യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടുപേർ പിടിയിൽ
1594003
Tuesday, September 23, 2025 6:04 AM IST
അഞ്ചൽ: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ബന്ധുവായ പെണ്‍കുട്ടിയെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്ത യുവാവിനെയും സുഹൃത്തിനേയും വാള് ഉപയോഗിച്ചു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കോക്കാട് കൊല്ലോണത്ത് പടിഞ്ഞാറ്റിൻകരയില്‍ സുനീഷ് (25), കോക്കാട് വാഴവിള പടിഞ്ഞാറ്റേതിൽ ജിത്തു എന്നുവിളിക്കുന്ന ജയദീപ് (25) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇക്കഴിഞ്ഞ 18ന് ചക്കുവരക്കല്‍ സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ മഹേന്ദ്രന്, സുഹൃത്ത് ശ്രീതു എന്നിവരെയാണ് പ്രതികള്‍ വാള് ഉപയോഗിച്ച് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീതു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മഹേന്ദ്രന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെയെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കയും പ്രതികളെ പിടികൂടുകയും ചെയ്തത്.
പെണ്‍കുട്ടിയെ ശല്യം ചെയ്തതും രണ്ടാം പ്രതിയുടെ മാതാവിനോട് വിവരം പറയുകയും ചെയ്തുവെന്ന വൈരാഗ്യത്താലാണ് പ്രതികള്‍ ചക്കുവരക്കലില് വിളിച്ച് വരുത്തി ആക്രമിച്ചതെന്നു പോലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ അഞ്ചൽ പോലീസ് കോക്കാട് ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനും വൈദ്യ പരിശോധനയ്ക്കും ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ഹരീഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പ്രജീഷ്കുമാര്, രാജശേഖരന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ചിന്തു, വിനോദ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.