പിക്കപ്പ് വാൻ തട്ടിയെടുത്തയാളെ വാഹന ഉടമ കണ്ടെത്തി
1594268
Wednesday, September 24, 2025 6:40 AM IST
കൊല്ലം: ഇതു പോലീസിന്റെ വിജയഗാഥയല്ല. പകരം മോഷ്ടിക്കപ്പെട്ട പിക്കപ്പ് വാൻ കണ്ടെത്താൻ വേണ്ടി പിന്നാലെ അലഞ്ഞ വാഹനമുടമയുടെ കഥയാണ്. അർധരാത്രിയിൽ നഷ്ടപ്പെട്ട വാഹനത്തെ കുറിച്ചു വിവരം അറിഞ്ഞ നിമിഷം മുതൽ പിന്നാലെ അന്വേഷിച്ചുനടന്ന വാഹനം ഉടമയ്ക്കു വാഹനവും കള്ളനെയും കണ്ടെത്താൻ കഴിഞ്ഞ കഥയാണിത്.
പോലീസിൽ പരാതി കൊടുത്തശേഷം സ്വന്തം നിലയിൽ അന്വേഷിച്ചു കള്ളൻ വാഹനവുമായി പോയ വഴിയിലൂടെ സഞ്ചരിച്ചു വാസസ്ഥലത്തെത്തി അവനെ പൊക്കി അതേ വാഹനത്തിൽ തിരിച്ചെത്തിച്ചതും വാഹനമുടമയാണ്.
കൊല്ലം നഗരത്തിൽ ഗ്യാസ് ഏജൻസി നടത്തുന്ന ശിവഗ്യാസ് ഉടമ വിനായകനാണ് താരം.
മുണ്ടയ്ക്കൽ തുമ്പറ മാർക്കറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ കഴിഞ്ഞദിവസം രാത്രി പേരൂർക്കട സ്വദേശി അക്ഷയ് കടത്തി കൊണ്ടുപോയത്. 17 കാലി ഗ്യാസ് സിലിണ്ടർ വാഹനത്തിലുണ്ടായിരുന്നു. ആക്രികച്ചവടത്തിന് എന്ന വ്യാജേനയാണ് അക്ഷയ് വാഹനമോഷണത്തിനെത്തിയത്. ഒരാഴ്ചയായി ഇയാൾ കറങ്ങി തിരിയുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച വാഹനം നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ വിനായകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു. നാട്ടിലെ സർവ കാമറകളും പരിശോധിച്ചു.
ഇതിൽ നിന്നാണ് വാഹനവുമായി കടന്നു കളഞ്ഞയാളെ കണ്ടെത്തിയത്. വൈകുന്നേരത്തോടെ തെങ്കാശിയിൽ നിന്നും ഒരു യുവാവിന്റെ ഫോൺവിളി എത്തി. അവിടെ വാഹനം കൊണ്ടുവന്നയാളുടെ ഫോട്ടോ ഇട്ടുതരാൻ ആവശ്യപ്പെട്ടു.
ഫോട്ടോ കണ്ടപ്പോഴാണ് അക്രിക്കാരനെ മനസിലായത്. വാഹനം പൊളിക്കാൻ കിട്ടിയപ്പോൾ സംശയം തോന്നി വാഹനത്തിലുള്ള ഫോണിൽ വിളിച്ചതായിരുന്നു ഇയാൾ. പൊളിക്കാൻ എടുക്കുന്ന സ്ഥാപനത്തിലെ ആളായിരുന്നു ഇത്.
ഇതു കേട്ടതോടെ തെങ്കാശിയിലേക്കു സുഹൃത്തുക്കളുമായി പുറപ്പെട്ടു. തെങ്കാശിയിൽവച്ചു രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സംഘം പിൻതുടർന്ന് പിടികൂടി. ഇതി നായി തെങ്കാശി പോലീസിന്റെ സഹായവും തേടി.
തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത ശേ ഷം കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. എന്റെ ഉപജീവനമാർഗമായ വാഹനം നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് വിനായകൻ ദീപികയോട് പറഞ്ഞു.