വൈവിധ്യവത്കരണ പാതയില്‍ ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് : ആദ്യഘട്ട പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്
1593764
Monday, September 22, 2025 6:33 AM IST
അഞ്ചല്‍ : വൈവിധ്യവത്കരണ പാതയിലാണ് ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്. വിവിധങ്ങളായ പദ്ധതികള്‍ക്ക് പുറമെ ജൈവ പച്ചക്കറി കൃഷി മേഖലയില്‍ക്കൂടി കാല്‍വയ്പ്പ് നടത്തുകയാണിപ്പോള്‍. ഇതിലൂടെ കാര്‍ഷിക മുന്നേറ്റത്തിന് പുത്തന്‍ മാതൃക സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഓയില്‍പാം മാനേജ്മെന്റ്. കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ കണ്ടഞ്ചിറ തോട്ടത്തിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പയർ, കുക്കുംബർ, പച്ചമുളക്, കത്തിരി, തക്കാളി, വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്തത്. പ്രത്യേക പോളീ ഹൗസ് നിര്‍മിച്ചുകൊണ്ടാണ് കൃഷിനടത്തിവരുന്നത്. കൃഷിയുടെ പരിപാലനത്തിനായി പരിശീലനം നല്കിയ തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് മുന്നോട്ടുള്ള പ്രയാണം.
ആദ്യഘട്ടത്തില്‍ നൂറുമേനി വിളവ് ലഭിച്ചതിന്റെ ആത്മവിശ്വത്തിലാണ് ഇപ്പോള്‍ മാനേജ്മെന്റ്.
പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ ആദ്യ വില്പന നടത്തി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പദ്ധതി വിജയകരമായാൽ ഓയിൽ പാം തോട്ടങ്ങൾക്കുള്ളിൽ ഇടവിളയായി പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.
കാർഷിക മേഖലയിലെ പുത്തൻ പരീക്ഷണങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീനിയർ മാനേജർ ജെയിംസ് പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്റ്റേറ്റ് മാനേജർമാരായ ജെ. സന്തോഷ്കുമാർ, കെ.ആർ. കൃഷ്ണകുമാർ, എസ്. താജുദീൻ, ബ്രിജിത്ത് കുമാർ എന്നിവരും എസ്റ്റേറ്റ് തൊഴിലാളികളും ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു