നിരപരാധിയുടെ വീട്ടിൽ പരിശോധന : എക്സൈസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1594002
Tuesday, September 23, 2025 6:04 AM IST
കൊല്ലം : ഏഴുകോൺ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറി പരിശോധന നടത്തി അപമാനിച്ചെന്ന പരാതിയിൽ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
പരാതിയെ കുറിച്ച് എക്സൈസ് കമ്മീഷണർ തലത്തിൽ അന്വേഷണം നടത്തണമെന്നും ഉത്തരവിൽ പറഞ്ഞു. കേസ് വീണ്ടും ഡിസംബറിൽ പരിഗണിക്കും. എഴുകോൺ സ്വദേശി വി. എസ്. ചന്ദ്രപ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2023 ഓഗസ്റ്റ് 26 നാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് 12 നു പരാതിക്കാരന്റെ വീട്ടിലെത്തിയ സംഘം വീട്ടിലേക്കു തള്ളികയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നു പരാതിയിൽ പറയുന്നു. പരാതിക്കാരൻ വീട്ടിലില്ലെന്നു പറഞ്ഞിട്ടും ഭാര്യയെയും മകളെയും അപമാനിച്ചതായും പരാതിയിലുണ്ട്.കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ലഹരി വസ്തുക്കളുടെ അനധികൃത വിൽപന തടയുന്നതിന്റെ ഭാഗമായി, ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്റെ വീട്ടിൽ പരിശോധന നടത്തിയതെന്നും ഇത്തരം പരിശോധനകളിൽ മാന്യമായി പെരുമാറാനും മനുഷ്യാവകാശ ലംഘനങ്ങൾ സംഭവിക്കാതിരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. രഹസ്യ വിവരം ലഭിക്കുമ്പോൾ വിശ്വാസ്യത ഉറപ്പാക്കിയിട്ട് മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂവെന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മുമ്പ് അബ്കാരി കേസിൽ പ്രതിയായ ഒരാൾ തനിക്കൊപ്പം താമസിക്കുന്നു എന്ന തെറ്റായ വസ്തുത എക്സൈസ് ഉദ്യോഗസ്ഥർ കമ്മീഷനു നൽകിയ റിപ്പോർട്ടിലുണ്ടെന്നു പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇയാൾ തന്റെ സമീപവാസി മാത്രമാണ്. തെറ്റായ റിപ്പോർട്ട് നൽകിയത് എക്സൈസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ വേണ്ടിയാണെന്നും പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരനെതിരെ തെറ്റായ വിവരം നൽകിയയാളെഎക്സൈസിന് അറിയാമെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
നാലോളം അബ്കാരി കേസുകളിൽ പ്രതിയായ വ്യക്തിയുമായുള്ള സഹകരണമാകാം പരാതിക്കാരനെതിരായ നടപടിക്കു പിന്നിലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ രഹസ്യ വിവരങ്ങളുടെയും വിശ്വാസ്യത പരിശോധിക്കപ്പെടേണ്ടതല്ലേ എന്നും ഉത്തരവിൽ ചോദിച്ചു.
പരാതിക്കാരനെതിരെ വ്യാജ വിവരം നൽകിയതിന്റെ അടിസ്ഥാനം ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതായിരുന്നു. പരാതിക്കാരന്റെ വീടിനുസമീപം പരാതിക്കാരനെ കുറിച്ചു മാന്യമായി അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു പരിശോധന ഒഴിവാക്കാമായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നും ഇത് അന്വേഷിക്കേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞു.