വിടവാങ്ങിയത് ‘ചങ്ക് ബ്രൊ’ ആയ മാഷ്
1594704
Thursday, September 25, 2025 11:41 PM IST
കട്ടപ്പന: വാഹനാപകടത്തിൽ മരണപ്പെട്ട ജോയ്സ് പി. ഷിബു വിദ്യാർഥികളുടെ ചങ്ക് ബ്രൊ. രാവിലെ കോളജിലെത്തിയ വിദ്യാർഥികൾ ഞെട്ടലോടെയാണ് തങ്ങളുടെ പ്രിയ അധ്യാപകന്റെ അപകട മരണം അറിഞ്ഞത്. തുടർന്ന് കലാലയം കണ്ണീരിലാഴ്ന്നു. അധ്യാപനം എന്ന സ്വപ്നത്തിനു ചിറകു മുളച്ച വേളയിലാണ് ദുർവിധി ജോയ്സിനെ കവർന്നെടുത്തത്.
പുളിയന്മല ക്രൈസ്റ്റ് കോളജിൽ ബിബിഎ വിഭാഗത്തിൽ മാനേജ്മെന്റാണ് ജോയ്സ് പഠിപ്പിച്ചിരുന്നത്. 2019- 23 ബാച്ചിൽ ഇതേ കോളജിൽതന്നെ ബിബിഎ ബിരുദം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏറ്റുമാനൂരിൽ പിജി പഠനം പൂർത്തിയാക്കിയശേഷം രണ്ടുമാസം മുമ്പാണ് ക്രൈസ്റ്റ് കോളജിൽ അധ്യാപകനായി ചുമതലയേറ്റത്. 24-ാം വയസിൽ ലഭിച്ച ജോലി ആത്മാർഥമായി നടത്തിവന്നു. അതിലുപരി വിദ്യാർഥികളുടെ ചങ്ക് ബ്രോയായിരുന്നു ജോയ്സ്. പാഠപുസ്തകങ്ങൾക്കപ്പുറം വിവിധങ്ങളായ പരിപാടികൾ കോളജിൽ സംഘടിപ്പിക്കാൻ ജോയ്സ് മുന്നിട്ടുനിന്നിരുന്നു.
കലാലയത്തിലെ ടൂറിസം ക്ലബ്ബിന്റെ ഇൻ-ചാർജ് കൂടിയായിരുന്നു അദ്ദേഹം. വടംവലി മത്സരമടക്കം കലാലയത്തിൽ സംഘടിപ്പിക്കുവാൻ നേതൃത്വം നൽകി. അധ്യാപകൻ - വിദ്യാർഥി ബന്ധത്തിനപ്പുറം സുഹൃത്തായിത്തന്നെയാണ് ജോയ്സ് കുട്ടികളുമായി ഇടപെട്ടിരുന്നത്. തങ്ങളുടെ പ്രീയപ്പെട്ട അധ്യാപകന്റെ അകാലത്തിലുള്ള വിടവാങ്ങൽ ഓരോ വിദ്യാർഥിക്കും താങ്ങാനാവുന്നതിനപ്പുറമായിരുന്നു.