ADVERTISEMENT
ADVERTISEMENT
6
Sunday
July 2025
9:42 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Special News
ADVERTISEMENT
റെയിൽവേയുടെ കാലോചിതമായ പരിഷ്കാരം സ്വാഗതാർഹം
റെയിൽവേയിൽ കാലങ്ങളായി സ്ലീപ്പർ ക്ലാസുകളിൽ 400 സീറ്റുകൾക്ക് മുകളിൽ വരെ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗ് അനുവദിക്കുന്ന പഴഞ്ചൻ സന്പ്രദായത്തിന് മാറ്റം വരുത്തി ‘ഷുവർ’ യാത്ര ഉറപ്പുവരുത്തുന്ന കാലോചിതമായ പരിഷ്കാരം സ്വാഗതാർഹമാണ്. ട്രെയിനിലെ സാധ്യമായ ബർത്തുകളുടെ 25% മാത്രം ബർത്തുകൾ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗ് അനുവദിക്കുന്ന പുതിയ രീതി ശുഭയാത്രയ്ക്കും ‘ഷുവർ’ യാത്രയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു. കുടുംബമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റിംഗ് ലിസ്റ്റ് കണ്ഫേം ആകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ഞങ്ങളെ സംബന്ധിച്ച് പുതിയ പരീക്ഷണത്തിൽ സീറ്റ് കിട്ടിയത് വലിയൊരു ആശ്വാസമാണ്. 25 ശതമാനത്തിന് മാത്രം വെയിറ്റിംഗ് ലിസ്റ്റിൽ ബുക്കിംഗ് അനുവദിക്കുന്പോൾ ഓരോ റൂട്ടിലും വർധിച്ചുവരുന്ന ആവശ്യകത മനസിലാക്കാനുള്ള സംവിധാനവും അനുബന്ധ സൗകര്യവും ഏർപ്പെടുത്തണം. ഷുവർ യാത്രയ്ക്ക് വെയ്റ്റിംഗ് ലിസ്റ്റ് ബുക്കിംഗ് പരിമിതപ്പെടുത്തുന്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ അല്ലെങ്കിൽ അധിക ബോഗികൾ അനുവദിക്കാനുള്ള സംവിധാനവും ഉണ്ടാകണം.
-സുനിൽ തോമസ്, റാന്നി
വിദ്യാർഥികളും അച്ചടക്കവും എന്ന വിഷയത്തെപ്പറ്റി രണ്ടു വാക്ക്
സ്കൂളിൽ കുട്ടികൾ സ്ഥിരമായി ക്ലാസിൽ കയറുന്നുണ്ടോ എന്നു പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങൾക്കും കൗൺസിലർമാർക്കും അധികാരം നൽകുന്നു എന്ന വാർത്ത കണ്ടു. സ്കൂളിലെ അധ്യാപകർക്കും പ്രധാന അധ്യാപകർക്കും പറ്റാത്ത കാര്യം രാഷ്ട്രീയക്കാരായ വാർഡ് അംഗങ്ങൾക്ക് നൽകുന്നതിലെ യുക്തി മനസിലാകുന്നില്ല. ക്ലാസ് ടീച്ചർമാരേക്കാൾ അധികാരം വാർഡ് അംഗങ്ങൾക്കു നൽകുന്നതു വഴി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. സ്വരാഷ്ട്രീയവും അന്യരാഷ്ട്രീയവും മനസിൽനിന്ന് എടുത്തുകളയാൻ സാധിക്കാത്ത കേരളസമൂഹത്തെ പരിചയമില്ലാത്ത ഐഎഎസ് വിദഗ്ധരുടെ തലയിൽ ഉദിച്ചതാണോ ഈ പരിഷ്കാരം എന്നറിയില്ല. ഐഎഎസുകാരിൽതന്നെ ക്ലാസിൽ കയറാത്ത, സോറി, ഓഫീസിൽ വരാത്ത ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക എടുത്ത് അന്യോന്യം കുറ്റപ്പെടുത്തിയ സംഭവം നടന്നിട്ട് അധികനാൾ ആയില്ല. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സ്കൂളുകളിലെ ഹാജർ പരിശോധിക്കുന്നത് വായിച്ചപ്പോൾ പഴയ ഒരു ‘ബോബനും മോളിയും’ ഫലിതം ഓർത്തുപോയി. പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണാൻ വർഷാവസാനം പുതിയ വർഷത്തെ പഞ്ചായത്ത് കലണ്ടർ ഒറ്റ കോപ്പി മാത്രം പ്രിന്റ് ചെയ്തു സ്വന്തം വീട്ടിൽ തൂക്കിയപ്പോൾ മറ്റ് അംഗങ്ങൾ അതിനെ ചോദ്യംചെയ്തു. അപ്പോൾ പ്രസിഡന്റ് പറയുകയാണ്; “നിങ്ങൾ എല്ലാ ദിവസവും രാവിലെ എന്റെ വീട്ടിൽ വന്നാൽ ആ ദിവസം ഞായറാഴ്ചയോ തിങ്കളോ എന്ന് ഞാൻ പറഞ്ഞുതരാം” എന്ന്. ഇതുപോലെയാകുമോ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ? ‘വിദ്യാർഥികളും അച്ചടക്കവും’ എന്നത് ഇപ്പോൾ ഒരു ഉപന്യാസത്തിനോ പ്രസംഗത്തിനോപോലും വിഷയമല്ലാതായി! എല്ലാറ്റിനും നമുക്ക് ഒരു പ്രത്യേകതരം വൈബ് മാത്രം മതിയല്ലോ!
