നാശകാരിയായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1594262
Wednesday, September 24, 2025 6:39 AM IST
അടിമാലി: കൊന്നത്തടി മേഖലയിൽ നാളുകളായി നാശം വിതച്ച കാട്ടുപന്നിയെ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ വെടിവച്ചു കൊന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി കൊന്നത്തടി പഞ്ചായത്തിന്റെ വിവിധമേഖലകളില്‍ കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. കാട്ടുപന്നിശല്യം പ്രതിരോധിക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കെയാണ് മിഷന് വൈല്‍ഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിലൂടെ പ്രദേശത്ത് നാശം വരുത്തിയ കാട്ടുപന്നികളില്‍ ഒന്നിനെ വെടിവച്ചു കൊന്നത്.
ജനവാസമേഖലയില്‍ ഇറങ്ങി അതിക്രമം കാട്ടുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടറുടെ സാന്നിധ്യത്തില്‍ വെടിവയ്ക്കാമെന്ന 2022ലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പിന്തുടര്ന്നാണ് നടപടി. ഏകദേശം രണ്ടു വയസ് തോന്നിക്കുന്ന പെണ്പന്നിയെയാണ് വെടിവച്ചു കൊന്നത്. പഞ്ചായത്തിലെ അംഗീകൃത ഷൂട്ടര്‍ ജിജോ കുളങ്ങരയുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
കൊന്നത്തടി പഞ്ചായത്തിലെ കുരുവിളസിറ്റി ഭാഗത്ത് കാര്‍ഷിക മേഖലയില്‍ വിളനാശം വരുത്തിവന്നിരുന്ന കാട്ടുപന്നികളില്‍ ഒന്നിനെയാണ് വെടിവച്ചത്. പന്നിയുടെ ജഡം മറവുചെയ്തു.
വെടികൊണ്ട പന്നി ഏതാനും മീറ്റര്‍ ദൂരം ഓടി സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍നിന്നു പുറത്തെടുത്താണ് ജഡം മറവുചെയ്തത്.
വനംവകുപ്പ് 16 മുതല്‍ ഒക്ടോബര്‍ 30 വരെ നടത്തുന്ന വന്യമൃഗ ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തില്‍നിന്നു ഹെല്‍പ്പ് ഡെസ്ക്കുകള്‍ മുഖേന കാട്ടുപന്നി ശല്യത്തിനെതിരായ പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളുടെകൂടി അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ നടപടി.