മുക്ത്യോദയം പുതിയ മാനങ്ങളിലേക്ക്...
1593766
Monday, September 22, 2025 6:33 AM IST
കൊല്ലം: കടന്നുപോയ ഒട്ടേറെ വീഥികളിൽ നിന്നും കണ്ടെത്തിയതും നിരവധി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിന് നിറം പകരുവാൻ പരിശ്രമിച്ചു വരുന്ന യുവതി യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ മുൻ കൈയെടുത്ത് നടത്തി വരുന്ന മുക്ത്യോദയം (ബ്രേവ് ഹേർട്സ്) വ്യത്യസ്തതകൾ കൊണ്ട് പുതിയ മാനങ്ങളിലേക്ക്.
ലഹരിവ്യാപനത്തിനെതിരേ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൊല്ലം സിറ്റി പോലീസ് നടപ്പാക്കുന്ന ‘മുക്ത്യോദയം’ കർമപദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലേയും വിദ്യാലയങ്ങളിലെയും 24 കുട്ടികളുമായി പോലീസ് കമ്മീഷണർ സംവാദം നടത്തുകയായിരുന്നു.
മുക്ത്യോദയ ഭാഗമായി ജില്ലാ പോലീസ് മേധാവി കുട്ടികളുടെ ഹൃദയം തൊട്ടറിയാനാണ് ശ്രമിച്ചത്. കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ അഭിപ്രായങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കാനും ആണ് കിരൺ നാരായണൻ ശ്രമിച്ചത്. ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥക്കപ്പുറം കുട്ടികളെ നെഞ്ചോട് ചേർത്ത് അവരിൽ മാനസികാരോഗ്യ, വ്യക്തിത്വ വികസനത്തിനുള്ള ശ്രമമാണ് അവർ ബ്രേവ് ഹേർട്സ് കൂട്ടായ്മയിലൂടെ നടത്തി വരുന്നത്.
കുട്ടികൾ തമ്മിൽ പരസ്പരം പരിചയപ്പെട്ട ശേഷം അവരുടെ വാസനകളും കഴിവുകളും അവർ ജില്ലാ പോലീസ് മേധാവിയോട് പറയുകയായിരുന്നു. കിരൺ നാരായണൻ അപ്പോൾ അവർക്കൊപ്പം ഒരാളായി മാറി. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക, കുട്ടികളുടെ കഴിവുകളിലും വ്യക്തിത്വത്തിലും അവർക്ക് സ്വയം വിശ്വാസമുണ്ടാക്കാൻ ഉപകരിക്കും വിധം ഭയം കൂടാതെ ആശയവിനിമയം നടത്താനും, പൊതുവിടങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരെ പ്രാപ്തരാക്കാനും വേണ്ട മർഗനിർദേശങ്ങൾ ജില്ലാ പോലീസ് മേധാവി അവർക്ക് നൽകി.
തങ്ങൾ ആരാണോ അതിനെ ബഹുമാനിക്കാനും, അനാരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുമായി കിരൺ നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. മുക്ത്യോദയം സൂചിപ്പിക്കുന്നത്, മോചനം (മുക്തി) നേടുക അല്ലെങ്കിൽ ഉദയം ചെയ്യുക എന്നാണ്. ഭയങ്ങളിൽ നിന്നും ആത്മവിശ്വാസമില്ലായ്മയിൽ നിന്നും കുട്ടികളെ മോചിപ്പിച്ച്, ശക്തമായ ഒരു വ്യക്തിത്വത്തിലേക്ക് അവരെ ഉയർത്തി കൊണ്ടുവരാൻ കിരൺ നാരായണൻ നടത്തുന്ന നീക്കങ്ങൾ പോലീസ് സേനയിൽ തന്നെ ശ്രദ്ധ നേടുകയാണ്.
പോലീസ് മേധാവിയുടെ ഈ ഇടപെടൽ, കുട്ടികളുടെ സുരക്ഷയും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള ഒരു നല്ല മാതൃകയാവുകയാണ്. കുട്ടികളെ നിയമപാലകരുമായി കൂടുതൽ അടുപ്പിക്കാനും അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ മടിയില്ലാതെ പോലീസിനെ സമീപിക്കാൻ ഇടവരുത്താനും ബ്രേവ് ഹേർട്സ് വഴിയൊരുക്കും. കുട്ടികൾക്കൊപ്പം വന്ന മാതാപിതാക്കളോടും സംവാദം നടത്താൻ കിരൺ നാരായണൻ മറന്നില്ല.