‘അഞ്ചു പേരുടെ’ ഇന്ത്യയാകാതിരിക്കാൻ
Thursday, July 24, 2025 12:58 AM IST
‘പത്തു പേരുടെയല്ല ഇന്ത്യ’ എന്ന ലേഖനം പഠനാർഹവും ചിന്തനീയവും ചർച്ചചെയ്യേണ്ടതുമായ വിഷയമാണ്. ആധുനിക ഇന്ത്യയുടെ നേർക്കാഴ്ചയാണീ ലേഖനം.
ജനാധിപത്യത്തിനും സോഷ്യലിസത്തിനും നിരക്കാത്ത കാര്യങ്ങളാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ ദുരന്തം. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്നതും കലഹത്തിനു കാരണമുണ്ടാക്കുന്നതുമായ സന്പദ്വ്യവസ്ഥ വളരുകയാണ്. ഇപ്പോൾ ഇന്ത്യയെ പത്തു പേർ വാങ്ങിയാൽ വരുംനാളുകളിൽ അഞ്ചു പേരുടെ ഇന്ത്യയാകും.
ബോധപൂർവമായ ഇടപെടലുകളും സാന്പത്തിക നയപുനഃക്രമീകരണവും ഉണ്ടായില്ലെങ്കിൽ ഇന്ത്യ തകരും. നാലാമത്തെ സാന്പത്തികശക്തി കണക്കുബുക്കിൽ കണ്ടാൽ പോരാ, ദരിദ്രരുടെ കീശയിലാണ് അതു കാണേണ്ടത്. വിനിയോഗിക്കപ്പെടാത്ത സ്വത്തും പണവും പാവപ്പെട്ടവന്റെ വിഷക്കഞ്ഞിയാണ്. തുല്യനീതി അവകാശമായിരിക്കേ, സന്പന്നദരിദ്ര വിടവ് ഒരു ശാപമായിരിക്കേ നിലവിലുള്ള സാന്പത്തിക വ്യവസ്ഥിതിക്ക് മാറ്റംവരുത്താൻ പാർലമെന്റ് സാന്പത്തികാച്ചടക്കത്തിനു നടപടിയുണ്ടാക്കണം.
അങ്ങനെ വന്നില്ലെങ്കിൽ ഇന്ത്യ ശരീരം ശോഷിച്ചതും തല വലുതുമായ രൂപത്തിലാകും. അറുപതു കഴിഞ്ഞ സാധാരണക്കാർക്കും ചെറിയ തുക പെൻഷൻ നൽകിയാൽ സന്പദ്ഘടന ശക്തമാകുകയും നല്ലതാകുകയും ചെയ്യും. കണക്കുകൾ നിരത്തി ലേഖനം എഴുതിയ ജോർജിന് അഭിനന്ദനങ്ങൾ.
ഫാ. ലൂക്ക് പൂതൃക്കയിൽ, മോനിപ്പള്ളി