പച്ചപ്പിന്റെ വഴികളിലൂടെ കവന്തയിലേക്ക് ട്രക്കിംഗ്
1594703
Thursday, September 25, 2025 11:41 PM IST
ടൂറിസം ദിനം സൂപ്പറാക്കും
മൂലമറ്റം: ലോക വിനോദ സഞ്ചാരദിന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനു ജനകീയ കൂട്ടായ്മയായ പി -4ന്റെ നേതൃത്വത്തിൽ നാളെ മൂലമറ്റം-കോട്ടമല റോഡിന്റെ ഭാഗമായ ഉളുപ്പൂണി കവന്തയിലേക്കു ട്രക്കിംഗ് നടത്തും. പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്ന് ആസ്വദിച്ച് വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെയുള്ള ട്രക്കിംഗാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ഒൻപതിനു മൂലമറ്റത്ത് അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു ട്രക്കിംഗ് ഫ്ളാഗ് ഓഫ് ചെയ്യും. മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഡയറക്ടർ റവ.ഡോ.തോമസ് പുതുശേരി ടൂറിസം ദിന സന്ദേശം നൽകും.
പദയാത്ര, ബൈക്ക് റാലി
മൂലമറ്റം കെസ്ആർടിസി ജംഗ്ഷൻ വരെ പദയാത്രയായി നീങ്ങിയ ശേഷം ഇവിടെനിന്നു ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി മേമുട്ടം കവല വരെ എത്തും. ഇവിടെനിന്ന് 10.45ന് മുന്നൂറോളം പേർ കവന്തയിലേക്കും ഉളുപ്പുണി പുൽമേട്ടിലേക്കും ട്രക്കിംഗ് നടത്തും.
കവന്തയിൽ അറക്കുളം, കുടയത്തൂർ, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ ടൂറിസം സാധ്യതകളും പ്രതിബന്ധങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസണ് ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.ആർ. സന്തോഷ്കുമാർ, ആൽബിൻ കല്ലക്കാവുങ്കൽ, ജോസ് ഇടക്കര, ബിജു പാലക്കാട്ടുകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും. 1.30 ന് ട്രക്കിംഗ് പൂർത്തിയാക്കി സംഘാഗങ്ങൾ മടങ്ങും.