വികസന ഭൂപടത്തിൽ ഇടുക്കിക്ക് സവിശേഷ സ്ഥാനം: മന്ത്രി റോഷി
1546810
Wednesday, April 30, 2025 6:04 AM IST
ഇടുക്കി: കേരളത്തിന്റെ വികസന ഭൂപടത്തിൽ സവിശേഷമായ സ്ഥാനം നേടിയെടുത്ത പദ്ധതികളാണ് സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനം, ഗതാഗതം, ടൂറിസം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇടുക്കി മാറുകയാണ്. മെഡിക്കൽ കോളജിന്റെ വികസനം പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. കുറ്റിയാർ ഡൈവേർഷൻ സ്കീം, നാടുകാണി പവലിയൻ വികസനം, മൂന്നാർ-കുമളി-ഇടുക്കി എന്നിവ ചേർത്ത് ഏരിയൽ ടൂറിസം പദ്ധതി ഉൾപ്പടെ വിവിധ പദ്ധതികൾക്ക് രൂപം നൽകും.
സംസ്ഥാനത്ത് 17 ലക്ഷം കുടുംബങ്ങൾക്കു മാത്രമായിരുന്ന കുടിവെള്ള കണക്ഷനുകൾ മൂന്നുവർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങൾക്ക് ലഭ്യമാക്കി. 40 ദശലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന പ്ലാന്റിന്റെ നിർമാണം ജില്ലയിൽ പൂർത്തിയായി വരികയാണെന്നും എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.
വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻ കുമാർ, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി. സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജോസ് എന്നിവർ പ്രസംഗിച്ചു.