ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന്നാൽ, എത്ര പേർ മൂന്നാറിലെ ടീ മ്യൂസിയം കണ്ടിട്ടുണ്ടെന്നു ചോദിച്ചാലോ? കേരളത്തിലെ തേയില കൃഷിയുടെ തറവാട് എന്നു പറയാവുന്ന മൂന്നാർ മലനിരകളുടെ തേയില ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ മ്യൂസിയം.
ചായ ചരിത്രം
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയാണ് 2005ൽ സഞ്ചാരികൾക്കായി ഈ മ്യൂസിയം തുറന്നത്. കൊളോണിയൽ പ്രൗഢിയോടെയാണ് ഈ മന്ദിരത്തിന്റെ നിൽപ്പ്. പണ്ട് പ്ലാന്റേഷൻ മാനേജർമാരുടെ വസതിയായിരുന്നു ഈ കെട്ടിടം. പതിവായി ചായ കുടിക്കുമെങ്കിലും ചായയുടെ ഉത്പാദനം, ശേഖരണം, സംസ്കരണം എന്നിവയെക്കുറിച്ചു പലർക്കും കൃത്യമായ ധാരണയില്ല.
ഇതെല്ലാം അടുത്തറിയാൻ ഈ മ്യൂസിയം സന്ദർശിച്ചാൽ മതി. തേയില നിർമാണത്തിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഇവിടെ കാണാം. മൂന്നാറിന്റെ ചരിത്രംകൂടിയാണ് ഈ തേയില മ്യൂസിയത്തിൽ ഉറങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ തേയില ഉത്പാദനം, ആദ്യ കാല ചിത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവയെല്ലാം പരിചയപ്പെടാം.
ഈ രംഗത്തു വലിയ സംഭാവനകൾ നൽകിയ ബ്രിട്ടീഷുകാർ, ഇന്ത്യൻ പ്ലാന്റർമാർ ഇവർക്കൊക്കെ മ്യൂസിയത്തിൽ ഇടം നൽകിയിട്ടുണ്ട്.
പ്രവേശനം
സഞ്ചാരികൾക്കു വ്യത്യസ്ത തരം ചായ രുചിക്കാനും ഇവിടെ സൗകര്യമുണ്ടെന്നതാണ് മറ്റൊരു ആകർഷണം. തേയിലയും സുവനീറുകളും വാങ്ങാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തനം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാർഥി കൾക്കു പ്രത്യേക പാക്കേജ്.തിങ്കൾ അവധി.