മരത്തില്‍ കുടുങ്ങിയ തൊഴിലാളിക്ക് ഫയർഫോഴ്സ് രക്ഷകരായി
1593851
Monday, September 22, 2025 11:39 PM IST
നെടുങ്കണ്ടം: കൈയുടെ തോൾ ഇറങ്ങിയതിനെത്തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ നെടുങ്കണ്ടം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഉടുമ്പന്‍ചോല കല്ലുപാലത്ത് സ്വകാര്യ ഏലത്തോട്ടത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. മരത്തിൽ കയറി കൊപ്പ് ഇറക്കുകയായിരുന്ന മധ്യപ്രദേശ് സ്വദേശി ഗണേഷ് (42) ആണ് മരത്തില്‍ കുടുങ്ങിയത്.
മരത്തിന്റെ മുകളില്‍വച്ച് ഗണേഷിന്റെ തോള് ഇറങ്ങി ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും താഴെയിറങ്ങാന്‍ കഴിയാതെ ഇയാള്‍ ഒരു കൈകൊണ്ട് മരത്തില്‍ അള്ളിപ്പിടിച്ച് കിടക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ നെടുങ്കണ്ടം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. കയറും വലയും ഏണിയും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം സാഹസികമായാണ് ഗണേഷിനെ താഴെയിറക്കിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ ഫയര്‍ ഓഫീസര്‍ സുഭാഷ്, സാം മാത്യു, അനീഷ്, അനൂപ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.