മുൻ മന്ത്രി സി.വി. പത്മരാജന് പൂർണ ഔദ്യോഗിക ബഹുമതി നൽകിയില്ലെന്ന് : വിവാദം കത്തുന്നു
1594264
Wednesday, September 24, 2025 6:40 AM IST
കൊല്ലം: മാസങ്ങൾക്കു മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകിയില്ലെന്ന വിവരം പുറത്തുവന്നതോടെ വിവാദം കത്തുന്നു.
കോൺഗ്രസ് നേതാക്കൾ പ്രസ്താവനകളുമായി രംഗത്തിറങ്ങി. കോൺഗ്രസ് ജില്ലാ നേതൃത്വവും സംസ്ഥാനനേതൃത്വവും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്.
ഇടക്കാലത്തു മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി നൽകാൻ മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്നാണ് വിവാദമായിരിക്കുന്നത്.
ഭരണഘടനാ പദവികളോ മറ്റ് ഉന്നത പദവികളോ വഹിച്ചിരുന്നവർ അന്തരിക്കുമ്പോൾ അന്തിമോപചാരമായി ഔദ്യോഗിക ബഹുമതികളും പുറമേ ആചാരവെടിയും നൽകാറുണ്ട്.
ഇതിനു മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം വേണം. ആചാരവെടി മുഴക്കിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ബോധപൂർവമായ അവഗണന: ഡിസിസി പ്രസിഡന്റ്
സി.വി. പത്മരാജന്റെ മരണാനന്തര ചടങ്ങ് പൂർണ ഔദ്യോഗിക ബഹുമതി നൽകാതിരുന്നത് ഒന്നുകിൽ സർക്കാരിന്റെ കെടുകാര്യസ്ഥത അല്ലെങ്കിൽ ബോധപൂർവമായ അവഗണനയെ ന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്.
കെപിസിസി പ്രസിഡന്റായും രണ്ട് മന്ത്രിസഭകളിലായി വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ളയാളും കെ. കരുണാകരൻ അപകടത്തിൽപ്പെട്ട് ചികിത്സയ്ക്കു വിദേശത്തു പോയപ്പോൾ മുഖ്യമന്ത്രിയുടെ ചാർജ് വഹിച്ചിട്ടുള്ളയാളുമായ സി.വി. പത്മരാജന്റെ മരണാനന്തര ചടങ്ങുകൾക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകാതിരുന്നത് തികച്ചും പ്രതിഷേധാർഹമാണ്.
താൻ ഏറ്റെടുത്തിട്ടുള്ള മുഴുവൻ സ്ഥാനങ്ങളും തികഞ്ഞ പ്രാഗൽഭ്യത്തോടെയും ഉത്തരവാദിത്തബോധത്തോടും കൈകാര്യം ചെയ്ത ഒരു പൊതു പ്രവർത്തകൻ അർഹിക്കുന്ന അംഗീകാരം നൽകുന്നതിൽ മുഖ്യമന്ത്രിയും സംസ്ഥാന ഗവൺമെന്റും കാട്ടിയ നിരുത്തരവാദപരമായ നിലപാടുകളിൽ ശക്തമായ പ്രതിഷേധം ജില്ലാ കോൺഗ്രസ് കമ്മിറ്റി രേഖപ്പെടുത്തി.
ബഹുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്്ട്രീയ വേർതിരിവ്: അഡ്വ. ബിന്ദു കൃഷ്ണ
മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാൻ സർക്കാർ വിസമ്മതിച്ചതിനു പിന്നിൽ രാഷ്ട്രീയമെന്നു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ആരോപിച്ചു. ആക്ടിംഗ് മുഖ്യമന്ത്രി പദവി വഹിച്ചിരുന്ന, എതിരാളികൾ പോലും ആദരിച്ചിരുന്ന സൗമ്യനുമായ മുതിർന്ന നേതാവ് സി.വി. പത്മരാജൻ അർഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകാത്തത് മര്യാദകേടും അനാദരവുമാണെന്ന് അഡ്വ. ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
ഗാർഡ് ഓഫ് ഓണറിനൊപ്പം ആചാരവെടി മുഴക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പെർമിഷൻ നിഷേധിച്ചത് കൊണ്ടാണ് സി.വി പത്മരാജന് പൂർണ ഔദ്യോഗിക ബഹുമതി നൽകി യാത്രയയക്കാൻ സാധിക്കാതിരുന്നതെന്നും അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.