ഇതാണോ ശുചിത്വ നഗരം..?
1582299
Friday, August 8, 2025 6:49 AM IST
കൊല്ലം:മാലിന്യമുക്ത പദവിയുടെ തിളക്കത്തിലാണ് ജില്ല. ശുചിത്വ നഗരം, സമ്പൂർണ മാലിന്യമുക്ത കോർപറേഷൻ എന്നിങ്ങനെ ബഹുമതികൾ സ്വന്തമാക്കുമ്പോഴും നഗരത്തിൽ മാലിന്യമല രൂപപ്പെടുന്നതിൽ മാറ്റമൊന്നുമില്ല. പദവികൾ വെറും പൊങ്ങച്ചത്തിന്റെ കിരീടമായി മാത്രം മാറുകയാണ്.
വഴിയിലിറങ്ങി ഒന്നു നടന്നു നോക്കുന്പോഴാണ് മാലിന്യത്തിന്റെ കാഠിന്യം മനസിലാകുന്നത്. റോഡുകളിൽ പ്ലാസ്റ്റിക് സഞ്ചികളിൽ ആർക്കോ സമ്മാനം കൊടുക്കാൻ എന്ന നിലയിൽ നടപ്പാതയിൽ തള്ളിയിട്ടു ഒന്നും അറിയാത്തതുപോലെ നടന്നു പോകുന്നവരും വാഹനത്തിൽവന്നു റോഡിലേക്കു വലിച്ചെറിയുന്നതും നിത്യസംഭവമായിട്ടുണ്ട്.
ഇതെല്ലാം ചെയ്യുന്നവർക്കു മനസിനു വല്ലാത്ത സുഖം ലഭിക്കുന്നുണ്ട്. സ്വന്തം അടുക്കളയിൽനിന്നും മാലിന്യം അയൽവാസിയുടെ പുരയിടത്തിലേക്കും റോഡിലേക്കും വലിച്ചെറിയുന്പോൾ കിട്ടുന്ന സുഖം പലരും അനുഭവിക്കുന്നുണ്ട്.
നഗരത്തിലും ബീച്ചിലും ഹാർബർ മേഖലകളിലും പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു സമീപവും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ബൈപ്പാസ് റോഡിലും നിറഞ്ഞുകിടക്കുകയാണ്. ഇതെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.
ഇതിലും കൂടുതലാണ് മറ്റു പ്രദേശങ്ങളിലുള്ളത്. ചുറ്റുമൊന്നു കണ്ണോടിച്ചാൽ മാലിന്യ കൂന്പാരം. മാലിന്യം വലിച്ചെറിയുന്നവരുടെ നാടായി കൊല്ലം മാറുകയാണ്. സ്വന്തം വീടുകളിൽനിന്നും മനോഹരമായ കവറുകളിൽ കൊണ്ടുവന്നു റോഡരികിൽ നിക്ഷേപിച്ചിട്ടു കടന്നുപോകുന്നവഴിയാത്രക്കാരും വാഹനയാത്രക്കാരുമുള്ള നാടാണ് കൊല്ലം.
പ്ലാസ്റ്റിക്, ആഹാരാവശിഷ്ടങ്ങൾ, ക്ലോത്ത് വേസ്റ്റ്, മദ്യകുപ്പികൾ, ടയറുകൾ എന്നിങ്ങനെ മാലിന്യമാണ് വലിച്ചെറിഞ്ഞിരിക്കുന്നത്. കൊല്ലം ബീച്ചിലും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന ഭാഗത്തായാണ് ഏറ്റവും കൂടുതൽ മാലിന്യം തള്ളിയിരിക്കുന്നത്. ഗാർഹിക മാലിന്യത്തിനു പുറമേ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും വലിച്ചെറിഞ്ഞിട്ടുണ്ട്.
ബീച്ചിലെത്തുന്ന സന്ദർശകരും പ്ലാസ്റ്റിക് വലിച്ചെറിയുന്നതിൽ പിന്നിലല്ല. ജലകേളിക്കു സമീപത്തായുള്ള ജൈവമാലിന്യസംസ്കരണ പ്ലാന്റും( തുമ്പൂർമുഴി മാതൃക) കാടുകയറിയ നിലയിലാണ്. കൊല്ലം തോട്ടിലേക്കും കൊല്ലം തോടിന്റെ വശങ്ങളിലേക്കും മാലിന്യം തള്ളുന്നതു പതിവായിരിക്കുകയാണ്. ആഹാരവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
വലിച്ചെറിയുന്നവരെ കണ്ടെത്തണം
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സംവിധാനമൊരുക്കുന്ന നാട്ടുകാരും സ്ഥാപനങ്ങളുമുണ്ട്. മാലിന്യവാഹനങ്ങളുമായി എത്തുന്നവരെ പിടികൂടാൻ യുവാക്കൾ രംഗത്തിറങ്ങുന്ന സ്ഥലങ്ങളുണ്ട്.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ തെക്കേവിള ഡിവിഷനിലെ കച്ചിക്കടവിൽ ഏറ്റെടുത്ത സ്ഥലത്ത് ഇരുട്ടിന്റെ മറവിൽ തള്ളിയതു കിലോക്കണക്കിന് മാലിന്യമാണെങ്കിലും സംഘത്തെ പിടികൂടാൻ സാധിച്ചതും വാർത്തയായിരുന്നു.കോർപറേഷൻ ആരോഗ്യ വിഭാഗം 5000 രൂപ പിഴയും നൽകി.
വല്ലയിലെ ഒരു സ്ഥാപനത്തിലെ മാലിന്യമാണ് ഇവിടെ തള്ളിയത്. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പഴയ വാഹന ആക്സസറികൾ,കടലാസുകൾ എന്നിങ്ങനെ പലതരത്തിലുളള മാലിന്യമാണ് വലിച്ചെറിഞ്ഞിരുന്നത്.
കൗൺസിലറും സർവകലാശാല അധികൃതരും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നു കിട്ടിയ കൊറിയർ പാക്കറ്റിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിയാൻ സാധിച്ചത്. ഇവരെ പിടികൂടി. ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ മാലിന്യവുമായി ഇറങ്ങുന്നവർ എല്ലാ നാട്ടിലുമുണ്ട് .
സ്വയം ചിന്തിക്കുക
പല്ലിൽകുത്തി നാറ്റിക്കുന്നതുപോലെയാണ് ഇതെല്ലാം. സ്വന്തം പുരയിടത്തിലെ മാലിന്യം വലിച്ചെറിയാൻ പൊതുവഴി തെരഞ്ഞെടുക്കുന്നവരുടെ മനസിന്റെ അവസ്ഥയൊന്ന് ഓർത്തുനോക്കിക്കേ.
തന്റെ വീട്ടിലെ അവിശിഷ്ടമെല്ലാം അയൽവാസിയുടെ വീടിനുമുന്നിലേക്ക് വലിച്ചെറിയണമോ എന്നു ചിന്തിക്കണം. എല്ലാവരും സ്വയമായി ഇതിനെതിരേ പ്രവർത്തിച്ചാൽ നാട്ടിൽ മാലിന്യപ്രശ്നമുണ്ടാകില്ല.
തെരുവുനായ്ക്കളുടെ ഉപദ്രവവും സംഭവിക്കില്ല. ധൈര്യമായി മൂക്കുപൊത്താതെ റോഡിലൂടെ നമുക്ക് നടക്കാം. അപ്പോൾ നഗരം മനോഹരമാകും. നമുക്ക് അഭിമാനത്തോടെ ജീവിക്കാം.