലായിരുന്നു, വൈഡ് ലോംഗ് ഓഫിലൂടെ സിക്സർ. നാലാം പന്ത് സ്ലോഗ് ഷോട്ടിലൂടെ പറന്നത് ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ. അഞ്ചാം പന്ത് ധനഞ്ജയയുടെ തലയ്ക്കു മുകളിലൂടെ. ആറാം പന്തിൽ സിക്സ് ഒഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു ധനഞ്ജയ. എറൗണ്ട് ദ വിക്കറ്റ് ബൗളിംഗ് ചെയ്തെങ്കിലും പൊള്ളാർഡ് രണ്ടും കൽപ്പിച്ചായിരുന്നു. ഡീപ് മിഡ് വിക്കറ്റിലൂടെ പന്ത് ഗാലറിയിൽ. തുടർന്ന് ഗാലറിയെ താണു വണങ്ങി പൊള്ളാർഡിന്റെ ആഹ്ലാദപ്രകടനം, ധനഞ്ജയയും ചരിത്രത്തിന്റെ ഭാഗം, അതോടെ എല്ലാം ശുഭം. 11 പന്തിൽ ആറ് സിക്സിന്റെ അകന്പടിയോടെ 38 റണ്‍സ് എടുത്ത പൊള്ളാർഡ് ആണ് മാൻ ഓഫ് ദ മാച്ച്.
അട്ടിമറി അജയ് ജയറാം
ബാസൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ അജയ് ജയറാം വന്പൻ അട്ടിമറിയിലൂടെ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ. മൂന്നാം സീഡായ ഡെന്മാർക്ക് താരം റാസ്മസ് ജെംകിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ അജയ് ജയറാം അട്ടിമറിച്ചു.
21-18, 17-21, 21-13നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. പുരുഷ സിംഗിൾസിൽ നാലാം സീഡായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫ്രാൻസിന്റെ തോമസ് റൂക്സെലിനെ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ: 21-10, 14-21, 21-14. ബി. സായ് പ്രണീതും പുരുഷ സിംഗിൾസ് ക്വാർട്ടറിലേക്ക് മുന്നേറി.
വനിതാ സിംഗിൾസിൽ രണ്ടാം സീഡായ പി.വി. സിന്ധുവും ക്വാർട്ടറിൽ കടന്നു. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സത്വിക് സായ്രാജ് - അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിൾസിൽ സാത്വിക്സായ്രാജ് - ചിരാക് ഷെട്ടി കൂട്ടുകെട്ടും ക്വാർട്ടറിലേക്ക് മുന്നേറി.
എക്സ്ട്രാ പവർ ബാഴ്സ
ബാഴ്സലോണ: സ്പാനിഷ് കോപ്പ ഡെൽ റെ ഫുട്ബോൾ സെമിയിൽ അധികസമയ ഗോളിൽ സെവിയ്യയെ കീഴടക്കി ബാഴ്സലോണ ഫൈനലിൽ. നിശ്ചിതസമയ ഗോളും ഇഞ്ചുറി ടൈം ഗോളും അധികസമയ ഗോളും പെനൽറ്റി സേവിംഗും എല്ലാമായി ആവേശം തിരതല്ലിയ പോരാട്ടമായിരുന്നു ബാഴ്സയുടെ തട്ടകമായ ക്യാന്പ് നൗവിൽ അരങ്ങേറിയത്. രണ്ടാം പാദ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 3-0ന്റെ ജയത്തോടെയാണ് ബാഴ്സലോണ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പാദത്തിൽ സെവിയ്യ 2-0നു ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 3-2നാണു ബാഴ്സയുടെ ജയം.
ഐഎസ്എൽ ആദ്യ സെമി ഇന്ന്
പനാജി: ഐഎസ്എൽ ഫുട്ബോളിൽ ആദ്യ സെമി പോരാട്ടം ഇന്ന്. മുംബൈ സിറ്റിയും എഫ്സി ഗോവയും തമ്മിൽ രാത്രി 7.30നാണ് മത്സരം. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ലീഗ് വിന്നേഴ്സ് ഷീൽഡ് ട്രോഫി സ്വന്തമാക്കിയാണ് മുംബൈ സിറ്റി എഫ്സിയുടെ വരവ്.
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായാണ് എഫ്സി ഗോവ സെമി ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്.
നാളെ നടക്കുന്ന രണ്ടാം സെമിയിൽ നോർത്ത് ഈസ്റ്റും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. രണ്ടാം പാദ സെമി പോരാട്ടങ്ങൾ എട്ട്, ഒന്‍പത് തീയതികളിലാണ്.
സ്പോർട്സ് വിപണിക്ക് കരുത്തായി ഓൺലൈൻ ഫാന്റസി ലീഗ്
കൊച്ചി: ഡിജിറ്റൽ സ്പോർട്സ് ആരാധകരുടെ ഇഷ്ട പ്ലാറ്റ്ഫോമായ ഓൺലൈൻ ഫാന്റസി സ്പോർട്സ് ലീഗുകൾ ആരാധകരെ വൻതോതിൽ ആകർഷിക്കുന്നു. നിലവിൽ ഓൺലൈൻ ഫാന്റസി സ്പോർട്സ് വിപണിയിൽ 10 കോടിയിലധികം ഉപയോക്താക്കളാണുള്ളത്. ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ് ബോൾ, കബഡി, ഹോക്കി, ബേസ്ബോൾ മുതലായ ടീം ഇനങ്ങൾക്കായി ഓൺലൈൻ ഫാന്റസി സ്പോർട്സ് മത്സരങ്ങൾ ലഭ്യമാണ്.
കോവൻ അഡ്വൈസറി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഒരു ഉപയോക്തൃ സർവേ റിപ്പോർട്ട് അനുസരിച്ച്, 67 ശതമാനം ഉപയോക്താക്കൾ സ്പോർട്സുമായി ഇടപഴകുന്നതിനുള്ള ഒരു സവിശേഷ മാർഗമായി ഒഎഫ്എസിനെ കാണുന്നു. സ്പോർട്സിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ഇത്തരം ഗെയിമുകൾ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
കെഎസ്ഇബി, അസംപ്ഷൻ ജയിച്ചു
ആലപ്പുഴ: ബാക്ഷിമ ട്രോഫി ഓൾ കേരള ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ഫേവറിറ്റുകളായ കെഎസ്ഇബി തിരുവനന്തപുരത്തിനും ചങ്ങനാശേരി അസംപ്ഷൻ കോളജിനും ജയം. പുരുഷ വിഭാഗത്തിൽ കെഎസ്ഇബി 38-17ന് മാവേലിക്കര ടൗൺ ക്ലബ്ബിനെയും പിആർസി ക്ലബ് ആലപ്പുഴ 58-44ന് ജ്യോതിനികേതൻ പുന്നപ്രയേയും കീഴടക്കി. വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളജ് 47-20ന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിനെയാണ് പരാജയപ്പെടുത്തിയത്.
എറണാകുളത്തിന് ഇരട്ടക്കിരീടം
മട്ടാഞ്ചേരി: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എറണാകുളത്തിന് ഇരട്ടക്കിരീടം. ഇരു വിഭാഗം ഫൈനലിലും പാലക്കാടിനെയാണ് എറണാകുളം തോൽപ്പിച്ചത്. എറണാകുളത്തിന്റെ എ.എസ്. റസീന, സൽമാൻ ഫാരിസ് എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
പിഎസ്എലിനു കോവിഡ് ഭീഷണി
കറാച്ചി: ഫെബ്രുവരി 20ന് ആരംഭിച്ച 2021 സീസണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി-20 ക്രിക്കറ്റ് കോവിഡ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി നിർത്തി. ആറ് താരങ്ങൾക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണിത്.