-ആർ. രാധാകൃഷ്ണൻ ,പാലക്കാട്
ഗതാഗതക്കുരുക്ക് തീർക്കാൻ പുതുവഴി തേടണം
ദേശീയപാതയുടെ ട്രാഫിക് കുരുക്കുകൾ അഴിക്കുവാൻ ആത്മാർഥമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കരാർ കൊടുക്കുന്നതിനുമുമ്പ് ഉറപ്പാക്കേണ്ട ചിലതുണ്ട്. അടിപ്പാതയും മേൽപ്പാതയും കലുങ്കും നിർമിക്കുമ്പോൾ ഇപ്പോഴുള്ള നല്ല റോഡ് പൊളിച്ച് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. അപ്പോൾ ഇരുവശത്തെയും വാഹന ഗതാഗതത്തിന് അനുയോജ്യമായ റോഡ് തയാറാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയോ ഗതാഗത വകുപ്പിന്റെയോ അനുമതി വാങ്ങണം എന്ന് നിർബന്ധ നിബന്ധന ഉണ്ടാകണം. ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ ഒരു പോലീസുകാരൻ നിന്ന് അയാളുടെ മനോധർമംപോലെ വാഹനനിയന്ത്രണം നടത്തുന്നതിനു പകരം ഡ്രോൺ പോലുള്ള ആധുനിക സംവിധാനം ഉപയോഗിച്ച് ചെയ്യണം. കൂടുതൽ വാഹനനിരയുള്ള ഭാഗത്തെ അവഗണിച്ച് ചെറിയവഴിയിൽനിന്ന് ദേശീയപാതയിലേക്കു കയറുന്ന വാഹനങ്ങൾക്ക് പോലീസുകാർ കൂടുതൽ സമയം കൊടുക്കുന്നത് പതിവാണ്. വഴിതെറ്റിച്ച്, ക്യു നിൽക്കാതെ കടന്നുവന്ന് വരിയിൽ കുത്തിക്കയറ്റുന്ന വാഹനങ്ങളെ ഡ്രോണിലൂടെ നിരീക്ഷിച്ച് പിഴ അടപ്പിക്കാൻ ശ്രദ്ധിച്ചാൽ ഗതാഗതക്കുരുക്ക് നിഷ്പ്രയാസം തടയാം. കെഎസ്ആർടിസി /പ്രൈവറ്റ് ബസുകൾ തുടങ്ങി ക്ഷമയില്ലാത്ത കൂട്ടർ ഉണ്ടാക്കുന്ന കുരുക്ക് അഴിയാൻ സാധാരണയിൽ കൂടുതൽ സമയം എടുക്കാറുണ്ട്. ടോൾ കൊടുത്തു പോകുന്ന വാഹനങ്ങൾ ഫാസ്ടാഗ് പതിച്ചവയാണല്ലോ. പക്ഷേ അവയെല്ലാം സ്ലോ ടാഗ് ഘടിപ്പിച്ച സ്ഥിതിയിലാണ് ഈ ബ്ലോക്കിൽ. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ കുരുക്കിൽ കിടക്കുന്ന വാഹനങ്ങളിൽനിന്നുപോലും ടോൾ പിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ ടോൾ തുകയുടെ 50 ശതമാനം എങ്കിലും റീഫണ്ട് ചെയ്യണം. ജമ്മുവിൽ അങ്ങനെ ഒരു കോടതിവിധി ഉണ്ടെന്ന് എവിടെയോ വായിച്ചു. ജനങ്ങൾക്കുവേണ്ടി നിയമം മാറ്റാൻ നിഷ്പ്രയാസം സാധിക്കും.
ആർ. രാധാകൃഷ്ണൻ, പാലക്കാട്
സുരക്ഷാജീവനക്കാരെ നിയോഗിക്കണം
സർക്കാർ ഓഫീസ് പരിസരത്ത് അലഞ്ഞുനടക്കുന്ന നായ്ക്കളുടെ ആക്രമണം പലയിടത്തും ഉണ്ടാകുന്നുണ്ട്. ഏത് സർക്കാർ ഓഫീസിൽ പോയാലും നിരവധി നായ്ക്കൾ ഓഫീസുകളിലെ വരാന്തയിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ് നടക്കുന്നത് കാണാം. കോടതി വരാന്തകളിലും സർക്കാർ ആശുപത്രി വരാന്തകളും പരിസരങ്ങളും വിദ്യാഭ്യാസ ഓഫീസുകളുടെ പരിസരവുമെല്ലാം നായ്ക്കൾ താവളം ആക്കിയിരിക്കുകയാണ്. പലപ്പോഴും ജീവനക്കാരും കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഭാഗ്യംകൊണ്ടാണ് നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. അടിയന്തരമായി സുരക്ഷാ ജീവനക്കാരെ സർക്കാർ ഓഫീസ് പരിസരത്ത് നിയോഗിക്കണം.
