മൂലമറ്റം -കളമശേരി 220 കെവി ലൈൻ പൊട്ടിവീണു
1594466
Wednesday, September 24, 2025 11:36 PM IST
മൂലമറ്റം: അറക്കുളത്ത് 220 കെവി ടവർ ലൈൻ വൻ ശബ്ദത്തോടെ പൊട്ടിവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. അറക്കുളം ആലാനിക്കൽ - ഞരളംപുഴ റോഡിന് സമീപത്താണ്
മൂലമറ്റം - കളമശേരി 220 കെവി ലൈൻ പൊട്ടി വീണത്. ഈ സമയം ലൈനിനു സമീപം ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ടവർ ലൈൻ എൽടി ലൈനിലേക്കും വീണതിനാൽ നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ തകരാറിലായി.
ലൈനിലൂടെ അധിക വൈദ്യുതി പ്രവാഹമുണ്ടായതാണ് തകരാറിനിടയാക്കിയത്. ലൈൻ പൊട്ടിവീണ വിവരം വൈദ്യുതി ബോർഡിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് ലൈൻ ഓഫ് ചെയ്തതാണ് അപകടം ഒഴിവാകാൻ ഇടയാക്കിയത്. ഇൻസുലേഷനു തകരാർ സംഭവിച്ചതാണ് ലൈൻ പൊട്ടി വീഴാൻ കാരണമെന്നാണ് പ്രാഥമികവിവരം.
ഇതിനു മുന്പ് ഇവിടെയും ഇന്റർമീഡിയറ്റ് പ്രദേശത്തും ടവർ ലൈൻ പൊട്ടിവീഴുകയും നിരവധി പേരുടെ വൈദ്യുതി ഉപകരണങ്ങൾ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതും ഉപകരണങ്ങളുടെ കാലപ്പഴക്കവുമാണ് ലൈൻ പതിവായി പൊട്ടി വീഴാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.