സാനിയ പുറത്ത്
ദോഹ: ഖത്തർ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-സ്ലൊവേനിയയുടെ ക്ലെപാക് കൂട്ടുകെട്ട് ക്വാർട്ടറിൽ പുറത്ത്. ഡെമി ഷൂർസ് - നിക്കോൾ മെലിഷർ സഖ്യത്തോടായിരുന്നു തോൽവി, 5-7, 6-2, 5-10.
പിച്ചല്ലേ, മാന്തല്ലേ...
അഹമ്മദാബാദ്: പിങ്ക് ബോൾ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീർന്നതോടെ ആരംഭിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുന്‍പ് ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതൽ. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. മൂന്നാം ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിന്റെ ജയം നേടിയപ്പോൾ മുതൽ മൊട്ടേരയിലെ പിച്ചിനെക്കുറിച്ച് വിമർശനം ഉയർന്നതാണ്.
പിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്തിലെ പ്രമുഖർ അഭിപ്രായപ്രകടനങ്ങൾ നടത്തി. എന്നാൽ, നാലാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാക് ക്രൗളി ഇന്നലെ നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാണ്. മൂന്നാം ടെസ്റ്റിലേതുപോലെയുള്ള പിച്ച് തന്നെയായിരിക്കും നാലാം ടെസ്റ്റിലും മൊട്ടേരയിൽ ഉണ്ടാകാൻ സാധ്യതയുള്ളത് എന്നായിരുന്നു ക്രൗളിയുടെ നിരീക്ഷണം.
ബാറ്റ്സ്മാന്മാർ ഉണരണം
മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേര പിച്ച് സ്പിന്നിനെ അകമഴിഞ്ഞ് തുണച്ചിരുന്നു. ഉഴുതുമറിച്ച കണ്ടംപോലെയായിരുന്നു പിച്ച് എന്നും വിമർശനമുണ്ടായി. ബാറ്റ്സ്മാന്മാരുടെ അവസരോചിത ഇടപെടൽ ഉണ്ടായാൽമാത്രമേ നാലാം ടെസ്റ്റിൽ പ്രതീക്ഷയ്ക്കുവകയുള്ളൂ എന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് വ്യക്തമാക്കി.
അഞ്ചു ദിവസവും മത്സരം നീട്ടിക്കൊണ്ടുപോകുന്നതാണോ, അതോ ജയം നേടുന്നതാണോ നല്ലതെന്നായിരുന്നു നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മറുചോദ്യം.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് മൂന്ന് പേസർമാരെ ഉൾപ്പെടുത്തിയതു വിമർശത്തിനു കാരണമായിരുന്നു. അതിനാൽ ഇന്നു സ്പിന്നർ ഡോം ബെസിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിച്ചതിനാൽ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരിൽ ആരെങ്കിലും പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടും. ആർ. അശ്വിൻ - അക്സർ പട്ടേൽ സ്പിൻ സഖ്യമാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റിംഗിൽ രോഹിത് ശർമ സ്ഥിരത പുലർത്തുന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്.
തോറ്റാലും ഇന്ത്യ ഫൈനലിൽ
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ പരന്പര 2-2 സമനിലയിൽ അവസാനിക്കും. നിലവിൽ ഇന്ത്യ 2-1നു മുന്നിലാണ്. നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് പ്രവേശിക്കാനാകില്ല. അതോടെ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയരുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ, ഇന്ത്യ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാലും ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഓസ്ട്രേലിയ ഏകപക്ഷീയമായി ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയെന്നതിന്റെ പേരിൽ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഐസിസിക്കു പരാതി നൽകിയിട്ടുണ്ട്. സാന്പത്തിക നഷ്ടം നികത്തണമെന്നും ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയയുടെ പോയിന്റ് വെട്ടിക്കുറയ്ക്കണമെന്നുമാണു സിഎസ്എയുടെ ആവശ്യം. ഇക്കാര്യത്തിൽ സിഎസ്എയുടെ ആവശ്യം ഐസിസി അംഗീകരിച്ചാൽ ഓസ്ട്രേലിയയ്ക്കു ഫൈനൽ സാധ്യത അടയും.
നിലവിൽ ഇന്ത്യ (71 പോയിന്റ്), ന്യൂസിലൻഡ് (70 പോയിന്റ്) എന്നിവയാണു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളത്. ഇന്നാരംഭിക്കുന്ന നാലാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്കു ഫൈനലിൽ ഇടംപിടിക്കാം. ന്യൂസിലൻഡ് നേരത്തേ ഫൈനൽ ഉറപ്പിച്ചതാണ്.
ഇമ്മിണി ബല്യ സിറ്റി
മാഞ്ചസ്റ്റർ: ലോക ഫുട്ബോളിൽ സിറ്റികൾ പലതുണ്ട്. എന്നാൽ, പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിലുള്ള മാഞ്ചസ്റ്റർ സിറ്റി വേറെ ലെവലാണ്. വിവിധ പോരാട്ടവേദികളിലായി തുടർച്ചയായ 21-ാം ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ചരിത്രം കുറിച്ചു.
ഒരു ഇംഗ്ലീഷ് ടീം തുടർച്ചയായി 21 മത്സരങ്ങളിൽ ജയിക്കുന്നത് ഇതാദ്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ഹോം മത്സരത്തിൽ വൂൾവ്സിനെ 4-1നു തകർത്തതോടെയാണു സിറ്റി തുടർച്ചയായ 21-ാം വിജയം ആഘോഷിച്ചത്. വിവിധ പോരാട്ടവേദികളിലായി തുടർച്ചയായ 28-ാം മത്സരത്തിലാണു സിറ്റി തോൽവി അറിയാതെ മുന്നേറുന്നത്, 25 ജയവും 3 സമനിലയും. പ്രീമിയർ ലീഗിൽ മാത്രം സിറ്റിക്കു തുടർച്ചയായ 15 ജയമായി.
അവസാന 10 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ ജയം. 15-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ സിറ്റിയെ മുന്നിലെത്തിച്ച വൂൾവ്സ് 61-ാം മിനിറ്റിൽ 1-1ൽ എത്തി. എന്നാൽ, ഗബ്രിയേൽ ജീസസിന്റെ (80’, 90+3’) ഡബിളും റിയാദ് മഹ്റെസിന്റെ (90’) ഗോളും എത്തിയതോടെ സിറ്റി 4-1ന്റെ ജയം സ്വന്തമാക്കി.
കഴിഞ്ഞ ലീഗ് മത്സരങ്ങളിലും സിറ്റി ഒരു മിനിറ്റുപോലും പിന്നിൽ നിന്നില്ലെന്നതും മറ്റൊരു റിക്കാർഡ് ആയി. 1998-99ൽ ആഴ്സണൽ കുറിച്ച റിക്കാർഡിനൊപ്പമാണു സിറ്റി.
27 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 65 പോയിന്റുമായി ഏകപക്ഷീയമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളിൽനിന്ന് 50 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണു രണ്ടാമത്.