-റോയി വർഗീസ്, ഇലവുങ്കൽ, മുണ്ടിയപ്പള്ളി
ബസുകളെല്ലാം മെഡിക്കൽ കോളജ് ചുറ്റണമോ?
കോട്ടയം - എറണാകുളം സർവീസ് നടത്തുന്നതിൽ എറെയും പ്രൈവറ്റ് ബസുകളാണ്. ശരവേഗത്തിൽ കുതിക്കുന്ന ബസുകൾ മുഴുവനും മെഡിക്കൽ കോളജു ചുറ്റുന്നു. കോട്ടയം- എറണാകുളം നേരേ സഞ്ചരിക്കേണ്ട യാത്രക്കാർ ധാരാളമുണ്ട്. അവർ മുഴുവൻ, സമയം നഷ്ടപ്പെടുത്തി, ശരീരക്ഷീണവും നേരിട്ട് , ഈ മെഡിക്കൽ കോളജു ചുറ്റേണ്ട ആവശ്യമുണ്ടോ? നേരേ എറണാകുളം/കോട്ടയം പോകേണ്ട യാത്രക്കാരെ ഇങ്ങനെ വലയ്ക്കേണ്ട ആവശ്യം ആർക്കാണ്! ഇപ്പോൾ കോട്ടയം - എറണാകുളം ഓടുന്ന പകുതി ബസുകളെങ്കിലും മെഡിക്കൽ കോളജ് ചുറ്റൽ ഒഴിവാക്കി നേരേ ഓടിക്കണം.... യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടണം.
-അഡ്വ. ഫിലിപ്പ് പഴേന്പള്ളി, കടുത്തുരുത്തി
ഡബിൾ ഡെക്കർ സഞ്ചാരം ക്രമീകരിക്കണം
മൂന്നാറിനു സമാനമായ പ്രകൃതി രമണീയത സഞ്ചാരികൾക്ക് ആസ്വദിക്കാൻ പച്ചപ്പട്ടുവിരിച്ച തേയില തോട്ടങ്ങളുടെ അരികിലൂടെ ഏലപ്പാറ- കുട്ടിക്കാനം- പീരുമേട് റൂട്ടിൽ ഓപ്പണ് ഡബിൾ ഡെക്കർ ബസ് സഞ്ചാരം ക്രമീകരിച്ചാൽ മൂന്നാറിനു ശേഷം മറ്റു റൂട്ടുകളിലും ഇരട്ടി മുന്നേറ്റം ആകും. പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങൾ കാണാനെത്തുന്നവർക്ക് ഓപ്പണ് ഡബിൾ ഡെക്കർ ബസ് ഒരു പുതുമ നിറഞ്ഞ യാത്രയാകും.
-സുനിൽ തോമസ്,റാന്നി
മലയാളത്തിനു നിരാശ
മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനും വേണ്ടി 2015ൽ നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന്, നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ അനുമതി നിഷേധിച്ചുവെന്ന വാർത്ത വലിയ നിരാശയുളവാക്കുന്നതാണ്. കേരളം വലിയ പ്രതീക്ഷ വച്ചു പുലർത്തിയതായിരുന്നു മലയാള ഭാഷാ ബിൽ. ബിൽ നടപ്പായിരുന്നുവെങ്കിൽ മലയാള ഭാഷയുടെ സർവവ്യാപനം സാധ്യമാകുമായിരുന്നു. ഭരണഭാഷ മലയാളമാക്കുക, മത്സരപരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാക്കുക, ജില്ലാ കോടതി വരെയുള്ള കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കുക, ബോർഡുകൾ മലയാളത്തിൽ കൂടിയാക്കുക തുടങ്ങി എല്ലാ രംഗത്തും മലയാളം ഉപയോഗിക്കുന്നതിനുള്ള ഒട്ടേറെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതായിരുന്നു ബിൽ. മലയാളത്തിന്റെ സർവവ്യാപനം നടപ്പാവുകതന്നെ വേണം. ബില്ലിന് അനുമതി നേടാനാകാതെ വന്ന സാഹചര്യത്തിൽ സാധ്യമായ മറ്റു മാർഗങ്ങൾ സർക്കാർ തേടണം.
-മുരളീമോഹൻ മഞ്ചേരി, മലപ്പുറം
സ്കൂളുകളിൽ ഏകീകൃത പഠനസമയം നിലനിർത്തിക്കൂടേ?
