‘മാ കെയർ’ പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കം
1594269
Wednesday, September 24, 2025 6:40 AM IST
കരുനാഗപ്പള്ളി : വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന മാ കെയർ പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി.
കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷീബ അധ്യക്ഷയായി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ റെജി ഫോട്ടോപാർക്ക്, വാർഡ് കൗൺസിലർ രമ്യ സുനിൽ, പിടിഎ പ്രസിഡന്റ് സനോജ്, പ്രഥമാധ്യാപിക മീര ബി.നായർ, കെ എസ് പുരം സുധീർ,രാധിക തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ തന്നെ സ്റ്റോറുകൾ തുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാർഥികൾ, അധ്യാപകർ എന്നിവരുൾപ്പെടെയുള്ളവർക്ക് ഇവിടെ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും.കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് മാ കെയർ പദ്ധതി നടപ്പാക്കുക.
പദ്ധതി ആരംഭിക്കുന്നതു വഴി ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ സ്കൂളിൽ നിന്നും പുറത്തു പോകുന്നത് ഒഴിവാക്കാന ും അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.
കിയോസ്കുകൾ എന്ന പേരിട്ടിരിക്കുന്ന ഇത്തരം സ്റ്റോറുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സിഡിഎസിന്റെ പിന്തുണയോടെ കണ്ടെത്തും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ ഇവർക്ക് പരിശീലനം നൽകും. കമ്യൂണിറ്റി എനർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.