ആക്രി പെറുക്കാൻ വന്നയാൾ പിക്കപ്പ് വാനുമായി തെങ്കാശിയിലേക്ക് കടന്നു
1594000
Tuesday, September 23, 2025 6:04 AM IST
കൊല്ലം: ആക്രിപെറുക്കാരൻ എന്ന വ്യാജേന എത്തിയ ആൾ ഗ്യാസ് ഏജൻസിയുടെ പിക്കപ്പ് വാൻ തെങ്കാശിയിലേക്ക് കടത്തി. നിലവിൽവാഹനം തെങ്കാശിയിലാണ്.
മുണ്ടയ്ക്കൽ തുന്പറ മാർക്കറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ കഴിഞ്ഞദിവസം രാത്രിയിലാണ് കടത്തിയത്. 17 കാലി ഗ്യാസ് കുറ്റിയും വാഹനത്തിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ശിവ ഗ്യാസ് ഏജൻസി ഉടമ വിനായകൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ തെങ്കാശി പാവുച്ചത്രയിൽ നിന്നും ഫോൺ വന്നപ്പോഴാണ് വാഹനം തെങ്കാശിയിലുണ്ടെന്നറിയുന്നത്.
വാഹനം വിൽക്കാൻ കൊണ്ടുവന്നപ്പോൾ സംശയംതോന്നിയ തെങ്കാശിസ്വദേശിയാണ് വാഹനത്തിലുള്ള ഫോൺ നന്പരിൽ വിളിച്ചത്. ഇതിനിടയിൽ നാട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് ആക്രിക്കാരനെ കണ്ടതായ് പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആക്രിപെറുക്കുകാരൻ ഇവിടെയുണ്ടായിരുന്നു. ഇതിനിടയിൽ തെങ്കാശി സ്വദേശി അയച്ചുതന്നതും ഈആക്രിക്കാരന്റെ ചിത്രമാണ്. നഷ്ടപ്പെട്ട വാഹനം തിരിച്ചെടുക്കാൻ വാഹനമുടമ തെങ്കാശിയിലേക്ക് പോയിരിക്കുക യാണ്.