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ എൽപി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പത്തുമണി മുതൽ നാലുമണി വരെയും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 9.45 മുതൽ 4.15 വരെയും ഹയർ സെക്കൻഡറി കുട്ടികൾക്ക് രാവിലെ 8.45 മുതൽ 4.30 വരെയും പഠനസമയം ക്രമീകരിക്കുന്നത് സ്കൂൾ കാന്പസിൽ അച്ചടക്കം നിലനിർത്താൻ ഏറെ പ്രയാസകരമാകും. ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ നേരത്തേയെത്തുകയും വൈകിപ്പോവുകയും ചെയ്യുന്പോൾ എൽപി, യുപി വിഭാഗം കുട്ടികൾ വൈകിയെത്തുകയും നേരത്തേ സ്കൂൾ വിട്ടു പോവുകയും ചെയ്യുന്നത് കുട്ടികളുടെ അച്ചടക്ക പരിപാലനം ഏറെ ശ്രമകരമാക്കും. പ്രത്യേകിച്ച് കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനും അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും താളപ്പിഴകൾ സംഭവിക്കും. മാത്രവുമല്ല, ഏകീകൃത സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കഴിയാതെ വരും. സ്കൂളിലെ മുഴുവൻ കുട്ടികളും ഒത്തുചേരുന്നതിനും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവർക്ക് മറ്റുള്ളവരിൽനിന്ന് പ്രോത്സാഹനം ലഭിക്കുന്നതിനും ഇടയാകാത്ത സാഹചര്യമുണ്ടാകും. കൂടാതെ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമല്ല. എന്നാൽ, പ്രായം കുറഞ്ഞ ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവൃത്തി ദിനവുമാക്കി. പഠനത്തിന്റെ പിരിമുറുക്കത്തിൽനിന്നു മുക്തി നേടേണ്ട ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി മാറ്റുന്നത് കുട്ടികൾക്ക് ഏറെ ആയാസകരമാകും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും നല്ല ശീലങ്ങൾ വളർത്തുന്നതിനും കലാ-കായിക പ്രവൃത്തിപരിചയ പരിശീലനം നേടുന്നതിനും ശനിയാഴ്ചകൾ ലഭ്യമാകണം. ഈ സാഹചര്യങ്ങൾ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പഠന സമയം ഏകീകരിക്കുകയും ശനിയാഴ്ചകളിൽ പഠനം ഒഴിവാക്കുകയും ചെയ്ത് കുട്ടികൾക്ക് കളിച്ച് ഉല്ലസിക്കുന്നതിനും ആയാസരഹിതമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കലാ-കായിക, പ്രവൃത്തിപരിചയ പരിശീലനത്തിന് അവസരം ലഭ്യമാക്കണം. എങ്കിൽ മാത്രമേ അടിയന്തര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കാനും സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും കഴിയൂ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും ശ്രദ്ധിക്കുമല്ലോ.
- റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
തെരുവുനായ്ക്കളെ കൂട്ടിലാക്കണം
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വാക്സിൻ എടുക്കുന്നവരും എടുക്കാത്തവരും അവയുടെ കടിയേറ്റു മരിക്കുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം കടലാസിൽ മാത്രമായിരിക്കുന്നു. തെരുവുകളിൽ നായ്ക്കൾ പെറ്റുപെരുകുകയാണ്. വർഷങ്ങൾക്കുമുന്പ് പാലായിൽ മുനിസിപ്പൽ ഏരിയയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചപ്പോൾ അന്നത്തെ മുനിസിപ്പൽ ചെയർമാൻ തെരുവുനായ്ക്കളെ കൂട്ടിലടച്ചു. അന്ന് മുനിസിപ്പാലിറ്റിക്ക് ഫണ്ട് ഉണ്ടായിരുന്നു. ഇന്നാകട്ടെ അവ പട്ടണത്തിൽ കൂട്ടംകൂട്ടമായി റോന്തു ചുറ്റുകയാണ്. തെരുവുനായ്ക്കളെ കൂട് നിർമിച്ച് സംരക്ഷിക്കാൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അധികൃതർ തയാറാകണം. പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ച് ഫണ്ട് പ്രശ്നം പരിഹരിക്കാനാകും. 25 സെന്റ് സ്ഥലം 12 വർഷത്തേക്ക് ലീസിന് വാങ്ങി ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും കൂട്ടിലടയ്ക്കാൻ കഴിയും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഏതു പ്രതിസന്ധിയും മറികടക്കാനാകും.
