വാളറയില്‍ വഴിയോര വിശ്രമകേന്ദ്രം വിശ്രമിച്ചു മടുക്കുന്നു!
1594251
Wednesday, September 24, 2025 6:39 AM IST
അടിമാലി: അടിമാലി വാളറയില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള വഴിയോര വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. വാളറ ടൗണിനു സമീപം ദേശീയപാത 85ന് അരികിലാണ് വിശ്രമകേന്ദ്രമുള്ളത്. 1987 ഫെബ്രുവരി 27നാണ് വാളറയില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്.
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴിമധ്യേ താമസിക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
എന്നാല്‍, വര്‍ഷം പലതു പിന്നിടുമ്പോഴും ഈ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിട, സ്ഥല സൗകര്യങ്ങള്‍ ഇനിയും ടൂറിസം വകുപ്പ് വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല. മുമ്പ് സ്വകാര്യവ്യക്തികള്‍ക്കു കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്കു നല്‍കിയായിരുന്നു ഈ കേന്ദ്രം. നിലവില്‍ കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. കെട്ടിടവും പരിസരപ്രദേശങ്ങളും കാടുകയറി മൂടിയിരിക്കുകയുമാണ്. പരിപാലനമില്ലാതെ കിടന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിട്ടുള്ള കെട്ടിടം ക്രമേണ നാശത്തിലേക്കു കൂപ്പുകുത്തും.
ടൂറിസം വകുപ്പ് നേരിട്ട് നടത്തിയാല്‍പോലും വരുമാനമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണിങ്ങനെ കാടുകയറി നശിക്കുന്നത്.