600ൽ റിക്കാർഡിട്ട് cr7
ടൂറിൻ: ലീഗ് ഫുട്ബോൾ കരിയറിൽ 600 മത്സരങ്ങൾ എന്ന നാഴികക്കല്ലിലെത്തിയ മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ യുവന്റസിനായി വലകുലുക്കി റിക്കാർഡ് ബുക്കിൽ. ഇറ്റാലിയൻ സീരി എയിൽ സ്പെസ്യക്കെതിരായ ഹോം മത്സരത്തിൽ യുവന്റസ് 3-0നു ജയിച്ചപ്പോൾ മൂന്നാം ഗോൾ, 89-ാം മിനിറ്റിൽ റൊണാൾഡോയുടെ വകയായിരുന്നു. ആൽവാരൊ മൊറാട്ട (62’), ഫെഡെറിക്കൊ ചീസ (71’) എന്നിവരായിരുന്നു യുവന്റസിന്റെ മറ്റ് ഗോൾനേട്ടക്കാർ.
ഈ ഗോളോടെ സീരി എ 2020-21 സീസണിൽ റൊണാൾഡോ 20 ഗോൾ തികച്ചു. തുടർച്ചയായ 12-ാം സീസണിലാണു ലീഗ് ഫുട്ബോളിൽ (ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ) റൊണാൾഡോ ഇരുപതോ അതിൽ അധികമോ ഗോൾ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിലെ അഞ്ച് വന്പൻ ലീഗുകളിലെ ഏക താരമാണു റൊണാൾഡോ.
ലീഗിൽ 24 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി യുവന്റസ് മൂന്നാം സ്ഥാനത്ത് എത്തി. ഇന്റർ മിലാൻ (56 പോയിന്റ്), എസി മിലാൻ (52) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
കേരളം x കർണാടക
ന്യൂഡൽഹി: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. കേരളത്തിന്റെ എതിരാളികൾ കരുത്തരായ കർണാടകയാണ്. എട്ടാം തീയതിയാണു കേരളം x കർണാടക പോരാട്ടം. കർണാടകയുടെ മലയാളി താരമായ ദേവ്ദത്ത് പടിക്കലാണു ടൂർണമെന്റിൽ നിലവിലെ ടോപ് സ്കോറർ.
മറ്റ് ക്വാർട്ടറുകളിൽ ഗുജറാത്ത് ആന്ധ്രയെയും മുംബൈ സൗരാഷ്ട്രയെയും നേരിടും. ഉത്തരാഖണ്ഡ് x ഡൽഹി എലിമിനേറ്റർ ജേതാക്കളാണു ക്വാർട്ടറിൽ ഉത്തർപ്രദേശിന്റെ എതിരാളി.
സിംബാബ്വെയ്ക്കു ജയം
അബുദാബി: അഫ്ഗാനിസ്ഥാനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് ജയം. 10 വിക്കറ്റിനാണ് സിംബാബ്വെ ജയം സ്വന്തമാക്കിയത്. സിംബാബ്വെയ്ക്കായി ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സീൻ വില്യംസ് (105 റണ്‍സ്) ആണ് മാൻ ഓഫ് ദ മാച്ച്.
സ്കോർ: അഫ്ഗാനിസ്ഥാൻ 131, 135. സിംബാബ്വെ 250, 17/0. രണ്ട് ദിവസം മാത്രമാണ് മത്സരം നീണ്ടത്.
ഡോർട്ട്മുണ്ട് സെമിയിൽ
മ്യൂണിക്: ജർമൻ കപ്പ് ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് സെമിയിൽ. മോണ്ഹെൻഗ്ലാഡ്ബാക്കിനെ 1-0നു കീഴടക്കിയാണു ഡോർട്ട്മുണ്ട് സെമിയിൽ പ്രവേശിച്ചത്. 66-ാം മിനിറ്റിൽ സാഞ്ചോയുടെ വകയായിരുന്നു ഗോൾ.
മൂന്നിൽ ഓസീസ് ജയം
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഗ്ലെൻ മാക്സ്വെൽ (31 പന്തിൽ 70), ആരോണ്‍ ഫിഞ്ച് (44 പന്തിൽ 69), ജോഷ് ഫിലിപ്പ് (27 പന്തിൽ 43) എന്നിവരുടെ മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സ് നേടി.
മറുപടിക്കിറങ്ങിയ ന്യൂസിലൻഡിന് 17.1 ഓവറിൽ 144 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ, ഓസ്ട്രേലിയയ്ക്ക് 64 റണ്‍സ് ജയം. നാല് ഓവറിൽ 30 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളർ ആഷ്ടണ്‍ ആഗർ ആണ് മാൻ ഓഫ് ദ മാച്ച്. പരന്പരയിൽ 2-1ന് ന്യൂസിലൻഡ് മുന്നിലാണ്.
ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കു കളത്തിനു പുറത്ത് ഒരു സെഞ്ചുറി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 100 മില്യണ്‍ (10 കോടി) ഫോളോവേഴ്സ് ഉള്ള ആദ്യ ക്രിക്കറ്റ് താരം എന്ന റിക്കാർഡ് കോഹ്ലി കുറിച്ചു. ഇൻസ്റ്റയിൽ 10 കോടി ഫോളോവേഴ്സ് ഉള്ള ഏഷ്യ-പസഫിക് മേഖലയിലെ ആദ്യവ്യക്തി എന്ന നേട്ടവും മുപ്പത്തിരണ്ടുകാരനായ കോഹ്ലി ഇതോടെ സ്വന്തമാക്കി. കോഹ്ലി ഉൾപ്പെടെ ഏഴു പേർക്കു മാത്രമാണ് 10 കോടി ഫോളോവേഴ്സ് ക്ലബ്ബിലുള്ളത്.
കോഹ്ലി ഇൻസ്റ്റഗ്രാം പിന്തുടർച്ചക്കാരുടെ എണ്ണത്തിൽ 10 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി ഐസിസി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2008 അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയതിന്റെ വാർഷികമായ ഇന്നലെയാണ് ഇൻസ്റ്റയിൽ 100 മില്യണ്‍ ഫോളോവേഴ്സ് ക്ലബ്ബിൽ എത്തിയതായി ഐസിസി പോസ്റ്റ് ചെയ്തത്. ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന കായികതാരങ്ങളിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് കോഹ്ലി. ബോളിവുഡ് സൂപ്പർ താരങ്ങൾക്കുപോലും സാധിക്കാത്ത ആരാധക പിന്തുടർച്ചയാണ് കോഹ്ലിക്കുള്ളത് എന്നതാണു ശ്രദ്ധേയം.
ഫുട്ബോൾ സൂപ്പർ താരങ്ങളായ യുവന്റസിന്റെ പോർച്ചുഗൽ സ്റ്റാർ ക്രിസ്റ്റ്യാനൊ റൊണാൾഡോ, ബാഴ്സലോണയുടെ അർജന്‍ന്റൈൻ താരം ലയണൽ മെസി, പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർ എന്നിവർ മാത്രമാണ് 10 കോടി ഫോളോവേഴ്സ് ക്ലബ്ബിലുള്ള കായികപ്രതിഭകൾ. ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോണ്സണ് (ദ റോക്ക്), അമേരിക്കൻ പോപ് താരങ്ങളായ ബിയോണ്‍സ്, അരിയാന ഗ്രാൻഡെ എന്നിവരാണ് 100 മില്യണ്‍ ഇൻസ്റ്റ ഫോളോവേഴ്സുള്ള മറ്റ് താരങ്ങൾ. ഇൻസ്റ്റഗ്രാമിന് 38.7 കോടി (387 മില്യണ്‍) ഫോളോവേഴ്സ് ഉണ്ട്.