ജോസഫ് ചാക്കോ, മരങ്ങാട്ടുപിള്ളി
ലിഫ്റ്റിനും വേണം ചികിത്സ
പത്തനംതിട്ട ജനറല് ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയത് കാരണം കുറേ ദിവസങ്ങളായി ജീവനക്കാരും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടിലാണ്. നാല് നിലകളുള്ള കെട്ടിടത്തില് രോഗികളെ ചുമന്നാണ് എത്തിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ രോഗാതുരമായ ആശുപത്രിയുടെ അവസ്ഥയില് പകച്ചു നില്ക്കുകയാണ് ജനങ്ങൾ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പത്തനംതിട്ട ജനറല് ആശുപത്രി സന്ദര്ശിച്ചപ്പോള് ഈ നിസ്സഹായവസ്ഥ നേരിട്ട് ശ്രദ്ധയില്പ്പെടുത്തിയതാണ്. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ലിഫ്റ്റ് തകരാര് വിഷയത്തില് എന്തെങ്കിലും നടപടി ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
സുനില് തോമസ്, റാന്നി
മരങ്ങൾ മുറിച്ചുമാറ്റൽ: മാനദണ്ഡങ്ങൾ നിശ്ചയിക്കണം
ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തു പലയിടത്തും വൻമരങ്ങൾ പലതും വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും വൈദ്യുതി കന്പികളിലേക്കും റോഡിലേക്കും മറഞ്ഞുവീണു വലിയ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു. സർക്കാരും ജില്ലാ കളക്ടർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് തുടരെ അറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ലഭ്യമല്ലാത്തതിനാൽ ഉടമസ്ഥർ മരങ്ങൾ മുറിച്ചുമാറ്റാൻ തയാറാകുന്നില്ല. അതിനാൽ അപകടസാധ്യത നിലനിൽക്കുകയാണ്. വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും ഉയരത്തിനു മുകളിൽ വളർന്നുനിൽക്കുന്ന മരങ്ങളുടെ ഉയരം കുറയ്ക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്യണം. വലിയ വൃക്ഷങ്ങൾ നട്ടുവളർത്തുന്നത് വീടുകളുടെയും സ്ഥാപനങ്ങളുടെയും അടുത്ത് 50 അടിയെങ്കിലും അകലം പാലിച്ച് വേണം. അതുപോലെ റോഡരികിൽ വൈദ്യുതി ലൈനുമായി കൃത്യമായ അകലം പാലിച്ചു വേണം നട്ടുവളർത്താൻ. വൈദ്യുതി ലൈനിലേക്ക് വളർന്നുകിടക്കുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്വം വൃക്ഷത്തിന്റെ ഉടമയ്ക്കാകണം. റോഡിലേക്കും വൈദ്യുതി ലൈനിലേക്കും മരങ്ങൾ വീണാൽ അതിന്റെ നാശത്തിന്റെ ചിലവുകളും പൂർണ ഉത്തരവാദിത്വവും മരത്തിന്റെ ഉടമയ്ക്കായിരിക്കണം. അതുപോലെ വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾ പൂർണമായും വൃക്ഷത്തിന്റെ ഉടമ വഹിക്കണം. മഴക്കാലത്തിനു മുന്പ് തദ്ദേശ സ്വയംഭരണ ഭരണസമിതി അംഗങ്ങളുടെ ചുമതലയിൽ വാർഡുകളിൽ നേരിട്ട് പരിശോധന നടത്തി അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണം. ഇങ്ങനെ കർശനമായ മാനദണ്ഡങ്ങളും നിബന്ധനകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ച് അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
തൊഴിലപകടങ്ങൾ ഒഴിവാക്കണം
കഴിഞ്ഞദിവസം സംസ്ഥാനത്തൊരിടത്ത്, നിർമാണപ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളി, നിന്നിരുന്ന തട്ടു തകർന്ന് മുകളിൽനിന്നു താഴേക്കു പതിച്ചപ്പോൾ മറ്റൊരാൾ കൈകൾ നീട്ടിപ്പിടിച്ചു രക്ഷിച്ച വാർത്തയും ദൃശ്യങ്ങളും വൈറലായിരുന്നുവല്ലോ. ഉയരമുള്ള കെട്ടിടങ്ങളുടെയും ടവറുകളുടെയും മുകളിൽ നിർമാണ, പെയിന്റിംഗ്, റിപ്പയറിംഗ് ജോലികൾക്കായി കയറുന്ന തൊഴിലാളികളിൽ ചിലർ താഴേക്കു വീണു മരണമടയുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഉയരത്തിൽ നിന്നു പണിയെടുക്കുന്ന ഇവർ കാൽവഴുതുക, പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യം തുടങ്ങിയ കാരണങ്ങളാൽ ബാലൻസ് തെറ്റി അപ്രതീക്ഷിതമായി നിലംപതിച്ചേക്കാം. ഇത് അവരുടെ കുടുംബങ്ങൾക്ക് വൻ ദുഃഖവും നഷ്ടവുമാണുണ്ടാക്കുക. “ഇത്തരം തൊഴിൽ ചെയ്തു തഴന്പിച്ചവരാണ്, അപകടമൊന്നുമുണ്ടാകില്ല” എന്ന ഒഴുക്കൻ മനോഭാവമാണ് നാട്ടിൽ പലയിടത്തും കാണാനാകുന്നത്. തൊഴിൽ ചെയ്യുന്നവരും കൊടുക്കുന്നവരും സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കിയശേഷം മാത്രമേ പണി തുടങ്ങാവൂ. ഇക്കാര്യത്തിൽ, വിദേശരാജ്യങ്ങളിലുള്ളതുപോലെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനാകുമല്ലോ. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷാ നിബന്ധന ഉറപ്പാക്കുന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
-സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി
ലിഫ്റ്റ് ദുരന്തം ചെറിയ കാര്യമല്ല
കട്ടപ്പനയിലെ ലിഫ്റ്റ് ദുരന്തത്തിൽ ഒരാൾ മരിച്ചു. ഈ അപകടത്തിൽ ഒരാളെ മരണപ്പെട്ടുള്ളൂ. അതുകൊണ്ട് ആ ലിഫ്റ്റ് അപകടം ചെറുതല്ല. ലിഫ്റ്റ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംവിധാനമാണ്. വലിയ പരിശോധനകളും പഠനങ്ങളും ഈ അപകടത്തെക്കുറിച്ച് ഉണ്ടാകണം. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത അപകടമാണ് ലിഫ്റ്റ് അപകടം. -
അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ
സസ്പെൻഷനിൽ മാത്രം ഒതുക്കരുത്; മാതൃകാപരമായി ശിക്ഷിക്കണം
ജോലിക്കു നിന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചുവെന്നാരോപിച്ച് വീട്ടുടുമ നൽകിയ പരാതിയിൽ ദളിത് സ്ത്രീയായ ബിന്ദുവിന് പേരൂർക്കട പോലീസ് സ്റ്റേഷനിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരതകൾ വായിച്ചപ്പോൾ സങ്കടംവന്നു. രാത്രിയിൽ സ്ത്രീകളെ കസ്റ്റഡിയിൽ വയ്ക്കാൻ നിയമം ഇല്ലെന്നിരിക്കേയാണ് 20 മണിക്കൂറോളം അവരെ ചോദ്യം ചെയ്തതും താൻ മോഷ്ടിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിവസ്ത്രയാക്കി പരിശോധിച്ചതും വെള്ളം ചോദിച്ചപ്പോൾ ടോയ്ലെറ്റിൽനിന്ന് കുടിക്കാൻ പറഞ്ഞതും വരുന്നവർക്കും പോകുന്നവർക്കും കാണാവുന്ന രീതിയിൽ കടലാസിട്ട് നിലത്തിരുത്തിയതും കസ്റ്റഡിയിലെടുത്ത കാര്യം വീട്ടുകാരെ അറിയിക്കാൻ സമ്മതിക്കാതിരുന്നതും തുടങ്ങി ഒട്ടേറെ ക്രൂരകൃത്യങ്ങളാണ് ആ പാവം സ്ത്രീക്ക് നേരിടേണ്ടിവന്നത്. പിറ്റേ ദിവസം മാല വീട്ടിൽനിന്ന് കിട്ടിയെന്ന് അറിയിച്ചതിനുശേഷമാണ് അവരെ വെറുതെ വിട്ടത്. ഇതൊക്കെ ചെയ്തത് ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ദളിത് സ്ത്രീയാണെന്ന ചിന്തയിലാണ്. ഇത്തരം ചിന്ത വച്ചു പുലർത്തുന്ന ഉദ്യോഗസ്ഥർ കാക്കി കുപ്പായമിടാൻ അർഹരല്ല. ഈ സംഭവത്തിന് ഉത്തരവാദികളായ എല്ലാ പോലീസുകാർക്കുമെതിരേ മാതൃകാപരമായ ശിക്ഷ എടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. സസ്പെൻഷനിൽ മാത്രം ഒതുക്കരുത്.
-സുനിൽ കണ്ണോളി തേലപ്പിള്ളി
പ്ലസ്ടുവിലും ബയോളജി ഒറ്റ വിഷയമാക്കണം
മറ്റു മിക്ക സംസ്ഥാനങ്ങളിലും എന്നപോലെ കേരളത്തിലും പത്താം ക്ലാസ് കഴിഞ്ഞുള്ള പ്ലസ്ടു, വിഎച്ച്എസ്ഇ കോഴ്സുകൾ തുല്യമാണ്. രണ്ടിടത്തും ഒരേ പുസ്തകങ്ങളാണ്. ഒരേ യോഗ്യതയുള്ള അധ്യാപകരാണ് പഠിപ്പിക്കുന്നതും. എന്നാൽ, വിഎച്ച്എസ്ഇയിൽ ബയോളജി ഒറ്റ വിഷയമാണ്. സുവോളജിയും ബോട്ടണിയും രണ്ടു പുസ്തകമായാണ് ഉള്ളതെങ്കിലും രണ്ടും ഒരാൾതന്നെയാണു പഠിപ്പിക്കുന്നത്, സുവോളജിയിലോ ബോട്ടണിയിലോ പിജി ഉള്ളവർ. ഈ രണ്ടു കൂട്ടരും ഡിഗ്രി തലത്തിൽ മറ്റേ വിഷയവും തുല്യമികവോടെ പഠിച്ചവരാണ്. പക്ഷേ പ്ലസ്ടുവിൽ സുവോളജിയും ബോട്ടണിയും രണ്ട് അധ്യാപകരാണ് എടുക്കുന്നത്. പരീക്ഷ ഒന്നിച്ചാണെങ്കിലും അവയുടെ പ്രാക്ടിക്കൽ പരീക്ഷയും പരീക്ഷാ മൂല്യനിർണയവും രണ്ടായാണ് നടക്കുന്നത്. അതതു വിഷയത്തിൽ പിജി ഉള്ളവരാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 60 മാർക്കിന്റെ എഴുത്തുപരീക്ഷയും 40 മാർക്കിന്റെ പ്രാക്ടിക്കലും നടക്കുമ്പോൾ പ്ലസ്ടു