ഗുഡ് ബൈ, ഞങ്ങൾ വിട പറയുന്നു... ഉപ്പുകുന്നിലെ രണ്ടു സ്ഥാപനങ്ങൾ
1594252
Wednesday, September 24, 2025 6:39 AM IST
ഉടുന്പന്നൂർ: മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ടു സർക്കാർ സ്ഥാപനങ്ങൾ ഉപ്പുകുന്നിൽനിന്ന് പടിയിറങ്ങാൻ ഒരുങ്ങുന്നു. സർക്കാർ ഹോമിയോ ഡിസ്പെൻസറിയും വെറ്ററിനറി ആശുപത്രിയുമാണ് ഉപ്പുകുന്നിനോട് വിട പറയാനൊരുങ്ങുന്നത്. രണ്ടു സ്ഥാപനങ്ങളും മൂലേക്കാടിനു മാറ്റാനാണ് അധികൃതരുടെ ആലോചന. ആരെങ്കിലും സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയാറായാൽ മാത്രമേ സ്ഥാപനങ്ങൾ ഉപ്പുകുന്നിൽ നിലനിൽക്കൂ.
രണ്ടു സ്ഥാപനങ്ങൾക്കും സ്വന്തമായി കെട്ടിടം ഉണ്ടെങ്കിലും ഇവയ്ക്ക് മതിയായ സൗകര്യങ്ങൾ ഇല്ല. തീർത്തും പരിമിതമായ സൗകര്യങ്ങളിലാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം. ഹോമിയോ ആശുപത്രി നിലനിൽക്കുന്നത് പ്രകൃതി ദുരന്തസാധ്യതയുള്ള മേഖലയിലുമാണ്. ഇതിനാൽ രണ്ടു സ്ഥാപനങ്ങൾക്കും സൗകര്യപ്രദമായ കെട്ടിടം നിർമിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഉടുന്പന്നൂർ പഞ്ചായത്ത്.

ഉപ്പുകുന്നിൽ സ്ഥലം നൽകാൻ ആരും മുന്നോട്ടുവരാത്തതിനാൽ അധികം അകലെയല്ലാത്ത മൂലേക്കാടിന് ഇവ മാറ്റാനാണ് തീരുമാനം. എന്നാൽ ഉപ്പുകുന്നു ടൗണിൽ തന്നെ രണ്ടു സ്ഥാപനങ്ങളും നിലനിർത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടൗണിന്റെ വികസനത്തിന് സ്ഥാപനങ്ങൾ ഇവിടെ നിലനിൽക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.