കളി ഉപകരണങ്ങൾ നൽകി
1593767
Monday, September 22, 2025 6:33 AM IST
അഞ്ചല്‍ : ഇക്കഴിഞ്ഞ യൂണിയന് തെരഞ്ഞെടുപ്പില്‍ ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ മുന്നിലേക്കെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരോടും നേതാക്കളോടും കുട്ടികളില്‍ ചിലര്‍ തങ്ങള്‍ക്ക് കായിക ആവശ്യങ്ങള്‍ക്കുള്ള കളി ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്കിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മറ്റൊരുറപ്പ് കൂടി നല്കി. എസ്എഫ്ഐ നേതൃത്വം നല്കുന്ന യൂണിയന് വന്നാല്‍ അത്യാവശ്യമായി വേണ്ട കളി ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നായിരുന്നു ഉറപ്പ്. എന്തായാലും ഇപ്പോള്‍ യൂണിയന് വാക്ക് പാലിച്ചു.
ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, നെറ്റ്, വോളിബോള്‍, ഫുട്ബാള്‍, ക്രിക്കറ്റ് പന്തുകള്‍, ഗ്ലൗസുകളും കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിച്ചു .ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കളി ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.
പിടിഎ പ്രസിഡന്റ് എം .അജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഹാഷിം, യൂണിയൻ ജനറൽ സെക്രട്ടറി നിഹാന , വൈസ് ചെയർപേഴ്സൺ അൽ മറിയം, ബിൻഷാ, കായിക വേദി സെക്രട്ടറി അനുഷ്, അഭിമന്യു, ഐശ്വര്യ, നജുമാ, പ്രവണ്യ, സഫ്ന എന്നിവർ പ്രസംഗിച്ചു.