കുട്ടികൾക്ക് ഓരോ വർഷവും സുവോളജി, ബോട്ടണി എന്നിവയ്ക്ക് 30 മാർക്കിന്റെ പരീക്ഷയും രണ്ടാം വർഷം 20 മാർക്കിന്റെ പ്രാക്ടിക്കലുമാണുള്ളത്. എന്നാൽ, ഫലം വരുമ്പോൾ രണ്ടുംകൂടി ചേർത്ത് ബയോളജി ആയി തന്നെയാണ് എഴുതുന്നത്. പ്ലസ് ടു തലത്തിൽ സുവോളജിക്കും ബോട്ടണിക്കും ജൂണിയർ അധ്യാപകരുടെ എണ്ണമാണ് കൂടുതൽ. എന്നാൽ വിഎച്ച്എസ്ഇയിൽ ബയോളജിയുടെ സീനിയർ അധ്യാപകരാണുള്ളത്. സ്കൂൾ ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലസ്ടുവിലും ബോട്ടണിയും സുവോളജിയും ചേർത്ത് ബയോളജി എന്ന ഒറ്റ വിഷയമാക്കി ഒരേ ആൾ തന്നെ പഠിപ്പിക്കുന്ന രീതി വരണം. അപ്പോൾ രണ്ട് ജൂണിയർ അധ്യാപകർക്കു പകരം എല്ലാ സ്കൂളിലും ഒരു സീനിയർ അധ്യാപകൻ മതി എന്ന അവസ്ഥ വരുന്നതിനാൽ ബയോളജിയിലെ, കാര്യമായ ജോലി ഇല്ലാത്ത അനാവശ്യമായ തസ്തികകൾ കുറയ്ക്കാനും സാധിക്കും.
- ജോഷി ബി. ജോൺ മണപ്പള്ളി
മാസ്ക് നിർബന്ധമാക്കണം
മഴക്കാലം എത്തിയതോടെ വൈറൽ പനിയും കോവിഡും മറ്റ് സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളിലും പൊതുവാഹനങ്ങളിലും പ്രത്യേകിച്ച് ആശുപത്രികളിലും ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കണം. ഇക്കാര്യത്തിൽ ഗൗരവമായ നടപടിയിലേക്ക് സർക്കാർ നീങ്ങണം. ഇല്ലെങ്കിൽ ആശുപത്രികളിൽ കിടക്കകൾ ലഭ്യമാകാത്ത വിധം രോഗികളെക്കൊണ്ട് നിറയും. മാത്രവുമല്ല നിയന്ത്രണാതീതമായി രോഗികൾ എത്തുന്നതോടെ ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാവും. ഇതുമൂലം വിലപ്പെട്ട ജീവനുകൾ പൊലിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകും. അതിനാൽ ആരംഭത്തിൽതന്നെ മുൻകരുതലിലൂടെ രോഗികളുടെ എണ്ണം കുറയ്ക്കാനായി അടിയന്തരമായി സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജനങ്ങൾക്ക് മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തയാറാകണം.
- റോയി വർഗീസ്, മുണ്ടിയപ്പള്ളി
ദുരിതത്തിലാകുന്ന ഭിന്നശേഷിക്കാർ
സർക്കാർ ആശുപത്രികളിലെ മെഡിക്കല് ബോർഡുകള് സമയബന്ധിതമായി യോഗം ചേരാത്തത് ഭിന്നശേഷിക്കാർക്ക് ദുരിതമാകുന്നു. ഇതുമൂലം ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യുഡിഐഡി കാർഡ് എന്നിവ ലഭിക്കാനും പുതുക്കാനും കഴിയുന്നില്ല. ഭിന്നശേഷിക്കാർക്കുള്ള പല ആനുകൂല്യങ്ങളും ഇതുമൂലം നഷ്ടപ്പെടുന്നു. ഓർത്തോ, സൈക്യാട്രി, ഇഎൻടി, ജനറല് ഫിസിഷൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനല് ഓരോ മാസവും ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റുകള് അനുവദിക്കുന്നത്. സ്കൂള് പ്രവേശനസമയത്തും പെൻഷനടക്കമുള്ള വിവിധ കാര്യങ്ങൾക്കും ഭിന്നശേഷി കുട്ടികള്ക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ സർക്കാർ ആശുപത്രികളില്നിന്നുള്ള ഐക്യു സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രോഗതീവ്രത കൂടിവരുന്ന അവസ്ഥയിലുള്ളവർക്ക് അഞ്ചുവർഷം കൂടുമ്പോൾ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ഒരോ താലൂക്ക് ആശുപത്രിയിലും മാസം ശരാശരി 100 പേർ ഡിസബിലിറ്റി സർട്ടിഫിക്കറ്റുകള്ക്കായി എത്താറുണ്ട്. എന്നാൽ, ഇതിനായി താലൂക്ക് ആശുപത്രികളില് എത്തുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ല. ഇവിടങ്ങളിൽ ഒരുവർഷം മുമ്പ് സമർപ്പിച്ച അപേക്ഷകള് അടക്കം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. അതിനാൽ അപേക്ഷകൾ സമർപ്പിക്കേണ്ട ആശുപത്രികളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രി അധികൃതരുടെ അലസതയും ഈ വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഭിന്നശേഷി വിദ്യാർഥികളെ അവഗണിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കി എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്.
