റോഡരികിലെ തടിസംഭരണം നിരോധിക്കണം
Sunday, August 10, 2025 2:19 AM IST
ഗ്രാമീണ മേഖലകളിലെ റോഡരികിൽ വ്യാപകമായി തടി സംഭരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പൊതുവേ വീതി കുറഞ്ഞതും വളവുകൾ ഉള്ളതുമായ ഗ്രാമീണ റോഡുകളുടെ അരികിൽ വ്യാപാരികൾ വൻതോതിൽ തടികൾ ഇറക്കുന്നതും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് തടികൾ കയറ്റുന്നതും വലിയ അപകടത്തിനും ഗതാഗതക്കുരുക്കിനും സാധ്യതയൊരുക്കുകയാണ്.
വാഹനയാത്രകൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും ഭീതിയും ഉണ്ടാക്കുന്ന വിധത്തിലാണ് റോഡരികിലെ തടിയിറക്കൽ. ഇത്തരം തടിസംഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി നിരോധിക്കണം. വൃക്ഷങ്ങൾ വിലയ്ക്കു വാങ്ങുന്ന പുരയിടത്തിൽതന്നെ തടികൾ നിക്ഷേപിക്കുകയും അവിടെനിന്നു വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്യാൻ എന്താണു തടസം?
റോയി വർഗീസ് മുണ്ടിയപ്പള്ളി, തിരുവല്ല