നാലാം ടെസ്റ്റ് നാളെ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റ് നാളെ അഹമ്മദാബാദിൽ അരങ്ങേറും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇതിനോടകം പരിശീലനം പുനരാരംഭിച്ചു. ഇന്നലെ ഫീൽഡിംഗ് പരിശീലനത്തിനായിരുന്നു ടീം ഇന്ത്യ മുൻഗണന നൽകിയത്. രണ്ടും മൂന്നും ടെസ്റ്റിലേതിനു സമാനമായ പിച്ച് ആയിരിക്കും നാലാം ടെസ്റ്റിലേതും എന്നാണ് ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെയുടെ നിരീക്ഷണം. മൂന്നാം ടെസ്റ്റിലെ പിച്ച് വിമർശനത്തിനു കാരണമായിരുന്നു.
പരന്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. നാലാം ടെസ്റ്റിൽ പരാജയം ഒഴിവാക്കിയാൽ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാം. അതേസമയം, ഇംഗ്ലണ്ട് ജയിച്ചാൽ പരന്പര 2-2 സമനിലയിലാകുകയും ഇന്ത്യ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്താകുകയും ചെയ്യും. പിങ്ക് ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ഫൈനൽ സാധ്യത അടഞ്ഞതാണ്. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യയാണു നിലവിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
ലിസ്ബത്തിനു വെർജീനിയ ലിബർട്ടി യൂണിവേഴ്സിറ്റി മീറ്റിൽ വെള്ളി
പുല്ലുരാംപാറ (കോഴിക്കോട്): അമേരിക്കയിലെ വെർജീനിയ ലിബർട്ടി യൂണിവേഴ്സിറ്റി മീറ്റിൽ കോഴിക്കോട് ജില്ലക്കാരിയും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയുടെ അഭിമാനതാരവുമായ ലിസ്ബത് കരോളിൻ ജോസഫ് വെള്ളിമെഡൽ നേടി. കൊല്ലിത്താനത്ത് സജിയുടെയും ലെൻസിയുടെയും മകളായ ലിസ്ബത് കരോളിൻ ജോസഫിനു ഫുൾ സ്കോളർഷിപ് നല്‍കിയാണ് (ഒരുകോടി അറുപത്തിനാല് ലക്ഷം രൂപയുടെ സ്കോളർഷിപ്) അമേരിക്കയിലെ വിർജീനിയ ലിബർട്ടി യൂണിവേഴ്സിറ്റി ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത്.
യൂണിവേഴ്സിറ്റിയിലെ തന്റെ ആദ്യമത്സരത്തിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കി ലിസ്ബത്ത്. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പരിശീലകൻ ടോമി ചെറിയാന്റെ കീഴിലായിരുന്നു ലിസ്ബത്ത് ആദ്യ പരിശീലനം നേടിയിരുന്നത്. ഇന്ത്യയുടെ ഒളിന്പിക് പ്രതീക്ഷയായ ലിസ്ബത്തിന്റെ വളർച്ചയിൽ മലബാർ സ്പോർട്സ് അക്കാഡമി കൺവീനർ ടി.ടി. കുര്യനും കോച്ച് ടോമി ചെറിയാനും ആഹ്ലാദവും അഭിനന്ദനങ്ങളും അറിയിച്ചു.
100ൽ ഗോളടിച്ച് വിനീഷ്യസ്
മാഡ്രിഡ്: സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിനായി ബൂട്ടണിഞ്ഞ 100-ാം മത്സരത്തിൽ ഗോളടിച്ച് ബ്രസീൽ താരം വിനീഷ്യസ് ജൂണിയർ ടീമിനെ തോൽവിയിൽനിന്നു രക്ഷിച്ചു. ലാ ലിഗ ഫുട്ബോളിൽ സോസിഡാഡിനെതിരായ ഹോം മത്സരത്തിൽ പകരക്കാരനായെത്തിയായിരുന്നു ഇരുപതുകാരനായ വിനീഷ്യസ് വല കുലുക്കിയത്. വിനീഷ്യസിന്റെ ഗോളിൽ റയൽ 1-1 സമനിലയോടെ കളംവിട്ടു.
55-ാം മിനിറ്റിൽ പോർതുവിലൂടെ റയൽ സോസിഡാഡ് മുന്നിൽ കടന്നു. 61-ാം മിനിറ്റിൽ ഇസ്കോയ്ക്കു പകരമായി സിനദീൻ സിദാൻ, വിനീഷ്യസിനെ കളത്തിലിറക്കി. 89-ാം മിനിറ്റിൽ ബ്രസീൽ താരം ഗോളടിച്ചു. മത്സരശേഷം ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരേസ് 100 എന്ന് എഴുതിയ ജഴ്സി വിനീഷ്യസിനു സമ്മാനിച്ചു. 100 മത്സരങ്ങളിൽനിന്ന് 13 ഗോൾ നേടിയിട്ടുണ്ട്.
സമനില വഴങ്ങിയതോടെ 25 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്ത് തുടരും. 24 മത്സരങ്ങളിൽനിന്ന് 58 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണു തലപ്പത്ത്. 25 മത്സരങ്ങളിൽനിന്ന് 53 പോയുള്ള ബാഴ്സയാണു രണ്ടാമത്.
എവർട്ടണ് ഏഴിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സതാംപ്ടണിനെതിരായ ഹോം ജയത്തോടെ എവർട്ടണ് ഏഴാം സ്ഥാനത്ത്. റിച്ചാർലിസണ് (9’) ആണ് എവർട്ടണിനായി വല കുലുക്കിയത്. 43 പോയിന്റാണ് എവർട്ടണിന്. 26 മത്സരങ്ങളിൽനിന്ന് 43 പോയിന്റുള്ള ലിവർപൂളാണ് ആറാമത്. 62 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത് തുടരുന്നു.
11 മണിക്കൂർ കാറോടിച്ച് അയ്യരും ധവാനും
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ട്വന്റി-20ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ശിഖർ ധവാനും ശ്രേയസ് അയ്യരും എത്തിയത് 11 മണിക്കൂർ നീണ്ട ഡ്രൈവിംഗിനുശേഷം. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിനായി ഇരുവരും ജയ്പുരിൽ ആയിരുന്നു. ധവാൻ ഡൽഹിക്കായും അയ്യർ മുംബൈക്കായുമായിരുന്നു ഇറങ്ങിയിരുന്നത്. ജയ്പുരിൽനിന്നു റോഡ് മാർഗമായിരുന്നു ഇരുവരും അഹമ്മദാബാദിലെ ഇന്ത്യൻ ക്യാന്പിലേക്ക് എത്തിയത്.
ഈ മാസം 12 മുതലാണ് ട്വന്റി-20 പരന്പര. ജയ്പുരിൽനിന്ന് കാറിൽ അഹമ്മദാബാദിലേക്കു തിരിക്കുന്നതിന്റെ ചിത്രം ശ്രേയസ് അയ്യർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.
ഇയാൻ ജോണ്‍ അന്തരിച്ചു
ലണ്ടൻ: ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ലിവർപൂളിന്റെ ഇതിഹാസം ഇയാൻ സെന്റ് ജോണ്‍ (82) അന്തരിച്ചു. 1961ൽ അക്കാലത്തെ റിക്കാർഡ് തുകയായിരുന്ന 37,500 പൗണ്ടിനായിരുന്നു ഇയാൻ ജോണ്‍ ലിവർപൂളിലെത്തിയത്. 425 മത്സരങ്ങളിൽ ലിവർപൂളിന്റെ ജഴ്സിയണിഞ്ഞ താരം, 118 ഗോൾ നേടി. സ്കോട്ട്ലൻഡിനായി 21 മത്സരങ്ങളിൽനിന്ന് ഒന്‍പത് ഗോളടിച്ചു.
