കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാം
Thursday, August 21, 2025 12:18 AM IST
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ഡോ. സ്വാമിനാഥന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കൊച്ചാര്‍ തുറക്കല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണു വരുത്തിയിരിക്കുന്നത്. കൊച്ചാര്‍ തുറക്കുന്നതിനു മുമ്പ് കൂടിയാല്‍ 10 ദിവസത്തെ വെള്ളപ്പൊക്കമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് ആറുമാസം താഴ്ന്ന പുരയിടങ്ങളില്‍ വെള്ളം കയറിക്കിടക്കുന്ന സ്ഥിതിയാണ്.
കൊച്ചാര്‍ തുറക്കുന്നതിനു മുമ്പ് തുടക്കഭാഗത്ത് ബണ്ടിനപ്പുറം ഉണ്ടായിരുന്ന വെള്ളം കൊച്ചാറിന്റെ അവസാനഭാഗത്തെ ജലനിരപ്പിനേക്കാള്‍ ഒന്നര അടി മുതല്‍ രണ്ടടി വരെ കൂടുതലായിരുന്നു. ഒന്നര അടി മുതല്‍ രണ്ടടി വരെയുള്ള വെള്ളത്തിന്റെ പ്രശ്നമേ ഇന്നും കുട്ടനാട്ടില്‍ ഉള്ളൂ. ഏതാണ്ട് 150 മീറ്റര്‍ വീതിയുള്ള ആറ് തുറന്നതോടെ ശക്തമായ വേലിയേറ്റത്തില്‍ കുട്ടനാട്ടിലേക്ക് ശക്തമായി വെള്ളം കയറാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കുട്ടനാട്ടില്‍നിന്ന് വെള്ളം ഒഴിയാതെ വരികയും കൃഷിസമയത്ത് ഓരുവെള്ള ഭീഷണി നേരിടേണ്ടിവരികയും ചെയ്യുന്നു.
ഇതിനുള്ള ഏക പരിഹാരം കൊച്ചാറിന്റെ വടക്കേ ബണ്ട് അടഞ്ഞുകിടന്ന പൂര്വസ്ഥിതിയിലാക്കുകയെന്നുള്ളതാണ്. അല്ലെങ്കില്‍ ബണ്ടിന്റെ നടുഭാഗം 10 മുതല്‍ 15 മീറ്റര്‍ വരെ തുറന്നിട്ടുകൊണ്ട് ബാക്കി ഭാഗത്ത് ബണ്ട് നിര്‍മിക്കുക. പിന്നീട് വേണ്ടിവന്നാല്‍ ഈ 15 മീറ്റര്‍ ഭാഗത്ത് ഷട്ടര്‍ നിര്‍മിച്ച് വെള്ളം നിയന്ത്രിക്കാം.
ടി.എ. ലാലപ്പന് പുളിങ്കുന്ന്, ആലപ്പുഴ