ജീവൻ പൊന്നാണ്, വിഷ്ണുവിനായി നാടൊന്നാകെ കൈകോർത്തു
1594474
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ നാട്ടിലെത്തിക്കാൻ നാട് കൈ കോർത്തു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കരിണ്ണൂർ തട്ടക്കുഴ സ്വദേശിയായ വിഷ്ണു(29)വിന് വിദഗ്ധ ചികിത്സ നൽകുന്നത്. രണ്ടേകാൽ മണിക്കൂർകൊണ്ട്. അഞ്ച് ജില്ലകൾ പിന്നിട്ടാണ് വിഷ്ണുവിനെ വഹിച്ചുള്ള ആംബുലൻസ് അതിവേഗം തൊടുപുഴയിലെത്തിയത്. വഴിനീളെ സുമനസുകൾ ആംബുലൻസിന് വഴിയൊരുക്കി.
കൊല്ലത്ത് ഹോട്ടലിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്ന വിഷ്ണു കഴിഞ്ഞ് ഓഗസ്റ്റ് 15നാണ് അപകടത്തിൽപ്പെടുന്നത്. ജോലിക്കായി പോകുന്പോഴായിരുന്നു അപകടം. അപകടത്തിൽ തലയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ തലയോട്ടി മാറ്റി വച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് തലയോട്ടി പുനഃസ്ഥാപിക്കും. ചികിത്സാ സൗകര്യാർഥമാണ് തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
നാല് മണിക്കൂറിനുള്ളിൽ വിഷ്ണുവിനെ തൊടുപുഴയിലെത്തിക്കണമായിരുന്നു. സമയം വൈകിയാൽ സ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. അതിനാൽ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു.
കൊല്ലത്തെ ആശുപത്രിയിൽനിന്ന് ഉച്ചയ്ക്ക് 11.56ഓടെയാണ് ആംബുലൻസ് പുറപ്പെട്ടത്. വൈകുന്നേരം നാലോടെ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ 2.20ന് ആശുപത്രിയിലെത്തി. കൊല്ലം, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, പാല, തൊടുപുഴ, മുതലക്കോടം എന്നിങ്ങനെയായിരുന്ന നിശ്ചയിച്ചിരുന്ന പാത. കടന്നുവരുന്ന പാതകളിലെല്ലാം സമൂഹ്യമാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നല്കിയിരുന്നു.
ചിലയിടങ്ങളിൽ നേരിയ തടസം നേരിട്ടതല്ലാതെ എല്ലായിടത്തും ആംബുലൻസിന് കടന്നുപോകാൻ വേണ്ട സംവിധാനം ഒരുക്കിയിരുന്നതായി ആംബുലൻസ് ഡ്രൈവർ മുഹമ്മദ് ഫസൽ പറഞ്ഞു. കോ-ഓർഡിനേറ്റർ അൻസാരി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സമീഷ് മർക്കോസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വിഷ്ണുവിനെ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചെന്ന് മുതലക്കോടം ഹോളി ഫാമിലി ആശുപത്രി എമർജൻസി വിഭാഗത്തിലെ ഡോ. അത്തീഖ് ഉമർ, ന്യൂറോ സർജൻ ഡോ. ആന്റണി നെറ്റിക്കാടൻ എന്നിവർ അറിയിച്ചു.