അഫ്ഗാൻ 131നു പുറത്ത്
അബുദാബി: സിംബാബ്വെയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാൻ 131നു പുറത്ത്. 47 ഓവറിൽ അഫ്ഗാന്റെ ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ ആദ്യദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 133 റണ്‍സ് എടുത്തു.
ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
ബംഗളൂരു: ഒമാൻ, യുഎഇ എന്നിവയ്ക്കെതിരേ ഈ മാസം അവസാനം നടക്കുന്ന സൗഹൃദ ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവച്ച കെ.പി. രാഹുൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മഷൂർ ഷരീഫ്, ബംഗളൂരു എഫ്സിയുടെ അഷിഖ് കുരുനിയൻ എന്നിവരാണ് 35 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മലയാളികൾ.
ബാഴ്സഗേറ്റിൽ ബർത്തോമ്യു അറസ്റ്റിൽ
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്.
ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്. ലയണൽ മെസിയെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു ബാഴ്സഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബർത്തോമ്യുവിനെതിരേ മെസി മാധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. മെസി ക്ലബ് വിടാനൊരുങ്ങിയെങ്കിലും കരാർ കാലാവധി ഈ സീസണ്‍കൂടി ഉണ്ടായിരുന്നതിനാൽ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബിൽ തുടരുമെന്നു പ്രഖ്യാപിച്ച അഭിമുഖത്തിൽ ബർത്തോമ്യുവിനെ ദുരന്തം എന്നായിരുന്നു മെസി വിശേഷിപ്പിച്ചത്.
വിവാദങ്ങൾക്കൊടുവിൽ 2020 ഒക്ടോബർ 27ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനം ബർത്തോമ്യു രാജിവച്ചു. പ്രസിഡന്റിനൊപ്പം ബോർഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ മെസിയുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും ക്ലബ്ബിനു കളിക്കളത്തിലും പുറത്തുമേറ്റ തിരിച്ചടികളാണ് ബർത്തോമ്യുവിന്റെ രാജിക്കു കാരണം. ബർത്തോമ്യുവുമായുള്ള ഭിന്നതയെത്തുടർന്ന് മെസി ക്ലബ് വിടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ച സുപ്രധാന കാരണം.
മെസിയെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ ജെറാർഡ് പിക്വെ, മുൻ ബാഴ്സ താരങ്ങൾ എന്നിവർക്കുമെതിരേ ബർത്തോമ്യു വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ബർത്തോമ്യു നടത്തിയ നിരവധി സാന്പത്തിക ക്രമക്കേടും സ്പാനിഷ് പോലീസ് കണ്ടെത്തിയതായാണു റിപ്പോർട്ട്. ബാഴ്സയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ബർത്തോമ്യുവിന്റെ അറസ്റ്റ്. 842 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ നഷ്ടം.
മെസി തുടരുമോ? വിവാദങ്ങൾ കലങ്ങിത്തെളിയുന്നതോടെ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ മെസി ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. ബാഴ്സഗേറ്റിന്റെ പേരിൽ ബർത്തോമ്യു അറസ്റ്റിലായതോടെ മെസി ക്ലബ്ബിൽ തുടരണമെന്ന ആവശ്യവും ശക്തമായി. പരിശീലകനായി മുൻ താരം സാവി എത്തുകയാണെങ്കിൽ മെസിയെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
ബാഴ്സഗേറ്റ് വിവാദം 
തനിക്കെതിരേയും ക്ലബ്ബിനെതിരേയും വിമർശനമുന്നയിക്കുന്നർക്കെതിരേ പ്രചാരണം നടത്തുന്നതിനു സമൂഹമാധ്യമ കാന്പയിനിംഗ് കന്പനിയായ ഐ3യെ ഉപയോഗിച്ചെന്നതാണു ബാഴ്സഗേറ്റ് വിവാദം. 2020 ഫെബ്രുവരിയിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ലയണൽ മെസി അടക്കമുള്ള മുൻനിര താരങ്ങൾ, മുൻ താരങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തുടങ്ങിയവരെ ഐ3 കന്പനി വേട്ടയാടി.
ഐ3 കന്പനി കൈകാര്യം ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വേട്ടയാടൽ. മെസി, പിക്വെ, മുൻ ക്യാപ്റ്റൻ സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, പ്രസിഡന്റ് സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, അഗസ്റ്റി ബെനെഡിറ്റൊ എന്നിവർക്കെതിരായ ഫേസ്ബുക്ക് ആക്രമണങ്ങൾ ഐ3 ആയിരുന്നു നടത്തിയത്.
മെസിയടക്കമുള്ളവർ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു അറിവും ഇല്ലെന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ഏജൻസി അന്വേഷണം നടത്തിയശേഷം ഐ3ക്ക് ബാഴ്സ പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐ3യും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഐ3യുമായുള്ള ബന്ധത്തിന്റെ പേരിൽ ബർത്തോമ്യുവിന്റെ ഉപദേശകനായ ഹൗമി മാസ്ഫെററിനെ സസ്പെൻഡ് ചെയ്തു.
എന്നാൽ, വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ബാഴ്സ ആസ്ഥാനമായ കാന്പ് നൗവിൽ പോലീസ് ആദ്യ റെയ്ഡ് നടത്തി.
കേരളം ക്വാർട്ടറിൽ
മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളം ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണെങ്കിലും നാല് ജയവും മികച്ച റണ്‍റേറ്റുമാണ് കേരളത്തിനു ക്വാർട്ടർ ഫൈനൽ സ്ഥാനം സമ്മാനിച്ചത്. ഗ്രൂപ്പ് സിയിൽ ഒന്നും രണ്ടും സ്ഥാനക്കാരായ കർണാടകയും ഉത്തർപ്രദേശും ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായ ഡൽഹി പ്ലേറ്റ് ഗ്രൂപ്പിലെ ജേതാക്കളായ ഉത്തരാഖണ്ഡുമായി എലിമിനേറ്റർ റൗണ്ട് കളിക്കണം. എലിമിനേറ്ററിൽ ജയിക്കുന്ന ടീമും ക്വാർട്ടറിൽ പ്രവേശിക്കും.