- സ്വബീഹ് പൊന്മുണ്ടം
അനിശ്ചിതത്വം മാറ്റിയിട്ടു പോരേ ആശകൊടുക്കൽ?
നീണ്ട ഇടവേളയ്ക്കുശേഷം റേഷൻകടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്നും സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും മണ്ണെണ്ണ എന്ന പ്രഖ്യാപനം വളരെ സന്തോഷമുള്ളതായിരുന്നു. മേയ് മുതൽ ആരംഭിക്കുമെന്നും അറിയിച്ചു. എന്നാൽ, മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ തന്നെയാണ്. കടയുടമകളുടെയും വിതരണക്കാരുടെയും ഒക്കെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ മണ്ണെണ്ണ കാർഡുടമകൾക്കു കിട്ടുകയുള്ളൂ. അനിശ്ചിതത്വങ്ങളൊക്കെ പരിഹരിച്ചിട്ട് പോരായിരുന്നോ പ്രഖ്യാപനങ്ങൾ. പ്രഖ്യാപനങ്ങൾ മാത്രം മതിയോ ജനങ്ങൾക്ക്? പ്രാബല്യത്തിൽ വരട്ടെ.
- എ.ജെ. സജി, ആറ്റത്ര
യാത്രക്കാരെ നനയ്ക്കുന്ന റെയിൽവേ
കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ, ഒന്നാം നന്പർ പ്ലാറ്റഫോംമിൽ വൈകുന്നേരം ആറിന് കാത്തിരിക്കുകയായിരുന്നു. പല ട്രെയിനുകൾ വന്നുനിന്നു, പിന്നെ, ‘പറന്നു ’ കടന്നുപോയി. ഇതിനിടയിൽ ശക്തിയായി മഴ വന്നു. യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടിവന്നത് മഴ നനയാതെ സംരക്ഷണം കിട്ടുന്ന പ്ലാറ്റഫോം ഭാഗത്തല്ലായിരുന്നു. ഇറങ്ങുന്നവരും പെരുമഴ നനഞ്ഞു മഴയത്തു തന്നെ ഇറങ്ങി ഓടിക്കൊണ്ടിരുന്നു. മഴ നനഞ്ഞോടുന്ന യാത്രക്കാരെ കണ്ടപ്പോൾ അതിശയം തോന്നി. ഇന്ത്യൻ റെയിൽവേ ഇത്ര വളർന്ന, ഇക്കാലത്തും കയറാനും ഇറങ്ങാനും യാത്രക്കാർ മഴ നനയണോ! യാത്രക്കാർക്ക് വേണ്ടിടത്തോളം റെയിൻ ഗാർഡുകൾ ഉണ്ടാക്കാൻ, ഷെൽട്ടർ പണിയാൻ ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഞെരുക്കത്തിലാണോ? ഇതു ശരിയല്ല, ഒരു ക്ഷേമരാഷ്ട്രത്തിന് അഭിമാനകരമായ അവസ്ഥയുമല്ല. ഇന്ത്യൻ റെയിൽവേ ഒരു റെയിൽ യാത്രക്കാരനെയും നനച്ചു വിടരുത്. സത്വര നടപടികൾ വേണം.
-അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ
പെരുവഴിയിലാക്കുന്ന ദേശീയപാതകൾ
ദീർഘദൂര യാത്രകൾക്കായി സഞ്ചരിക്കുന്പോൾ ചെറു റോഡുകളിലൂടെ ദുർഘടവും ഗതാഗതക്കുരുക്കും മറികടന്ന് ദേശീയപാതകളിൽ എത്തിയാൽ സുഗമമായ യാത്ര നടന്നിരുന്നു. ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. കൂനിൻമേൽ കുരു എന്ന അവസ്ഥയാണ് ദേശീയപാതകളിലൂടെയുള്ള യാത്ര. അതിന് ഏറ്റവും ഉദാഹരണമാണ് ആന്പല്ലൂർ, കൊരട്ടി എന്നിവിടങ്ങളിലൊക്കെയുള്ള ദുരവസ്ഥ. സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന നിലപാടാണ് ദേശീയപാതാ അഥോറിറ്റിക്കും ഉദോഗ്യസ്ഥർക്കുമുള്ളത്.
-എ.ജെ. സജി ആറ്റത്ര, തൃശൂർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
LATEST NEWS
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില് കെഎസ്ആര്ടിസി ബസുകള് കൂട്ടിയിടിച്ച് അപകടം; 15 പേര്ക്ക് പരിക്ക്
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ മകനും പനി; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
എഫ് 35 ബിയുടെ കാര്യത്തിൽ തീരുമാനം ഉടൻ; വിദഗ്ധ സംഘം ഇന്ന് എത്തും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT