ദേശീയപാത നിർമാണം: സത്യവാങ്മൂലം നൽകാത്തത് പ്രതിഷേധാർഹം: കേരള കോണ്ഗ്രസ്
1594702
Thursday, September 25, 2025 11:41 PM IST
അടിമാലി: ദേശീയപാത 85ന്റെ നിർമാണത്തിൽ സർക്കാർ സത്യവാങ്മൂലം നൽകാത്തത് ജനവഞ്ചനയാണെന്നു കേരള കോണ്ഗ്രസ് ഇരുന്പുപാലം മണ്ഡലം കണ്വൻഷൻ ചൂണ്ടിക്കാട്ടി. നിർമാണ പ്രവർത്തനങ്ങൾ മരവിപ്പിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഹൈക്കോടതി ഉത്തരവനുസരിച്ച് നേര്യമംഗലം മുതൽ വാളറവരെയുള്ള നിർമാണപ്രവർത്തനങ്ങൾ മരവിപ്പിക്കാൻ കാരണമായ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇന്നലെവരെ നൽകിയിട്ടില്ല.
കഴിഞ്ഞ 18നകം സത്യവാങ്മൂലം മാറ്റിനൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ഇത്തവണയും നൽകിയിട്ടില്ല. സത്യവാങ്മൂലം തിരുത്തി നൽകിയില്ലെങ്കിൽ നേരത്തേ നൽകിയതുപോലെ റോഡ് കടന്നുപോകുന്ന ഭാഗം വനമായി പരിഗണിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കേരള കോണ്ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൽദോസ് പുളിഞ്ചോട്ടിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കീച്ചേരിൽ, സംസ്ഥാന കമ്മിറ്റിയംഗം പി.വി. അഗസ്റ്റിൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ സി.പി.ഹസൻ എന്നിവർ പ്രസംഗിച്ചു. ജില്ലാക്കമ്മിറ്റിയംഗം കെ.ജെ. കുര്യൻ സ്വാഗതവും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാബു ജോസഫ് നന്ദിയും പറഞ്ഞു.