ഗ്രൂപ്പ് എ ചാന്പ്യന്മാരായ ഗുജറാത്ത്, ബി ചാന്പ്യന്മാരായ ആന്ധ്ര, ഡി ചാന്പ്യന്മാരായ മുംബൈ, ഇ ചാന്പ്യന്മാരായ സൗരാഷ്ട്ര എന്നിവയാണ് ക്വാർട്ടറിൽ ഇടംപിടിച്ച മറ്റ് ടീമുകൾ.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ, ആഴ്സണൽ, ടോട്ടനം എന്നിവ ജയം നേടിയപ്പോൾ കരുത്തരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
ടോട്ടനത്തിൽ തിരിച്ചെത്തിയശേഷം ഗാരെത് ബെയ്ൽ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു ബേണ്‍ലിക്കെതിരേ ഹോട്സ്പർ സ്റ്റേഡിയത്തിൽ കണ്ടത്. ബെയ്ൽ രണ്ടു ഗോൾ (2’, 55’) നേടിയ മത്സരത്തിൽ ഹാരി കെയ്നും (15’), ലൂകാസ് മൗരയും (31’) വല കുലുക്കി. തോമസ് ടൂഹെൽ പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം തോൽവി അറിയാതെയുള്ള (6 ജയം, 3 സമനില) ചെൽസിയുടെ മുന്നേറ്റം തുടരുന്നു. ഹോം മത്സരത്തിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലീഗിൽ തുടർച്ചയായ നാലു തോൽവിക്കുശേഷം ലിവർപൂൾ ജയം സ്വന്തമാക്കി. ഷെഫീൽഡ് യുണൈറ്റഡിനെതിരായ എവേ പോരാട്ടത്തിൽ ലിവർപൂൾ 2-0നു ജയിച്ചു. മറ്റൊരു മത്സരത്തിൽ ആഴ്സണൽ 3-1ന് ലെസ്റ്ററിനെ കീഴടക്കി. എവേ പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു ഗണ്ണേഴ്സിന്റെ തിരിച്ചുവരവു ജയം.
മാഞ്ചസ്റ്റർ സിറ്റി (52 പോയിന്റ്), മാഞ്ചസ്റ്റർ യുണൈറ്റഡ് (50), ലെസ്റ്റർ സിറ്റി (49), വെസ്റ്റ് ഹാം (45), ചെൽസി (44), ലിവർപൂൾ (43) എന്നിവയാണു യഥാക്രമം ലീഗിൽ ആദ്യ 6 സ്ഥാനങ്ങളിൽ.
സൂറിച്ച്: സെർബിയയുടെ ടെന്നീസ് സൂപ്പർ താരം നൊവാക്ക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് ലോക റാങ്കിംഗിൽ റോജർ ഫെഡററിന്റെ റിക്കാർഡിനൊപ്പം. ഏറ്റവും കൂടുതൽ ആഴ്ചകൾ ലോക റാങ്കിംഗിന്റെ തലപ്പത്ത് തുടരുക എന്ന സ്വിസ് താരത്തിന്റെ റിക്കാർഡിനൊപ്പം ജോക്കോവിച്ച് എത്തി, 310 ആഴ്ചകൾ. അടുത്തയാഴ്ചയും ലോക ഒന്നാം നന്പറിൽത്തന്നെ തുടരുന്നതോടെ ജോക്കോവിച്ച് റിക്കാർഡ് സ്വന്തം പേരിൽ മാത്രമാക്കും.
ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച് സമീപനാളിലൊന്നും ഒന്നാം റാങ്കിൽനിന്ന് ഇറങ്ങില്ലെന്ന് ഏകദേശം ഉറപ്പാണ്. ഓസ്ട്രേലിയൻ ഓപ്പണോടെ 18 ഗ്രാൻസ്ലാം എന്ന നേട്ടത്തിലും ജോക്കർ എത്തിയിരുന്നു.
2018 ജൂണിലാണ് റോജർ ഫെഡറർ ലോക ഒന്നാം നന്പറിൽ 310-ാം ആഴ്ച പൂർത്തിയാക്കിയത്. 2020 ഫെബ്രുവരി മൂന്ന് മുതലാണ് ജോക്കോവിച്ച് ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്.
റിക്കാർഡ് അകലെ
പുരുഷവിഭാഗത്തിൽ ഒന്നാമത് എത്തിയെങ്കിലും ടെന്നീസ് ചരിത്രത്തിൽ ഏറ്റവും അധികം ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്നതിന്റെ റിക്കാർഡിലേക്കു ജോക്കോവിച്ചിന് ഇനിയും ദൂരമേറെയുണ്ട്. വനിതാ താരങ്ങളായ സ്റ്റെഫി ഗ്രാഫ് (377 ആഴ്ച), മാർട്ടിന നവരത്ലോവ (332), സെറീന വില്യംസ് (319) എന്നിവരാണു ജോക്കോയ്ക്കു മുന്നിലുള്ളത്.
എടിഎം മുന്നിൽ; സിമയോണി റിക്കാർഡിനൊപ്പം
വിയ്യാറയൽ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിയ്യാറയലിനെതിരായ എവേ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനു (എടിഎം) ജയം. 2-0നാണ് ഡിയേഗോ സിമയോണിയുടെ കുട്ടികൾ ജയിച്ചുകയറിയത്. സിമയോണിയുടെ കീഴിൽ അത്ലറ്റിക്കോയുടെ 308-ാം ജയമാണ്. 512 മത്സരങ്ങളിൽനിന്നാണിത്. അത്ലറ്റിക്കോയ്ക്ക് ഏറ്റവുമധികം ജയം സമ്മാനിച്ചതിന്റെ റിക്കാർഡിൽ, ഇതിഹാസ പരിശീലകനായ ലൂയിസ് അരായോണീസ് സ്വാരസിനൊപ്പവും സിമയോണി എത്തി. 308 ജയം നേടാൻ അരാഗോണിസിന് 611 മത്സരങ്ങൾ വേണ്ടിവന്നു.
24 മത്സരങ്ങളിൽനിന്ന് 58 പോയിന്റുമായി ലീഡ് വിടാതെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അത്ലറ്റിക്കോ. ബാഴ്സലോണ (53 പോയിന്റ്), റയൽ മാഡ്രിഡ് (52) എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കോച്ച് വാഴാത്ത ഷാൽക്കെ!
ഷാൽക്കെ (ജർമനി): ബുണ്ടസ് ലിഗ ഫുട്ബോൾ ചരിത്രത്തിൽ അപൂർവ റിക്കാർഡുമായി ഷാൽക്കെ. ഒരു സീസണിൽ അഞ്ച് പരിശീലകരുടെ കീഴിൽ കളിക്കുന്ന ആദ്യ ടീം എന്ന റിക്കാർഡാണു ഷാൽക്കെ സ്വന്തമാക്കുന്നത്. ബുണ്ടസ് ലിഗയിൽ സ്റ്റഡ്ഹഡിനോട് എവേ പോരാട്ടത്തിൽ 5-1നു പരാജയപ്പെട്ടതോടെ ഷാൽക്കെ, മാനേജർ ക്രിസ്റ്റ്യൻ ഗ്രോസിനെയടക്കം മുഴുവൻ പരിശീലകസംഘത്തെയും പുറത്താക്കി.
കളിക്കാർ പരിശീലകനെതിരേ തിരിഞ്ഞതോടെയാണിതെന്നാണു റിപ്പോർട്ട്. 1988 നുശേഷം ആദ്യമായി തരംതാഴ്ത്തപ്പെടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
ഗോകുലം പൊരുതി വീണു
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി പൊരുതി വീണു. ചർച്ചിൽ ബ്രദേഴ്സിനെതിരേ 30-ാം മിനിറ്റ് മുതൽ 10 പേരുമായി കളിച്ച ഗോകുലം 3-2ന്റെ തോൽവി വഴങ്ങി. വിൻസി ബാരെറ്റൊ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെയാണ് 30-ാം മിനിറ്റിൽ ഗോകുലം 10 പേരായി ചുരുങ്ങിയത്. ദീപക് ദേവ്രാനി (53’) സെൽഫ് ഗോൾ അടിച്ചതും ഗോകുലത്തിനു വിനയായി.
