യൂണിറ്റി മാൾ കേരളത്തിലും; ഉദ്ഘാടനം ഫെബ്രുവരിയിൽ
1594267
Wednesday, September 24, 2025 6:40 AM IST
കൊല്ലം: പരമ്പരാഗത ഉത്പന്നങ്ങളും ജിഐ ടാഗ് ചെയ്ത വസ്തുക്കളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ യൂണിറ്റി (ഏകതാ) മാൾ കേരളത്തിലും.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളെ (എംഎസ്എംഇ ) പിന്തുണയ്ക്കുന്നതിനും കരകൗശല വിദഗ്ധർക്ക് വിപണി കണ്ടെത്തുന്നതിനുമുള്ള മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
2026 ഫെബ്രുവരിയിൽ മാൾ പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2.5 ഏക്കറിൽ 1.9 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ നിർമിക്കുന്നത്. 120 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. നിർമാണ പ്രവർത്തികളുടെ 65 ശതമാനം പൂർത്തിയായി.കേരളത്തിന്റെ തനതായ കയർ, കൈത്തറി, കരകൗശലം തുടങ്ങിയ പ്രാദേശിക ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനുമായുള്ള കേന്ദ്രമായി മാൾ മാറുമെന്നാണ് പ്രതീക്ഷ.
‘ഒരു ജില്ല - ഒരു ഉത്പണം' എന്ന ബാനറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉത്പന്നങ്ങൾ പ്രദർശന വിപണനം നടത്തുന്നതിന് 50 സ്റ്റാളുകൾ മാളിൽ ഉണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനും മാളിൽ പ്രത്യേക ഇടം നൽകും.
ഇത് കൂടാതെ അതിവിശാലമായ റീട്ടയിൽ ഔട്ട് ലറ്റുകൾ, എക്സിബിഷൻ ഏരിയകൾ, 10000 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, 380 പേർക്ക് വീതം ഇരിക്കാവുന്ന രണ്ട് മൾട്ടിപ്ലക്സ് തിയേറ്ററുകൾ, ഇവൻ്റ് സോണുകൾ, ഗയിമിംഗ് സോൺ, 200 ൽ അധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഏരിയ എന്നിവയും മാളിന്റെെ ഭാഗമാണ്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യൂണിറ്റി മാളുകൾ ആരംഭിക്കുന്ന എന്നതാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി, ആദ്യമാൾ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതര സംസ്ഥാനങ്ങൾക്കെല്ലാം മാൾ ആരംഭിക്കുന്നതിന് പദ്ധതിയിൽ തുക അനുവദിച്ചിട്ടുമുണ്ട്.