കെ.സി. ജോർജിന്റെ സൗഹൃദത്തിന്റെ ഓർമയിൽ സഹപ്രവർത്തകർ
1594250
Wednesday, September 24, 2025 6:39 AM IST
കട്ടപ്പന: സൗഹൃദങ്ങളെ ഹൃദയത്തോടു ചേർത്തു പിടിച്ച അതുല്യ കലാകാരനായിരുന്നു കാലയവനികയിൽ മറഞ്ഞ കെ.സി. ജോർജ് എന്ന് പ്രമുഖ നാടക - സിനിമ സീരിയൽ നടൻ പ്രമോദ് വെളിയനാട്.
നാടക രചയിതാവും സംവിധായകനും എഴുത്തുകാരനും സംസ്ഥാന നാടക അവാർഡ് ജേതാവുമായിരുന്ന കെ.സി. ജോർജിന്റെ ഒന്നാം ചരമവാർഷികദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രമോദ്. അക്ഷരങ്ങളിൽ അഴകു വിരിയിച്ചിരുന്ന കെസി എന്നു ചുരുക്കപ്പേരിൽ എല്ലാവരാലും അറിയപ്പെടുന്ന കെ.സി. ജോർജ് നമ്മുടെ എല്ലാം കണ്ണിൽനിന്നു മാത്രമേ മറഞ്ഞിട്ടുള്ളൂ, മനസിൽനിന്ന് ഒരിക്കലും മറയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടകം ഇരുതല മൂർച്ചയുള്ള ഒരായുധമാണ്, ഈ ആയുധത്തെ തേച്ചുമിനുക്കി മങ്ങലേൽപ്പിക്കാതെ കട്ടപ്പന എന്ന നാടിനെ ഏഴാം കടലുകൾക്കപ്പുറത്തേക്കെത്തിച്ച അതുല്യ പ്രതിഭകളായിരുന്നു എം.സി. കട്ടപ്പനയും കെ.സി. ജോർജുമെന്നും പ്രമോദ് വെളിയനാട് കൂട്ടിച്ചേർത്തു.
കട്ടപ്പന സിഎസ്ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സണ് ബീന ടോമി അധ്യക്ഷത വഹിച്ചു. എം.സി. ബോബൻ സ്വാഗതം പറഞ്ഞു. രാജീവൻ മാന്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സി. ജോർജിന്റെ പേരിലുള്ള പ്രഥമ സംസ്ഥാന നാടക അവാർഡ് ചടങ്ങിൽ എം.ജെ. ആന്റണിക്കു സമ്മാനിച്ചു. വി.ആർ. ശശി, ജോയി വെട്ടിക്കുഴി, വി.ആർ. സജി, ഫാ. ജോയ് നിരപ്പേൽ, ഇ.ജെ. ജോസഫ്, രതീഷ് വരകുമല, മനോജ് മുരളി, ജോയി ആനിത്തോട്ടം, സിജോമോൻ ജോയി, തങ്കച്ചൻ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.