സ്കൂൾ കെട്ടിടം ഉദ്ഘാടനം: കൗണ്‍സിലിൽ വാഗ്വാദം
1594257
Wednesday, September 24, 2025 6:39 AM IST
തൊടുപുഴ: അടിസ്ഥാന സൗകര്യം ഒരുക്കാതെ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തെ ചൊല്ലി മുനിസിപ്പൽ കൗണ്‍സിലിൽ തർക്കം. സ്കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാതെ തുറന്ന് നൽകരുതെന്ന് കൗണ്‍സിലർ സനീഷ് ജോർജ് യോഗത്തിൽ ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ സ്കൂൾ കെട്ടിട ഉദ്ഘാടനം തീരുമാനമാകാതെ കൗണ്‍സിൽ പിരിയുകയായിരുന്നു.
നഗരസഭയിലെ 29-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോലാനി യുപി സ്കൂളിന്റെ ഉദ്ഘാടനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. വാർഡ് കൗണ്‍സിലർ മെർലി രാജുവാണ് അജണ്ടയിൽ സ്കൂൾ ഉദ്ഘാടനം നടത്തണമെന്ന വിഷയം അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യം ഒരുക്കാതെ സ്കൂൾ തുറന്നുനൽകാനുള്ള നീക്കത്തെ സനീഷ് ജോർജ് എതിർത്തു.
സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ പല തവണകളായി 47 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നു. കെട്ടിടനിർമാണം അന്തിമ ഘട്ടത്തിൽ എത്തുകയും ചെയ്തു. എന്നാൽ, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞടുപ്പ് മുന്നിൽക്കണ്ട് സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ നിർദേശ പ്രകാരം വാർഡ് കൗണ്‍സിലർ മെർലി രാജുവും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളൂം ചേർന്ന് സ്കൂൾ കെട്ടിടം തട്ടിക്കൂട്ടി ഉദ്ഘാടനം നടത്താൻ തീരുമാനിക്കുകയായിരുന്നവെന്നാണ് സനീഷ് ജോർജ് ആരോപിച്ചത്.
സ്കൂളിലെ പ്രധാന അധ്യാപകന്റെ നിർദേശം പാലിക്കാതെയും മുനിസിപ്പൽ കൗണ്‍സിലിന്റെയും മുനിസിപ്പൽ ചെയർമാന്റെയും അനുമതി തേടാതെയും ഒക്ടോബർ അഞ്ചിന് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, സ്കൂളിൽ ടോയ്ലെറ്റ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്.
ഇതിനെയാണ് സനീഷ് ജോർജ് എതിർത്തത്. സനീഷിന്റെ വാദങ്ങൾ ശരിയാണെന്ന് കണ്സിലിലെ ഭൂരിപക്ഷം അംഗങ്ങൾ അംഗീകരിക്കുകയും ചെയ്തു. സനീഷ് ജോർജ് വ്യക്തമാക്കിയ കാര്യങ്ങൾ വസ്തുതാപരമാണെന്ന് എൽഡിഎഫ് കൗണ്‍സിലർ ആർ. ഹരി ചൂണ്ടിക്കാട്ടി. നിർമാണം പൂർത്തിയാക്കാതെ തെരഞ്ഞെടുപ്പു രാഷ്ട്രീയലക്ഷ്യംവച്ച് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്നും സനീഷ് വ്യക്തമാക്കി.
തുടർന്ന് തീരുമാനം മാറ്റിവയ്ക്കാൻ ചെയർമാൻ കെ. ദീപക്കിന്റെ അധ്യക്ഷതയിൽ ചേർന്ന കൗണ്‍സിൽ തീരുമാനിയ്ക്കുകയായിരുന്നു.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽനിന്നു വൈക്കം, പാലാ, മണക്കാട് റൂട്ടുകളിൽനിന്നുള്ള ബസുകൾ സർവീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന പ്രമേയം നഗരസഭാ കൗണ്‍സിലിൽ അവതരിപ്പിച്ചു. മങ്ങാട്ടുകവലയിൽ നഗരസഭ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ച സാഹചര്യത്തിൽ പടിഞ്ഞാറൻ മേഖലയിൽനിന്നു വരുന്ന ബസുകൾ ഇവിടെവരെ സർവീസ് നീട്ടണമെന്നാണ് ആവശ്യം.
കിഴക്കൻ മേഖലയിലേക്കു പോകുന്ന ബസുകൾ പുതിയ ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിലേക്കു കയറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു. കൗണ്‍സിലർമാരായ എം.എ. കരിം, ജോർജ് ജോണ്‍ എന്നിവർ അവതരിപ്പിച്ച പ്രമേയം കൗണ്‍സിൽ അംഗീകരിച്ചു. ഇതിനായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഉടൻതന്നെ വിളിച്ചുചേർക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതരോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.