ബഹിഷ്കരണ സിദ്ധാന്തം അവസാനിപ്പിക്കണം
Tuesday, August 19, 2025 12:36 AM IST
നമ്മുടെ രാജ്യത്ത് ഒറ്റ മതവുമല്ല, ഒറ്റ രാഷ്ട്രീയവുമല്ല. അതിനാൽ ഓരോരുത്തരും അവർക്കിഷ്ടപ്പെട്ട മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നു. അതിൽ ആർക്കും ഒരു പ്രശ്നവുമില്ല. കാരണം അവരെല്ലാവരും പൊതുസമൂഹത്തിൽ ഒരുമയോടെ ജീവിക്കുന്നു. എന്നാലും, ചില സന്ദർഭങ്ങളിൽ പൊതുസമൂഹത്തിൽ കാണുന്ന ചില കാഴ്ചകൾ അതിനു വിരുദ്ധമാണ്.
കേരള ഗവർണർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് "അറ്റ് ഹോം' എന്ന പേരിൽ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. അതിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഉദ്യോഗസ്ഥ പ്രമുഖരെയും മറ്റുള്ളവരെയും ക്ഷണിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല. ഗവർണറുടെ നടപടികൾ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. എന്നാലും, ഒരു ചടങ്ങിനു വിളിക്കുമ്പോൾ, ആ ചടങ്ങിന്റെ മാഹാത്മ്യം പരിഗണിച്ച് അതിൽ പങ്കെടുക്കണം. എല്ലാത്തിലും ബഹിഷ്കരണം പ്രായോഗികമാകണമെന്നില്ല.
അതുപോലെതന്നെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ലോക്സഭയിലെ പ്രതിപക്ഷ നേതാവും എഐസിസി പ്രസിഡന്റും ബഹിഷ്കരിച്ചു. അവിടെയും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് അവർ പങ്കെടുക്കേണ്ടതായിരുന്നു. കോടതിവിധികൾ ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ കോടതികൾ ശരിയല്ല. ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങൾ ഇഷ്ടമല്ലെങ്കിൽ അവർ ശരിയല്ല എന്നീ നിഗമനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതെല്ലാം നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം.
ചില ആളുകൾ അവർ രാഷ്ട്രീയത്തിൽ ആയാലും സമുദായത്തിൽ ആയാലും കുടുംബങ്ങളിലായാലും എന്തിനെയും ബഹിഷ്കരിക്കുന്നവരാണ്. ആ സമീപനത്തിൽ മാറ്റം ഉണ്ടാകണം. അഭിപ്രായങ്ങളെയും ആശയങ്ങളെയും മാത്രം എതിർക്കുക എന്നതായിരിക്കണം പൊതുവായ സമീപനം.
ഏതാനും ദിവസം മുമ്പ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: പൊതുഭരണത്തിൽ അച്ചടക്കം ഉറപ്പാക്കാൻ സർക്കാരിനെതിരേ ഹർജികളും കേസുകളും ഫയൽ ചെയ്യാൻ തയാറുള്ള വ്യക്തികളെയാണ് സമൂഹത്തിന് ആവശ്യമെന്ന്. രാഷ്ട്രീയ പരിഗണനകൾ കാരണം സർക്കാരിനുപോലും കഴിയാത്തത് ചിലപ്പോൾ കോടതി ഉത്തരവുകൾ നേടിയെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