ലൂക്ക മജ്സീനിലൂടെ 26-ാം മിനിറ്റിൽ ചർച്ചിൽ മുന്നിൽ. ദീപക്കിന്റെ സെൽഫ് ഗോകുലത്തെ 2-0നു പിന്നിലാക്കി. 80-ാം മിനിറ്റിൽ ഫിലിപ്പ് അഡ്ജ ഒരു ഗോൾ മടക്കി. മജ്സീനി (87’) ചർച്ചിലിന്റെ ലീഡ് 3-1 ആക്കി. എം.എസ്. ജിതിൻ (90+2’) ഗോകുലത്തിനായി ഒരു ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
പനാജി: ഐഎസ്എൽ ഫുട്ബോളിൽ 2020-21 സീസൺ ലീഗ് വിന്നേഴ്സ് ഷീൽഡ് ട്രോഫി മുംബൈ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ 2-0നു കീഴടക്കിയ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫാൾ (7'), ഒഗ്ബെച്ചെ (39') എന്നിവരായിരുന്നു ഗോൾ നേടിയത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിനാണ് ലീഗ് വിന്നേഴ്സ് ഷീൽഡ് ട്രോഫി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ തളച്ച് (0-0) എഫ്സി ഗോവ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിൽ പ്രവേശിച്ചു.
ലീഗ് റൗണ്ട് സമാപിച്ചതോടെ സെമി ഫൈനൽ ചിത്രം വ്യക്തമായി. മുംബൈ സിറ്റിയും എഫ്സി ഗോവയും തമ്മിലാണ് ആദ്യ സെമി. ബഗാനും നോർത്ത് ഈസ്റ്റും തമ്മിലാണ് രണ്ടാം സെമി.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
നോർത്ത് ഈസ്റ്റ് 20 8 9 3 33
എഫ്സി ഗോവ 20 7 10 3 31
ഹൈദരാബാദ് 20 6 11 3 29
ജംഷഡ്പുർ 20 7 6 7 27
ബംഗളൂരു 20 5 7 8 22
ചെന്നൈയിൻ 20 3 11 6 20
ഈസ്റ്റ് ബംഗാൾ 20 3 8 9 17
ബ്ലാസ്റ്റേഴ്സ് 20 3 8 9 17
ഒഡീഷ 20 2 6 12 12
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാന്പസ് അതിഥ്യമരുളിയ 32-ാമത് ദക്ഷിണേന്ത്യൻ അത്ലറ്റിക് മീറ്റിൽ കേരളം സ്വന്തമാക്കിയത് 28 സ്വർണം, 39 വെള്ളി, 29 വെങ്കലം. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളം 654 പോയിന്റ് നേടി. 35 സ്വർണവും 42 വെള്ളിയും 32 വെങ്കലവും നേടി 722 പോയിന്റുമായി തമിഴ്നാട് ചാന്പ്യൻപട്ടം നിലനിർത്തി.
ചാന്പ്യൻഷിപ് അവസാനിച്ച ഇന്നലെ മൂന്ന് മീറ്റ് റിക്കാർഡുകൾ പിറന്നു. അണ്ടർ-18 പെൺകുട്ടികളുടെ 200 മീറ്ററിൽ കർണാടകയുടെ പ്രിയ ഹബൻ തനഹള്ളി 24.64 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റിക്കാർഡിട്ടു. അണ്ടർ-18 ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ കർണാടകയുടെ തുഷാർ വസന്ത് വെക്കെയ്ൻ 4:1.80 സെക്കൻഡിൽ റിക്കാർഡ് സ്ഥാപിച്ചു. അണ്ടർ-20 ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്ര വേൽ 16.25 മീറ്ററിൽ റിക്കാർഡ് കുറിച്ചു.
കേരളത്തിന്റെ സാന്ദ്ര ബാബു അണ്ടർ-18 പെൺകുട്ടികളുടെ ട്രിപ്പിളിൽ വെള്ളി നേടി. അണ്ടർ 14 ഹൈജംബിൽ ബി. ബിനോയ് വെങ്കലം സ്വന്തമാക്കി. അണ്ടർ 20 വിഭാഗം 1500 മീറ്ററിൽ കേരള താരം ടി. ക്രിസ്റ്റഫറിനാണ് വെങ്കലം.
അണ്ടർ-14 പെൺകുട്ടികളുടെ ഹൈജംപിൽ കേരളതാരം കെ.വി. മിൻസാര പ്രസാദ് വെള്ളി നേടി. അണ്ടർ-20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരള താരം ആർ. ആരതിക്കാണ് വെങ്കലം. അണ്ടർ -18 വിഭാഗം 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ.വി. ലക്ഷ്മിപ്രിയ വെള്ളി നേടി. അണ്ടർ 14 ബോൾ ത്രോയിൽ കേരളത്തിന്റെ പി.കെ. വിഷ്ണു വെള്ളിയും ഐ.കെ. മുഹമ്മദ് സിറാജുദീൻ വെങ്കലവും സ്വന്തമാക്കി. അണ്ടർ 14 ട്രിപ്പിൾ ജംപിൽ പി. പ്രണവ് വെള്ളിയണിഞ്ഞു.
തകർത്തടിച്ച് കേരളം
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ബിഹാറിനെതിരേ ഒന്‍പതു വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി കേരളം നോക്കൗട്ട് സാധ്യത നിലനിർത്തി. ഗ്രൂപ്പ് സിയിൽ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിലുൾപ്പെട്ട് നോക്കൗട്ടിൽ കടക്കാനുള്ള സാധ്യതയാണു കേരളത്തിനുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റണ്‍സിനു പുറത്തായി. ശ്രീശാന്ത് നാലും ജലജ് സക്സേന മൂന്നും നിധീഷ് രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി. 149 റണ്‍സ് എന്ന ലക്ഷ്യം 8.5 ഓവറിൽ കേരളം അടിച്ചെടുത്തു. 32 പന്തിൽ 10 സിക്സും നാലു ഫോറും അടക്കം 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയാണു കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. ഓപ്പണർ വിഷ്ണു വിനോദ് 12 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 37 റണ്‍സ് എടുത്തു. സഞ്ജു സാംസണ് 9 പന്തിൽനിന്നു രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 24 റണ്‍സോടെ പുറത്താകാതെ നിന്നു.
ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള കർണാടകയ്ക്കും ഉത്തർപ്രദേശിനും 16 പോയിന്റ് വീതമാണ്. റണ്‍റേറ്റ് അടിസ്ഥാനത്തിൽ കർണാടകയാണു ഗ്രൂപ്പ് ചാന്പ്യന്മാർ.
ഗോളടിച്ചും അടിപ്പിച്ചും മെസി
സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസി ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021ൽ മെസി മിന്നും ഫോമിലാണ്. ഈ വർഷം മെസി ഇതുവരെ കളിച്ച ഒന്‍പത് മത്സരങ്ങളിൽ 12 ഗോൾ നേടുകയും മൂന്നെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു.
മെസി ഗോളൊരുക്കുകയും ഗോളടിക്കുകയും ചെയ്ത മത്സരത്തിൽ ബാഴ്സ 2-0ന് എവേ പോരാട്ടത്തിൽ സെവിയ്യയെ കീഴടക്കി. കോപ്പ ഡെൽ റേ ആദ്യ പാദത്തിൽ സെവിയ്യയോടു പരാജയപ്പെട്ടതിന്റെ കണക്കുതീർക്കൽകൂടിയായിരുന്നു ബാഴ്സയുടെ ജയം. മെസിയുടെ പാസിൽനിന്ന് ഡെംബലെ (29’) നേടിയ ഗോളിൽ ബാഴ്സ മുന്നിൽ കടന്നു. 85-ാം മിനിറ്റിൽ മെസി ടീമിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. സീസണിൽ ഗോൾ വേട്ടയിൽ മെസിയാണു മുന്നിൽ, 19 ഗോൾ. മെസി ഗോൾ നേടുന്ന തുടർച്ചയായ എട്ടാം ലീഗ് പോരാട്ടമായിരുന്നു.
ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തും ബാഴ്സ എത്തി. 23 മത്സരങ്ങളിൽനിന്ന് 55 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 24 കളിയിൽ 52 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്.
മറ്റു മത്സരങ്ങളിൽ ഒസാസുന 1-0ന് ആൽവെസിനെയും ഗെറ്റാഫെ 3-0ന് വലൻസിയയെയും കീഴടക്കി.
ക്രിസ്റ്റ്യാനൊയ്ക്കു രക്ഷിക്കാനായില്ല
വെറോണ: ഇറ്റാലിയൻ സീരി എയിൽ 19 ഗോളോടെ ഗോൾവേട്ടയിൽ മുന്നിലുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കു യുവന്റസിനെ ജയത്തിലേക്കു കൈപിടിച്ചുയർത്താൻ സാധിച്ചില്ല. റൊണാൾഡോയുടെ ഗോളിൽ (49’) മുന്നിൽകടന്ന യുവന്റസിനെ, അന്റോയിൻ ബറാക്കിലൂടെ (77’) വെറോണ 1-1 സമനിലയിൽ തളച്ചു. സീരി എയിൽ കഴിഞ്ഞ 47 മത്സരങ്ങളിൽ 47 ഗോൾ എന്ന സംഖ്യ തികയ്ക്കാൻ റൊണാൾഡോയ്ക്കു സാധിച്ചു.
ലീഗിൽ 23 മത്സരങ്ങൾ പൂർത്തിയാക്കി ഇന്റർ മിലാനും (53 പോയിന്റ്) എസി മിലാനും (49) പിന്നിൽ മൂന്നാം സ്ഥാനത്താണു യുവന്റസ് (46).
രോഹിത്തിനും അശ്വിനും റാങ്കിൽ മുന്നേറ്റം
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ആറു സ്ഥാനങ്ങൾ മുന്നോട്ടുകയറി രോഹിത് എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ മികച്ച പ്രകടനമാണു രോഹിത്തിനു നേട്ടമായത്.
ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് (919 പോയിന്റ്) ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (853), വിരാട് കോഹ്ലി (836) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ചേതേശ്വർ പൂജാര ഒന്‍പതിൽനിന്ന് 10-ാം സ്ഥാനത്തേക്ക് വീണു.
ബൗളർമാരുടെ റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ മുന്നോട്ടു കയറി ആർ. അശ്വിൻ മൂന്നാം സ്ഥാനത്തെത്തി. ആദ്യ 10 സ്ഥാനത്തുള്ള ഒരേയൊരു സ്പിന്നർ അശ്വിനാണ്.
ജസ്പ്രീത് ബുംറ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഒന്പതിലായി.
മലപ്പുറത്തിന് ഇരട്ടക്കിരീടം
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന 25 -ാമത് സംസ്ഥാന ജൂണിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ടക്കിരീടം. ഫൈനൽ ലീഗിൽ മുഴുവൻ മത്സരങ്ങളും ജയിച്ചാണ് മലപ്പുറം ജേതാക്കളായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും നേടി.
ദക്ഷിണേന്ത്യന്‍ ജൂണിയർ മീറ്റ് : റിക്കാർഡ് ദിനം
തേഞ്ഞിപ്പലം: ദക്ഷിണേന്ത്യന്‍ ജൂണിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം റിക്കാർഡുകളുടെ പെരുമഴ. കേരളത്തിന്റെ അപർണ റോയ്, ആൻസി സോജൻ, കെസിയ മറിയം ബെന്നി എന്നിവരുടേതടക്കം 11 മീറ്റ് റിക്കാര്‍ഡുകൾ ഇന്നലെ പിറന്നു.
അണ്ടര്‍- 20 വനിത 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ് (14.14 സെക്കൻഡ്), അണ്ടര്‍- 20 വനിത ലോംഗ് ജംപില്‍ കേരളത്തിന്റെ ഇ. ആന്‍സി സോജന് (6.28 മീറ്റർ), അണ്ടര്‍- 20 വനിതകളുടെ ഹാമര്‍ ത്രോയില്‍ കേരളത്തിന്റെ കെസിയ മറിയം ബെന്നി (49 മീറ്റർ) എന്നിവർ റിക്കാർഡ് ബുക്കിൽ കേരളത്തിന്റെ പ്രതിനിധികളായി.
അണ്ടർ-14 പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ എസ്. സൈന, അണ്ടർ-16 ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ കെ.സി. ശരവണ്‍, അണ്ടർ -18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി. മുഹമ്മദ് ഹന്നാന്‍ വെള്ളച്ചാലില്‍, അണ്ടർ-20 ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കെ. അതുല്‍ രാജ് എന്നിവർ ഇന്നലെ കേരളത്തിനു സ്വർണം സമ്മാനിച്ചു.
കോവിഡ് കാലമായതിനാല്‍ വേണ്ടത്ര പരിശീലനം ലഭിച്ചില്ലെങ്കിലും ദേശീയ മീറ്റിലും റിക്കാര്‍ഡിട്ട് കെസിയ മറിയം ബെന്നിയുടെ മിന്നും പ്രകടനം. അണ്ടർ- 20 ഹാമര്‍ ത്രോയില്‍ 49 മീറ്റർ ദൂരം കുറിച്ച് തമിഴ്നാടിന്റെ ജി. ശുഭ 2000ത്തില്‍ ഹൈദരാബാദില്‍ കുറിച്ച 47.92 മീറ്ററിന്റെ റിക്കാര്‍ഡ് തിരുത്തുകയായിരുന്നു. എംഎ കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. പി .ഐ. ബാബുവാണ് പരിശീലകന്.
ഹർഡിൽസിൽ ഇരട്ടമെഡൽ
അണ്ടര്‍- 20 വനിത 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി നേട്ടം കൊയ്ത് അപര്‍ണ റോയിയും ആന്‍ റോസ് ടോമിയും.
കൂടരഞ്ഞി സ്വദേശിയും തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിലെ ബികോം വിദ്യാര്‍ഥിനിയുമായ അപര്‍ണ റോയ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.14 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് പുതിയ റിക്കാര്‍ഡിട്ടു. 2017ല്‍ തമിഴ്നാടിന്റെ ആര്. നിത്യ 14.33 സമയത്തില്‍ കുറിച്ച റിക്കാര്‍ഡാണ് അപര്‍ണ റോയ് മറികടന്നത്. നാട്ടിക സ്പോര്‍ട്സ് അക്കാഡമിയിലെ താരവും തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ആന്‍ റോസ് ടോമിക്കാണ് വെള്ളി.
മീറ്റിൽ തമിഴ്നാടാണ് മുന്നിൽ. 24 സ്വര്‍ണം, 29 വെള്ളി, 21 വെങ്കലം. കേരളം തൊട്ടുപിറകിൽ. 17 സ്വര്‍ണം, 28 വെള്ളി, 22 വെങ്കലം. കർണാടക മൂന്നാമത്. 14 സ്വര്‍ണം, എട്ട് വെള്ളി, 10 വെങ്കലം.