യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി അറസ്റ്റിൽ
1593997
Tuesday, September 23, 2025 6:04 AM IST
കൊല്ലം :മുൻ വിരോധം കാരണം യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നീണ്ടകര പന്നയ്ക്കൽ തുരുത്തിൽ വടക്കേയറ്റത്ത് വീട്ടിൽ അമ്മാച്ചൻ രതീഷ് എന്ന രതീഷ്(42) ആണ് ചവറ പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയും കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമ പ്രകാരം നടപടിക്ക് വിധേയനായിട്ടുമുള്ള ആളാണ് ഇയാൾ.
നീണ്ടകര, പന്നയ്ക്കൽ തുരുത്തിൽ, രാജേഷ് ഭവനിൽ രാജേഷിനെയാണ് ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ രതീഷും ഇയാളുടെ ഭാര്യാ സഹോദരനും തമ്മിൽ മുന്പ് തർക്കം ഉണ്ടായപ്പോൾ രാജേഷ് അതിൽ ഇടപെട്ടു എന്നതാണ് ഇയാൾക്ക് രാജേഷുമായി വിരോധമുണ്ടാവാൻ കാരണം.
ഈ വിരോധം കാരണം കഴിഞ്ഞദിവസം രാവിലെ 10ന് നീണ്ടകര പന്നയ്ക്കൽ തുരുത്തിൽ വച്ച് പ്രതിയായ രതീഷ് രാജേഷിനെ ചീത്ത വിളിച്ചുകൊണ്ട് മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മർദനത്തിൽ സാരമായി പരിക്കേറ്റ രാജേഷ് ചവറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് സ്റ്റേഷന്റെ ചാർജ് വഹിക്കുന്ന തെക്കുംഭാഗം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.